മലയാളി മറന്ന ”ഋ” വീണ്ടും ശക്തിപ്പെടുന്നു; ലോകം ഹിന്ദുവിനെ വാഴ്ത്തുന്ന കാലം വിദൂരമല്ല

0

മലയാളത്തിൽ അധികം ഉപയോ​ഗിക്കാത്ത അക്ഷരമാണ് ഋ. അക്ഷരമാല പഠിക്കുമ്പോൾ ഋഷി, ഋഷഭം എന്നീ വാക്കുകൾ പഠിക്കുന്നതോടെ ഋ എന്ന വാക്കിന്റെ പരിചയപ്പെ‌ടുത്തലും ഉപയോ​ഗവും കഴിയുന്നു. ആധുനിക കാലത്ത് എപ്പോഴെങ്കിലും ഋഷി എന്ന് ഉപയോ​ഗിച്ച് കണ്ടിട്ടുമില്ല. ഋഷിക്ക് പകരം സന്ന്യാസി എന്നും ഋഷഭത്തിന് പകരം കാളയെന്നും നാം പറയുകയും എഴുതുകയും ചെയ്യാറുണ്ട്. ഇനി അതിനുമപ്പുറം ഋ എന്ന ഉച്ചാരണം എവിടെയെങ്കിലും വേണ്ടിവന്നാൽ നാം റി എന്ന അക്ഷരം കൊണ്ടങ്ങ് അഡ്ജസ്റ്റ് ചെയ്യും. ഇപ്പോഴിതാ, ഋ എന്ന മലയാളം അക്ഷരം വീണ്ടും പ്രചാരത്തിലെത്തുകയാണ്. ഋഷി സുനക് എന്ന ഇന്ത്യൻ വംശജൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയായതോടെയാണ് ഋ എന്ന അക്ഷരം മാധ്യമങ്ങൾ പോലും വേണ്ടവിധം ഉപയോ​ഗിക്കുന്നത്. (പല മാധ്യമങ്ങളും റിഷി സുനക് എന്നാണ് എഴുതുന്നത് എന്നതും വിസ്മരിക്കുന്നില്ല.) ഋ എന്ന അക്ഷരത്തിന്റെ പുഷ്കല കാലം വന്നു എന്ന് പറയാനല്ല, മറിച്ച്, ഭാരതീയ ആചാരങ്ങളും വിശ്വാസങ്ങളും രാഷ്ട്രീയവും ലോകത്തിന്റെ ശ്ര​ദ്ധയിലേക്കെത്തിക്കാൻ ഋഷി സുനക് എന്ന ഹിന്ദുവിന് കഴിയുന്നു എന്നതാണ് ഇന്ത്യക്കാർക്ക് അഭിമാനിക്കാൻ വഴിയൊരുക്കുന്നത്.

നാലുമാസത്തിനിടയിൽ രണ്ട് ചക്രവർത്തിമാരെയും മൂന്ന് പ്രധാനമന്ത്രിമാരെയും നാല് ചാൻസിലർമാരെയും കണ്ട പഴയ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ പട്ടിണിയുടെ പടുകുഴിയിൽ നിന്നും രക്ഷിക്കാൻ ഋഷി സുനക് എന്ന ഹിന്ദുവിന് കഴിഞ്ഞാൽ, അത് ഹിന്ദുവിന്റെ കൂടി ഉയർത്തെഴുന്നേൽപ്പാകും. നമ്മുടെ മണ്ണിനെയും മനസ്സിനെയും വിശ്വാസത്തിനെയും വിഭജിച്ച വെള്ളക്കാരന്റെ മണ്ണിൽ നിന്നും ആ​ഗോള തലത്തിലേക്ക് ഹിന്ദു ഉയർന്നെഴുന്നേൽക്കും.

ബ്രിട്ടനിലെ സാമ്പത്തിക അവസ്ഥയെ മെച്ചപ്പെടുത്തുക എന്നത് അത്ര ലളിതമായ കാര്യമല്ല. ബോറിസ് ജോൺസണും ലിസ് ട്രസ്സും പരാജയപ്പെട്ടിടത്ത് വംശീയമായും മതപരമായും വിശ്വാസപരമായും ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കുന്ന ഋഷി സുനക് വിജയിച്ചാൽ അഭിമാനിക്കാൻ കഴിയുന്നത് ഇന്ത്യക്കും ഹിന്ദുവിനും കൂടിയാണ്. കാരണം, ജന്മംകൊണ്ട് ഇന്ത്യക്കാരനല്ലെങ്കിലും അടിമുടി ഹിന്ദുവാണ് ഋഷി സുനക്.

