പാർട്ടി കോൺഗ്രസിനിടെ ജവാഹർ സ്റ്റേഡിയം മലിനമാക്കിയെന്ന് ആരോപിച്ച് സിപിഎമ്മിനു പിഴയിട്ട കണ്ണൂർ കോർപറേഷൻ നടപടി രാഷ്ട്രീയ വിവാദത്തിലേക്ക്

0

പാർട്ടി കോൺഗ്രസിനിടെ ജവാഹർ സ്റ്റേഡിയം മലിനമാക്കിയെന്ന് ആരോപിച്ച് സിപിഎമ്മിനു പിഴയിട്ട കണ്ണൂർ കോർപറേഷൻ നടപടി രാഷ്ട്രീയ വിവാദത്തിലേക്ക്.

കോർപറേഷന്റെ നടപടി രാഷ്ട്രീയ വിവരക്കേടാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ കുറ്റപ്പെടുത്തി. പാർട്ടി കോൺഗ്രസിനു വേണ്ടി സ്റ്റേഡിയം ഏറ്റെടുക്കുമ്പോൾ അവസ്ഥ പരിതാപകരമായിരുന്നു. സിപിഎം പ്രവർത്തകരാണ് സ്റ്റേഡിയം ശുചീകരിച്ചത്. പവലിയനും ഗാലറിയും ശുചിമുറിയും അറ്റകുറ്റപ്പണി നടത്തുകയും വെള്ളപൂശുകയും ചെയ്തു. ഇപ്പോൾ ഇതെല്ലാം ഉപയോഗശൂന്യമായെന്ന് സിപിഎം സംസ്ഥാന കൺട്രോൾ കമ്മിഷൻ ചെയർമാൻ എൻ.ചന്ദ്രനോടൊപ്പം സ്റ്റേഡിയം സന്ദർശിച്ച ജയരാജൻ‍ ചൂണ്ടിക്കാട്ടി.

എൽഡിഎഫ് സർക്കാർ സ്റ്റേഡിയം നവീകരണത്തിനായി 13 കോടി രൂപ അനുവദിച്ചിരുന്നു. കോൺഗ്രസ് നേതാക്കളുടെ പിടിപ്പുകേട് കൊണ്ടാണ് ആ പണം നഷ്ടമായതെന്നും ജയരാജൻ കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിൽ സ്റ്റേഡിയം നവീകരണത്തിനായി സംരക്ഷണ സമിതി രൂപീകരിക്കുമെന്നും ജില്ലാ സെക്രട്ടറി പ്രഖ്യാപിച്ചു. 11ന് 4ന് സ്പോർട്സ് കൗൺസിൽ ഹാളിലാണ് ജവാഹർ സ്റ്റേഡിയം സംരക്ഷണ സമിതി രൂപീകരണ യോഗം ചേരുക.

പാർട്ടി കോൺഗ്രസിനു മുന്നോടിയായി സ്റ്റേഡിയം ശുചീകരിച്ചതിന്റെ ബില്ല് കോർപറേഷനിൽ സമർപ്പിക്കുമെന്നും ജയരാജൻ പറഞ്ഞു. ആ തുക മടക്കി നൽകണം. സിപിഎമ്മിന്റെ കയ്യിൽ നിന്ന് പിഴയായി ഈടാക്കിയ തുക ഉപയോഗിച്ചെങ്കിലും സ്റ്റേഡിയം ശുചീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം ജില്ലാ സെക്രട്ടറിയുടെ കുറ്റപ്പെടുത്തൽ ബാലിശമാണെന്ന് കണ്ണൂർ മേയർ ടി.ഒ.മോഹനൻ പറഞ്ഞു. പാർട്ടി കോൺഗ്രസിനു ശേഷം കൊടിതോരണങ്ങളും കട്ടൗട്ടുകളും പ്രചാരണ സാമഗ്രികളും ഉൾപ്പെടെ ഉപേക്ഷിച്ചു പോയതിനാൽ 23 തൊഴിലാളികൾ രണ്ടു ദിവസം ജോലിയെടുത്താണ് സ്റ്റേഡിയം ശുചിയാക്കിയത്.

കോർപറേഷന്റെ വാഹനങ്ങൾ ഉപയോഗിച്ചത് ഉൾപ്പെടെ ഇതിന് 42,700 രൂപ ചെലവ് വന്നുവെന്നും ഈ തുക ഈടാക്കണണമെന്നും കോർപറേഷൻ ബി– ഡിവിഷൻ ഹെൽത്ത് ഇൻസ്പെക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും മേയർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here