പെട്രോളിയം ഡീലേഴ്‌സ്‌ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 23-നു നടത്താന്‍ തീരുമാനിച്ചിരുന്ന പണിമുടക്ക്‌ പിന്‍വലിച്ചു

0

പെട്രോളിയം ഡീലേഴ്‌സ്‌ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 23-നു നടത്താന്‍ തീരുമാനിച്ചിരുന്ന പണിമുടക്ക്‌ പിന്‍വലിച്ചു. മന്ത്രി ജി.ആര്‍. അനില്‍ പെട്രോളിയം കമ്പനികളുടെയും പെട്രോളിയം വ്യാപാരി സംഘടനകളുടെയും പ്രതിനിധികളുമായി ഇന്നലെ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ്‌ പണിമുടക്ക്‌ പിന്‍വലിച്ചത്‌.
പെട്രോളിയം ഉല്‍പന്നങ്ങള്‍ തടസമില്ലാതെ ലഭ്യമാക്കുക, പരിചയസമ്പന്നരായ വില്‍പ്പന ഉദ്യോഗസ്‌ഥരെ നിയമിക്കുക, വ്യാപാരികള്‍ ആവശ്യപ്പെടുന്ന പെട്രോളിയം ഉല്‍പന്നങ്ങള്‍ കമ്പനികള്‍ നല്‍കാന്‍ തയ്യാറാവുക, ഓരോ വ്യാപാരിക്കും അവരവരുടെ ആവശ്യകതയനുസരിച്ചു മാത്രം ഉല്‍പന്നങ്ങള്‍ നല്‍കുക, ഫയര്‍-പൊല്യൂഷന്‍ ലൈസന്‍സിന്റെ കാലദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുക, വ്യാപാരികളോടുള്ള പെട്രോളിയം കമ്പനികളുടെ വിവേചനം അവസാനിപ്പിക്കുക, അവധിദിവസങ്ങളില്‍ ഉപയോഗിക്കാത്ത തുകയ്‌ക്ക്‌ ബാങ്ക്‌ പലിശ ഈടാക്കുന്ന പ്രവണത അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ വ്യാപാരികള്‍ പണിമുടക്കിന്‌ ആഹ്വാനം ചെയ്‌തിരുന്നത്‌. ഉന്നയിച്ച മുഴുവന്‍ വിഷയങ്ങളിലും പരിഹാരം കാണാന്‍ കമ്പനിപ്രതിനിധികള്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായതിന്റെ അടിസ്‌ഥാനത്തില്‍ പണിമുടക്ക്‌ മാറ്റിവയ്‌ക്കുന്നതായി പെട്രോളിയം വ്യാപാരി സംഘടനാ നേതാക്കള്‍ അറിയിച്ചു. ഓള്‍ കേരള പെട്രോളിയം ഡീലേഴ്‌സിനെ പ്രതിനിധീകരിച്ച്‌ ഡി.കെ. രവിശങ്കര്‍, മൈതാനം എം.എസ്‌. പ്രസാദ്‌, വിജയന്‍, അബ്‌ദുള്‍ റഹ്‌മാന്‍, ഷാജി, ജെം എന്നിവരും കേരള സ്‌റ്റേറ്റ്‌ പെട്രോളിയം ട്രേഡേഴ്‌സ്‌ അസോസിയേഷനെ പ്രതിനിധീകരിച്ച്‌ ശബരീനാഥ്‌, രാജേഷ്‌, അന്‍വന്‍ എന്നിവരും ഓള്‍ കേരള ഡീലര്‍ ടാങ്കര്‍ അസോസിയേഷനെ പ്രതിനിധീകരിച്ച്‌ അഷ്‌റഫ്‌, ബിനോയ്‌ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here