ലോകത്ത് മറ്റ് നാല് രാജ്യങ്ങളിൽ കൂടി ഇന്ത്യൻ വംശജർ ഭരിക്കുന്നുണ്ട്. പോർച്ചു​ഗൽ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റയും ​ഗയാനയുടെ പ്രസിഡന്റ് മുഹമ്മദ് ഇർഫാനും സൂരിനാം പ്രസിഡന്റ് ചന്ദ്രികാ പ്രസാദ് സന്തോഖിയും മൗറീഷ്യസ് പ്രസിഡന്റായ പൃഥ്വിരാജ്സിംഗ് രൂപനും പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നാഥും ഇന്ത്യൻ വംശജരാണ്. ഈ നാല് രാജ്യങ്ങൾക്കൊപ്പമല്ലെങ്കിലും അമേരിക്കയേയും വേണമെങ്കിൽ ഇന്ത്യൻ വംശജർ ഭരിക്കുന്ന രാജ്യത്തിന്റെ പട്ടികയിൽ കൂട്ടാം. അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരീസിന്റെയും വേരുകൾ ഇന്ത്യയിലാണ്.

മുകളിൽ പറഞ്ഞ അഞ്ച് രാജ്യങ്ങളുടെയും സ്ഥിതിയല്ല ബ്രിട്ടനിൽ. സാമ്പത്തികമായും രാഷ്ട്രീയമായും ബ്രിട്ടൻ നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ്. ക്രിസ്തുമതം ഔദ്യോ​ഗിക മതമായി അം​ഗീകരിക്കപ്പെട്ട രാജ്യം. രാജാവിനെ കിരീട ധാരണം നടത്തുന്നത് പോലും കാന്റർബറി ആർച്ച് ബിഷപ്പാണ് അവിടെ. ക്രിസ്തുമതത്തിന് അത്രയേറെ പ്രാധാന്യമുള്ള ഒരു രാജ്യത്താണ് ഹിന്ദുവാണ് എന്ന് പറയാൻ മടിയില്ലാത്ത, ​ഗോപൂജ പരസ്യമായി ചെയ്യാൻ തയ്യാറാകുന്ന ഒരാൾ പ്രധാനമന്ത്രിയായി എത്തുന്നത്.

ഒരു വാർഡിലേക്ക് മത്സരിക്കാൻ പോലും ജാതി – മത ഭൂരിപക്ഷം നോക്കുന്ന കേരളത്തിൽ നിന്നും ബ്രിട്ടനിലേക്ക് നോക്കുമ്പോഴാണ് അതിന്റെ അത്ഭുതം മനസ്സിലാകുക. പരസ്യമായി ക്ഷേത്രത്തിൽ പോകാൻ പോലും മടിക്കുന്ന, ചന്ദനക്കുറി അണിയാൻ ഭയക്കുന്ന കേരളത്തിലെ ഹിന്ദു രാഷ്ട്രീയ നേതാക്കൾക്ക് ഒരേസമയം അത്ഭുതവും പാഠപുസ്തകവുമാണ് ഋഷി സുനക്.

പ്രധാനമന്ത്രി എന്ന നിലയിൽ ഋഷി സുനകിന്റെ വിജയം കേരളത്തിലെ ഹിന്ദുക്കൾക്ക് തീർച്ചയായും ആത്മവിശ്വാസം നൽകും. ഹിന്ദു – ക്രൈസ്തവ ഐക്യത്തിനും ആ വിജയം കാരണമാകും. മോദി – ഋഷി സുനക് അച്ചുതണ്ട് രൂപപ്പെട്ടാൽ ലോക ശക്തികൾക്കിടയിൽ ഹൈന്ദവ സംഘ ശക്തി വലിയ സ്വാധീനം സൃഷ്ടിക്കും. ബ്രിട്ടനിലെ സാമ്പത്തിക – രാഷ്ട്രീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഋഷി സുനകിന് കഴിഞ്ഞാൽ, ഒരിക്കൽ ലോകം ജൂതന്മാരെ മിടുക്കരെന്ന് വിളിച്ചതുപോലെ ഹിന്ദുക്കളെയും സാമ്പത്തിക – രാഷ്ട്രീയ നിപുണതയുള്ളവർ എന്ന് വാഴ്ത്തും. അതുകൊണ്ട് തന്നെ ലോക ഹിന്ദുക്കളിലും കേരള രാഷ്ട്രീയത്തിലും പ്രധാനമന്ത്രിയെന്ന നിലയിലുള്ള ഋഷി സുനകിന്റെ ജയപരാജയങ്ങൾ വലിയ സ്വാധീനം ചെലുത്തും.

Leave a Reply