മൂവാറ്റുപുഴയില്‍ എട്ടുപേരെ കടിച്ച നായ ചത്തു; പേവിഷബാധയെന്ന് സംശയം

0

കൊച്ചി: മൂവാറ്റുപുഴയില്‍ എട്ടുപേരെ കടിച്ച നായ ചത്തു. നായക്ക് പേവിഷ ബാധയുണ്ടോ എന്ന സംശയം ഉയര്‍ന്നതിനെത്തുടര്‍ന്ന് നഗരസഭ കോമ്പൗണ്ടില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് നായ ചത്തത്. നായക്ക് പേവിഷബാധയുണ്ടോ എന്നറിയാന്‍ തൃശൂര്‍ വെറ്ററിനറി മെഡിക്കല്‍ കോളജില്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

വ്യാഴാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് നഗരത്തിലെ തൃക്ക, ആസാദ് റോഡ്, കടവുംപാടം, പുളിഞ്ചുവട് എന്നിവിടങ്ങളില്‍ നായയുടെ ആക്രമണമുണ്ടായത്. കടവുംപാടം തേലയ്ക്കല്‍ യഹിയാ ഖാന്റെ മകള്‍ മിന്‍ഹ ഫാത്തിമ(14), കീച്ചേരിപ്പടി പനയ്ക്കല്‍ ഫയസ് (12) എന്നിവരെയാണ് നായ ആദ്യം ആക്രമിച്ചത്. ഇതിനു പിന്നാലെ റോഡിലൂടെ നടന്നുപോയ പുതുപ്പാടി ആര്യങ്കാല തണ്ടേല്‍ രേവതിക്കും (22) കടിയേറ്റു.ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് പോയ വാഴപ്പിള്ളി തേക്കനാട്ട് അഞ്ജന രാജേഷ് (23), ബൈക്കില്‍ സഞ്ചരിച്ചിരുന്ന പേഴയ്ക്കാപ്പിള്ളി തച്ചേത്ത് ജയകുമാര്‍ (60), പുളിഞ്ചുവട് പാലക്കാട്ട് പുത്തന്‍പുരയില്‍ നിയാസിന്റെ മകള്‍ നിഹ (12) എന്നിവര്‍ക്കും നായയുടെ കടിയേറ്റിരുന്നു.

പറമ്പില്‍ ജോലി ചെയ്തിരുന്ന അതിഥി തൊഴിലാളി കൊല്‍ക്കത്ത സ്വദേശി അബ്ദുള്‍ അലി (30) യുടെ വലത് കാലില്‍ നായ കടിച്ചു പറിച്ചു. ഇതുകൂടാത ആടിനേയും പശുവിനേയും നായ ആക്രമിച്ചിരുന്നു. കടിയേറ്റവര്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

Leave a Reply