ചേർപ്പ് ഗ്രാമപഞ്ചായത്തിലെ പന്നി ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പന്നികളെ കൊന്ന് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് സംസ്‌കരിക്കേണ്ടതാണെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫിസർ

0

തൃശൂർ: ജില്ലയിലെ ചേർപ്പ് ഗ്രാമപഞ്ചായത്തിലെ പന്നി ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഫാമുകളിലെ പന്നികളെ കൊന്ന് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് സംസ്‌കരിക്കേണ്ടതാണെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫിസർ അറിയിച്ചു.

ജില്ലയിൽ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ റവന്യൂ വകുപ്പ് മന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ ജില്ലാ കലക്ടർ ഹരിത വി കുമാറിന്റെ ചേംബറിൽ ചേർന്ന യോഗം സ്ഥിതിഗതികൾ വിലയിരുത്തി.

സി.സി മുകുന്ദൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, ചേർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

വയനാട്, കണ്ണൂർ ജില്ലകളിൽ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ തൃശൂർ ജില്ലയിലും നിരീക്ഷണം ശക്തമാക്കിയിരുന്നു. ഭോപാലിലെ വൈറോളജി ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് ചേർപ്പ് പഞ്ചായത്തിലെ പന്നിഫാമിൽ രോഗം സ്ഥിരീകരിച്ചത്. ഈ ഫാമിന് 10 കിലോമീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന ഫാമുകളിലെ പന്നികളെ നിരീക്ഷണത്തിന് വിധേയമാക്കാനും തീരുമാനമായി. കൃത്യമായ ഇടവേളകളിൽ ഇവയുടെ രക്തം പരിശോധിക്കുന്നതിനും ആരോഗ്യം നിരീക്ഷിക്കുന്നതിനും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

രോഗബാധ കണ്ടെത്തിയ പ്രദേശത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ പന്നികൾ, പന്നി മാംസം, പന്നിത്തീറ്റ എന്നിവ വാങ്ങുന്നതിനും വിൽക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ലാ ജന്തുരോഗ നിയന്ത്രണ പദ്ധതി ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും സ്ഥാപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here