കല്ലേറ് പേടിച്ച് ഹെൽമറ്റ് വെച്ച് ബസ് ഓടിച്ച് കെഎസ്ആർടിസി ഡ്രൈവർ; പൊലീസ് സഹായത്തോടെ മാത്രം സ‍ർവീസ് നടത്താൻ യൂണിറ്റുകൾക്ക് നിർദേശം

0

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ സംസ്ഥാനത്ത് വ്യാപക കല്ലേറ്. ആദ്യ മണിക്കൂറുകളിൽ നിരവധി കെഎസ്ആർടിസി ബസുകൾക്ക് നേരെയും സ്വകാര്യ വാഹനങ്ങൾക്ക് നേരെയും ആക്രമണം ഉണ്ടായി. ഇതോടെ പൊലീസ് സഹായം തേടിയ ശേഷം കെഎസ്ആർടിസി സർവീസുകൾ നടത്തിയാൽ മതിയെന്ന് യൂണിറ്റുകൾക്ക് നിർദ്ദേശം നൽകി. ഹർത്താലിൽ കെഎസ്ആർടിസി ബസുകൾക്ക് നേരെ വ്യാപക ആക്രമണം ഉണ്ടായ സാഹചര്യത്തിലാണ് തീരുമാനം.

ആലുവയിൽ ഹെൽമറ്റ് വച്ച് കെഎസ്ആർടിസി ബസ് ഡ്രൈവർ ബസ് ഓടിക്കുന്ന സംഭവം ഉണ്ടായി. ബസുകൾക്ക് നേരെ ഉണ്ടായ ആക്രമൻത്തിൽ വാഹനങ്ങളുടെ ചില്ല് തകർന്നതിനൊപ്പം തന്നെ ബസ് ഡ്രൈവർമാർക്കും 15 വയസുളള യാത്രക്കാരിക്കും പരിക്കേറ്റിട്ടുണ്ട്. തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ കെഎസ്ആർടിസി ബസിനു നേരെയുണ്ടായ കല്ലേറിൽ വാഹനത്തിന്റെ ചില്ലുകൾ തകർന്നു. കാട്ടാക്കടയിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. പത്തനംതിട്ട പന്തളത്ത് കെഎസ്ആർടിസി ബസിനു നേരെ കല്ലേറുണ്ടായി. പന്തളം-പെരുമൺ സർവീസിന് നേരെയാണ് കല്ലേറുണ്ടായത്. ഡ്രൈവർ പി.രാജേന്ദ്രന്റെ കണ്ണിന് പരുക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊല്ലം പള്ളിമുക്കിൽ ഹർത്താൽ അനുകൂലികൾ പൊലീസുകാരെ ബൈക്കിടിച്ചു വീഴ്ത്തി. സീനിയർ സിവിൽ പൊലീസ് ഓഫിസർ ആന്റണി, സിപിഒ നിഖിൽ എന്നിവർക്കു പരുക്കേറ്റു. യാത്രക്കാരെ അസഭ്യം പറയുന്നതു തടയാൻ ശ്രമിച്ചപ്പോഴാണ് ആക്രമണമുണ്ടായത്.തിരുവനന്തപുരം പോത്തൻകോട് മഞ്ഞമലയിൽ ഹർത്താൽ അനുകൂലികൾ കട അടിച്ചുതകർത്തു. 15 പേർ ഉൾപ്പെട്ട സംഘമാണ് അക്രമം നടത്തിയത്. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം ബാലരാമപുരത്ത് ഹർത്താൽ അനുകൂലികൾ കടകൾ അടപ്പിച്ചു. ആലപ്പുഴ വളഞ്ഞവഴിയിൽ രണ്ട് കെഎസ്ആർടിസി ബസുകളുടെയും രണ്ടു ലോറികളുടെയും ചില്ലുകൾ കല്ലേറിൽ തകർന്നു. ആലുവയിൽ കെഎസ്ആർടിസി ബസ് ഉൾപ്പെടെ ചില വാഹനങ്ങൾക്കു നേരെ കല്ലേറുണ്ടായി. പാലക്കാട് – കുളപ്പുള്ളി സംസ്ഥാന പാതയിൽ ലക്കിടി മംഗലത്ത് ലോറിക്ക് നേരെ കല്ലെറുണ്ടായി. കോഴിക്കോട്ട് ടൗണിലും കല്ലായിയിലും ചെറുവണ്ണൂരിലും മൂന്നു കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. കോഴിക്കോട്ട് കല്ലായിയിൽ ലോറിക്കു നേരെയാണ് കല്ലേറുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here