അനധികൃത സ്വത്തു സമ്പാദനത്തിന്റെ പേരിൽ സസ്പെൻഷനിലായ ജിയോളജി വകുപ്പിലെ ദമ്പതികൾ 5 വർഷത്തിനിടെ തരപ്പെടുത്തിയത് 1.32 കോടി രൂപയെന്നു വിജിലൻസ്

0

അനധികൃത സ്വത്തു സമ്പാദനത്തിന്റെ പേരിൽ സസ്പെൻഷനിലായ ജിയോളജി വകുപ്പിലെ ദമ്പതികൾ 5 വർഷത്തിനിടെ തരപ്പെടുത്തിയത് 1.32 കോടി രൂപയെന്നു വിജിലൻസ്. ജോലി ചെയ്ത സ്ഥലങ്ങളിലെല്ലാം വീടും സ്ഥലവും ഇവർ വാങ്ങി. ബന്ധുക്കളുടെ പേരിൽ കോടികളുടെ നിക്ഷേപം നടത്തിയതു സംബന്ധിച്ചും വിജിലൻസിനു സൂചന ലഭിച്ചു.

മൈനിങ് ആൻഡ് ജിയോളജി വകുപ്പിലെ ദക്ഷിണ മേഖല സ്ക്വാഡിന്റെ ചുമതലയുള്ള ജിയോളജിസ്റ്റ് എസ്.ശ്രീജിത്ത്, ഭാര്യയും മൈനിങ് ആൻഡ് ജിയോളജി ഡയറക്ടറേറ്റിലെ ജിയോളജിസ്റ്റു‍മായ എസ്.ആർ.ഗീത എന്നിവരെയാണ് വ്യവസായ വകുപ്പ് ജോയിന്റ് സെക്രട്ടറി കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തത്. വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാമിന്റെ റിപ്പോർട്ടിനെ തുടർന്നാണു സസ്പെൻഷൻ.

2014 മേയ് ഒന്നു മുതൽ 2019 ഡിസംബർ 31 വരെയുള്ള കാലയളവിൽ ഇരുവരും 1,32,51,431 രൂപ സമ്പാദിച്ചതായി വിജിലൻസ് കണ്ടെത്തി. ഇക്കാലയളവിൽ ഇരുവരും ജിയോളജിസ്റ്റുകളാ‍യിരുന്നു. 1.32 കോടി രൂപ സമ്പാദിച്ചതിൽ 90,47,495 രൂപ ചെലവഴിച്ചതായും, 42,03,936 രൂപ മിച്ചമുണ്ടെന്നും ദമ്പതികൾ വിജിലൻസിനു മുൻപാകെ മൊഴി നൽകി. എന്നാൽ അന്വേഷണത്തിൽ ഇവർക്ക് 91,79,692 രൂപയുടെ സമ്പാദ്യം ഉണ്ടായിരുന്നതായി കണ്ടെത്തി. ശമ്പളത്തിന്റെ 37.54 % അധിക‍ം സ്വത്താണ് ഇവർക്കുള്ളത്.

തിരുവനന്തപുരം വട്ടിയൂർക്കാവ് മണലയത്താണ് ദമ്പതികളുടെ വീട്. 2002ൽ സർവീസിൽ ചേർന്ന ഇവരുടെ 5 വർഷത്തെ സ്വത്തു സമ്പാദന കണക്കുകൾ മാത്രമാണ് ഇതു വരെ പരിശോധിച്ചത്. 2014നു മുൻപും, 2019നു ശേഷവുമുള്ള സമ്പാദ്യത്തെക്കുറിച്ചും പരിശോധന നടത്തും. ഇരുവരുടെയും അടുത്ത ബന്ധുക്കളുടെ സ്വത്തു വിവരങ്ങളും വിജിലൻസ് പരിശോധിച്ചിരുന്നു. ചില ബന്ധുക്കൾക്ക് വൻ ആസ്തിയുണ്ടെന്നും കണ്ടെത്തിയ സാഹചര്യത്തിൽ ഉറവിടം അന്വേഷിക്കുമെന്നും വിജിലൻസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here