ഉമ്മന്‍ ചാണ്ടി ചികിത്സയ്‌ക്കായി ജര്‍മനിയിലേക്ക്‌

0


കൊച്ചി/കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിദഗ്‌ധ ചികിത്സയ്‌ക്കായി ഈ ആഴ്‌ച ജര്‍മനിയിലേക്ക്‌ പോകും. ബര്‍ലിനിലെ ചാരിറ്റി മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലാണു ചികില്‍സ. യൂറോപ്പിലെ ഏറ്റവും വലിയ മെഡിക്കല്‍ സര്‍വകലാശാലകളില്‍ ഒന്നാണ്‌ അത്‌. അദ്ദേഹത്തിന്റെ ചികിത്സാ ചെലവ്‌ കെ.പി.സി.സി വഹിക്കും. മക്കളായ ചാണ്ടി ഉമ്മനും മറിയ ഉമ്മനും അനുഗമിക്കും. തൊണ്ടയിലെ അസുഖം മൂലം ഉമ്മന്‍ ചാണ്ടി 2019ല്‍ അമേരിക്കയില്‍ ചികില്‍സ തേടിയിരുന്നു. ജര്‍മ്മനിക്ക്‌ പോകാനുള്ള വിസാ നടപടി പൂര്‍ത്തിയായെങ്കിലും ഡോക്‌ടറുടെ അപ്പോയിന്‍മെന്റ്‌ കിട്ടാത്തതുമൂലമാണ്‌ യാത്ര നീണ്ടത്‌. വ്യാഴാഴ്‌ചയ്‌ക്കു മുന്‍പ്‌ അദ്ദേഹം ജര്‍മനിയിലേക്കു പോകുമെന്നാണു റിപ്പോര്‍ട്ട്‌.
ഇതിനിടെ ജീവനു ഭീഷണി ഉണ്ടായിട്ടും കുടുംബാംഗങ്ങള്‍ അദ്ദേഹത്തിന്‌ വിദഗ്‌ധ ചികിത്സ നിഷേധിക്കുകയാണെന്ന്‌ ആരോപിച്ച്‌ സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ചികില്‍സ സംബന്ധിച്ച്‌ നടക്കുന്ന വ്യാജ പ്രചാരണങ്ങളില്‍ കുടുംബത്തിന്‌ ദുഃഖമുണ്ടെന്ന്‌ മകന്‍ ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. എന്നാല്‍, വിദേശത്തെ വിദഗ്‌ധ ചികില്‍സയ്‌ക്കായി ചീഫ്‌ സെക്രട്ടറി വി.പി. ജോയി ഉള്‍പ്പെടെ ശ്രമം നടത്തി വരുകയായിരുന്നു. ഇസ്രയേലില്‍ ചികിത്സയ്‌ക്കായി പോകാനും നിശ്‌ചയിച്ചിരുന്നു.
കഴിഞ്ഞ ദിവസം തുടര്‍ച്ചയായി ശബ്‌ദം നഷ്‌ടപ്പെട്ടതിനെ തുടര്‍ന്ന്‌ ഉമ്മന്‍ ചാണ്ടിയെ ആലുവ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ ആശുപത്രി വിട്ട അദ്ദേഹം ആലുവ ഗസ്‌റ്റ്‌ ഹൗസില്‍ ഉച്ചവരെ വിശ്രമിച്ചു. മുന്‍ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല, ടി.ജെ വിനോദ്‌ എം.എല്‍.എ, ഡി.സി.സി. പ്രസിഡന്റ്‌ മുഹമ്മദ്‌ ഷിയാസ്‌, യു.ഡി.എഫ്‌. ജില്ലാ കണ്‍വീനര്‍ ഡൊമനിക്‌ പ്രസന്റേഷന്‍, ചീഫ്‌ സെക്രട്ടറി വി.പി ജോയ്‌ എന്നിവര്‍ ഗസ്‌റ്റ്‌ ഹൗസിലെത്തി രോഗവിവരങ്ങള്‍ ആരാഞ്ഞു. ഉച്ചയ്‌ക്കു ശേഷം അദ്ദേഹം തിരുവനന്തപുരത്തേയ്‌ക്ക്‌ മടങ്ങി. ഇന്ന്‌ ഉമ്മന്‍ചാണ്ടിയുടെ പിറന്നാളാണ്‌.

LEAVE A REPLY

Please enter your comment!
Please enter your name here