മണിക്കൂറുകൾ നീണ്ട പരിശ്രമം; വയനാട്ടിൽ കിണറ്റിൽ വീണ പുലിയെ രക്ഷപെടുത്തി

0

വയനാട്: വയനാട്ടിൽ കിണറ്റിൽ വീണ പുലിയെ രക്ഷപെടുത്തി. മാനന്തവാടിയിൽ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ബത്തേരി ആർആർടി സംഘത്തിന്റെ നേതൃത്വത്തിലുള്ള സം​ഘമാണ് പുലിയെ പുറത്തെത്തിച്ചത്.

ഇന്നലെ രാത്രി മുതൽ കിണറ്റിൽ കിടക്കുന്നത് കൊണ്ട് അവശനിലയിലായിരുന്നു പുലി. അതിനാൽ ഇന്ന് വൈകുന്നേരത്തോടെ ആർആർടി സംഘത്തെ എത്തിച്ച് പുലിയെ പുറത്തെടുക്കാമെന്ന തീരുമാനത്തിലായിരുന്നു വനംവകുപ്പ്. എന്നാൽ, പുലിയുടെ ആരോഗ്യസ്ഥിതി മോശമായെന്ന് മനസിലാക്കിയതോടെ നടപടികൾ വേഗത്തിലാക്കുകയായിരുന്നു.

ആദ്യം കിണറ്റിലെ വെള്ളത്തിന് ചുറ്റും ഒരു മൺതിട്ടയുണ്ടാക്കി അതിൽ പുലിയെ നിർത്താനായിരുന്നു ശ്രമം. എന്നാൽ, പുലി അവശനിലയിലായതിനാൽ വെള്ളം പൂർണമായും വറ്റിച്ച് വലയിൽ കുടുക്കിയ ശേഷം പുറത്തെടുക്കുകയായിരുന്നു. നിലവിൽ പുലിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ഇന്നലെ രാത്രിയോടെ പുലി കിണറ്റിൽ വീണെങ്കിലും വീട്ടുകാർ ഇന്ന് രാവിലെയാണ് വിവരമറിയുന്നത്. മോട്ടർ ഇട്ടപ്പോൾ വെള്ളമില്ലാത്തത് എന്തെന്ന് പരിശോധിച്ചപ്പോഴാണ് കിണറ്റിൽ പുലിയെ കണ്ടത്. ഉടൻ തന്നെ വീട്ടുകാർ വിവരം വനംവകുപ്പിന്റെ അറിയിക്കുകയായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here