ഉല്ലാസ യാത്രക്ക് പുറപ്പെട്ടവരിൽ ആറുപേർ തിരികെ സ്കൂൾ മുറ്റത്തേക്ക് എത്തുക പ്രാണനറ്റ്; കണ്ണീരണിഞ്ഞ് വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനികേതന്‍

0

പാലക്കാട്: വടക്കാഞ്ചേരി കെ.എസ്.ആർ.ടി.സി.- ടൂറിസ്റ്റ് ബസ് അപകടത്തിൽ മരിച്ച അഞ്ച് വിദ്യാർത്ഥികളുടെയും കായികാധ്യാപകനറെയും മൃതദേഹങ്ങൾ ഒരുമിച്ച് സ്‌കൂളിലെത്തിച്ച ശേഷം പൊതുദർശനത്തിനു വെക്കും. അപകടത്തിൽ മരിച്ച ഒൻപതുപേരുടെയും ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. വിനോദയാത്രയ്ക്കു പോയ എറണാകുളം വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്‌കൂളിലെ വിദ്യാർഥികളാണ് മരിച്ചവരിൽ അഞ്ചുപേർ. മറ്റൊരാൾ ഈ സ്‌കൂളിലെ കായികാധ്യാപകൻ വിഷ്ണു (33) വാണ്.ഇമ്മാനുവൽ സി.എസ് (17) , എൽന ജോസ് (15), അഞ്ജന അജിത് (17), ദിയ രാജേഷ് (15), ക്രിസ് വിന്റർബോൺ തോമസ് (15) എന്നിവരാണ് മരിച്ച വിദ്യാർഥികൾ.

അഞ്ജന, ദിയ, ഇമ്മനുവൽ എന്നീ വിദ്യാർഥികളുടെ മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിലാണ് പോസ്റ്റ് മോർട്ടം ചെയ്തത്. മന്ത്രി എം.ബി. രാജേഷ്, പാലക്കാട് കളക്ടർ മൃൺമയി ജോഷി തുടങ്ങിയവർ സ്ഥലത്തെത്തി നടപടികൾക്ക് നേതൃത്വം നൽകുന്നുണ്ട്.എൽന, ക്രിസ്, വിഷ്ണു എന്നിവരുടെ മൃതദേഹങ്ങൾ ആലത്തൂരിലെ ആശുപത്രിയിലാണുള്ളത്.

ടൂറിസ്റ്റ് ബസ് കെ.എസ്.ആർ.ടി.സി. ബസിന് പിന്നിലേക്ക് ഇടിച്ചു കയറിയായിരുന്നു അപകടം. ടൂറിസ്റ്റ് ബസ് അപകട സമയത്ത് മണിക്കൂറിൽ 97.7 കിലോമീറ്റർ വേഗത്തിൽ ആയിരുന്നുവെന്ന് സ്ഥിരീകരണം വന്നിട്ടുണ്ട്. ടൂറിസ്റ്റ് ബസ്സുകൾക്ക് പരമാവധി 65 കി.മി വേഗം മാത്രമേ പാടുള്ളൂവെന്ന് നിയമം ഉള്ളപ്പോഴാണ് 97.7 കിലോമീറ്റർ വേഗത്തിൽ ബസ് ചീറിപ്പാഞ്ഞത്. പരിക്കേറ്റ 38 പേരിൽ നാലുപേരുടെ നില ഗുരുതരമാണെങ്കിലും അപകടകനില തരണം ചെയ്തിട്ടുണ്ട്.

മരിച്ച മറ്റു മൂന്നുപേർ കെ.എസ്.ആർ.ടി.സി. ബസിലെ യാത്രക്കാരാണ്. ദേശീയ ബാസ്‌കറ്റ് ബോൾ താരമായ രോഹിത് രാജും മരിച്ച കെ.എസ്.ആർ.ടി.സി. ബസിലെ യാത്രക്കാരിൽ ഉൾപ്പെടുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here