ഭാരത് ജോഡോ യാത്രയോട് സംസ്ഥാന സർക്കാരിന് ഒരു എതിർപ്പുമില്ല; യാത്ര സമാധാനപരമായാണ് കടന്നുപോകുന്നതെന്ന് സർക്കാർ ഹൈക്കോടതിയിൽ

0

കൊച്ചി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയോട് സംസ്ഥാന സർക്കാരിന് എതിർപ്പില്ല. യാത്ര സമാധാനപരമായാണ് കടന്നുപോവുന്നതെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഇതോടെ, യാത്ര ഗതാഗത തടസ്സം ഉണ്ടാക്കുന്നുവെന്ന് ആരോപിച്ചുള്ള ഹർജി കോടതി തള്ളി. നിയമ വിരുദ്ധ നടപടികൾക്കെതിരെ കേസുകൾ എടുത്തതായും സർക്കാർ വ്യക്തമാക്കി. അഡ്വ. കെ വിജയനാണ് ഹർജി നൽകിയത്.

ഗതാഗത കുരുക്ക് ഒഴിവാക്കാൻ പൊലീസിനു നിർദ്ദേശം നൽകണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ജാഥ ഒരു വശത്തുകൂടി പോകുമ്പോൾ എതിർ വശത്തുകൂടി ഗതാഗതത്തിന് തുറന്ന് കൊടുക്കണം. സുരക്ഷയ്ക്കായി നിയോഗിക്കുന്ന പൊലീസുകാരുടെ ചെലവ് സംഘടകരിൽ നിന്നും ഈടാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. രാഹുൽ ഗാന്ധി, കെ പി സി സി പ്രസിഡന്റ് തുടങ്ങിയവരെ എതിർ കക്ഷികളാക്കിയാണ് ഹർജി നൽകിയത് .ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. യാത്ര ഗതാഗത തടസ്സമുണ്ടാക്കുന്നുവെന്ന പരാതിയിൽ ഹർജിക്കാരന് ഇതിനെ സാധൂകരിക്കുന്ന ഒരു തെളിവും ഹാജരാക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ഹർജി തള്ളുകയും ചെയ്തു.

ജോഡോ യാത്ര എറണാകുളം ജില്ലയിൽ പ്രവേശിച്ച ഉടനെ ആയിരുന്നു ഗതാഗത തടസ്സമുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ സ്വകാര്യ ഹർജിയെത്തിയത്. എന്നാൽ അന്ന് ഹർജി പരിഗണിക്കാനായില്ല. തുടർന്ന് കൂടുതൽ വിശദാശങ്ങൾ വ്യക്തമാക്കാൻ ഹർജിക്കാരനോട് കോടതി ആവശ്യപ്പെടുകയായിരുന്നു. ഇതിന് ശേഷമാണ് ഇന്ന് ഹർജി പരിഗണിക്കുകയും തള്ളുകയും ചെയ്തത്.

യാത്രയ്ക്ക് പൊലീസ് അനുമതിയില്ലേയെന്നും എന്തെല്ലാം മാനദണ്ഡമാണ് യാത്രയ്ക്ക് അനുവാദം നൽകുമ്പോൾ പൊലീസ് വ്യക്തമാക്കിയതെന്നും കോടതി ഹർജിക്കാരനോട് ചോദിച്ചു. ഇതിനൊന്നും വ്യക്തമായ ഉത്തരം നൽകാൻ ഹർജിക്കാരന് സാധിച്ചില്ല. തുടർന്നാണ് സംസ്ഥാന സർക്കാരിരിന്റെ വാദങ്ങൾ കൂടെ കേട്ട ശേഷം ഹർജി തള്ളിയത്.യാത്രയിൽ നിയമലംഘനമുണ്ടായ ഇടത്തെല്ലാം കേസെടുത്തിട്ടുണ്ടെന്നും തുടർ നടപടികൾ ഉണ്ടാവുമെന്നും സർക്കാർ അറിയിച്ചു.

അതിനിടെ, ഭാരത് ജോഡോ പദയാത്ര മലപ്പുറം ജില്ലയിലെ ആദ്യ ദിവസത്തെ പര്യടനത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയായി. പുലാമന്തോളിൽ നിന്നാരംഭിച്ച് പൂപ്പലത്താണ് യാത്ര സമാപിച്ചത്. ലീഗ് നേതാക്കൾ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഉച്ചക്ക് ശേഷം 4 മണിക്ക് പട്ടിക്കാട് നിന്നും പാണ്ടിക്കാട് വരെ 11 കി.മീറ്റർ ഭാരത് ജോഡോ പദയാത്ര നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here