തെരുവുനായ്‌ക്കളുടെ ശല്യം രൂക്ഷമായപ്പോള്‍ മകളെയും സഹപാഠികളെയും മദ്രസയിലേക്ക്‌ അയയ്‌ക്കാനായി എയര്‍ ഗണ്‍ എടുത്ത്‌ കൂട്ടുപോയതിന്‌ കേസെടുത്തതില്‍ പ്രതികരണവുമായി കുട്ടിയുടെ പിതാവ്‌ സമീര്‍

0

തെരുവുനായ്‌ക്കളുടെ ശല്യം രൂക്ഷമായപ്പോള്‍ മകളെയും സഹപാഠികളെയും മദ്രസയിലേക്ക്‌ അയയ്‌ക്കാനായി എയര്‍ ഗണ്‍ എടുത്ത്‌ കൂട്ടുപോയതിന്‌ കേസെടുത്തതില്‍ പ്രതികരണവുമായി കുട്ടിയുടെ പിതാവ്‌ സമീര്‍.
നായയെ കൊല്ലാന്‍ സാധിക്കാത്ത എയര്‍ഗണ്ണുമായി കുട്ടികള്‍ക്ക്‌ കൂട്ടുപോയതുവഴി, എന്തു ലഹളയുണ്ടാക്കാനാണ്‌ താന്‍ ശ്രമിച്ചതെന്ന്‌ സമീര്‍ ചോദിക്കുന്നു. മനുഷ്യന്റെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കേണ്ട പോലീസ്‌ ഈ സംഭവത്തില്‍ കേസെടുത്തത്‌ ഒരിക്കലും അംഗീകരിക്കാനാകില്ല. വൈറലാകാനാണ്‌ വീഡിയോ പങ്കുവച്ചതെങ്കില്‍ താന്‍ നല്ല വസ്‌ത്രവും റെയ്‌ബന്‍ ഗ്ലാസുമെല്ലാം ധരിക്കുമായിരുന്നുവെന്നും സമീര്‍ പറഞ്ഞു.
ലഹളയുണ്ടാക്കാന്‍ ഇടയാകുന്ന വിധത്തില്‍ നായ്‌ക്കളെ കൊല്ലാന്‍ ആഹ്വാനം ചെയ്‌തു, സമൂഹത്തില്‍ ലഹള ഉണ്ടാക്കുന്ന തരത്തില്‍ വീഡിയോ ചിത്രികരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്‌തു എന്നീ കുറ്റങ്ങള്‍ക്കാണ്‌ ബേക്കല്‍ പോലീസ്‌ സമീറിനെതിരേ കേസെടുത്തത്‌.എന്റെ കൈവശമുണ്ടായിരുന്ന എയര്‍ഗണ്‍ ഉപയോഗിച്ച്‌ വെടിവച്ചാല്‍ നായ ചാകില്ല. പിന്നെ എന്ത്‌ ലഹളയാണ്‌ ഞാനുണ്ടാക്കിയത്‌? മക്കളെ സംരക്ഷിക്കേണ്ടത്‌ രക്ഷിതാവിന്റെ കടമയല്ലേ? എന്റെ മക്കള്‍ക്ക്‌ മദ്രസയില്‍ പോകാന്‍ ബുദ്ധിമുട്ടു നേരിട്ടപ്പോള്‍ അവരെ അവിടെ കൊണ്ടുവിട്ടു എന്നത്‌ ശരിയാണ്‌. മക്കള്‍ക്കു ധൈര്യം കിട്ടാന്‍ ഷോക്കേസിലുണ്ടായിരുന്ന എയര്‍ഗണ്‍ എടുത്തതാണ്‌- സമീര്‍ പറഞ്ഞു.
കേസെടുത്ത സാഹചര്യത്തില്‍ നിയമനടപടിയുമായി മുന്നോട്ടു പോകാനാണ്‌ തീരുമാനമെന്ന്‌ സമീര്‍ വ്യക്‌തമാക്കി. “ഞാന്‍ നാഷണല്‍ യൂത്ത്‌ ലീഗിന്റെ ഉദുമ മണ്ഡലം പ്രസിഡന്റ്‌ കൂടിയാണ്‌. എന്റെ പാര്‍ട്ടിയും നാട്ടുകാരും എന്നെ വിളിച്ചിരുന്നു. രാവിലെ കുറേപ്പേര്‍ വന്നു കണ്ടിരുന്നു. എന്തിനും ഒപ്പം നില്‍ക്കുമെന്ന്‌ അവരെല്ലാം വാക്കുതന്നിട്ടുമുണ്ട്‌”- സമീര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here