കാട്ടാക്കടയില്‍ അച്‌ഛനെയും മകളെയും കെ.എസ്‌.ആര്‍.ടി.സി. ജീവനക്കാര്‍ ആക്രമിച്ച സംഭവത്തില്‍ അന്വേഷണം പ്രത്യേക സംഘത്തിന്‌

0

കാട്ടാക്കടയില്‍ അച്‌ഛനെയും മകളെയും കെ.എസ്‌.ആര്‍.ടി.സി. ജീവനക്കാര്‍ ആക്രമിച്ച സംഭവത്തില്‍ അന്വേഷണം പ്രത്യേക സംഘത്തിന്‌.
കാട്ടാക്കട ഡിവൈ.എസ്‌.പി: അനിലിന്റെ നേതൃത്വത്തിലുള്ള ഒമ്പത്‌ അംഗ സംഘത്തിനാണ്‌ അന്വേഷണ ചുമതല കൈമാറിയത്‌. പ്രതികള്‍ക്കെതിരെ പട്ടികജാതി-പട്ടികവര്‍ഗ അതിക്രമം തടയല്‍ വകുപ്പ്‌ കൂടി ചുമത്തുമെന്ന്‌ പൊലീസ്‌ അറിയിച്ചു. വിദ്യാര്‍ത്ഥി കണ്‍സഷന്‍ തേടിയെത്തിയ അച്‌ഛനെയും മകളെയും ആക്രമിച്ച കേസില്‍ പക്ഷേ പ്രതികളെ ആരെയും ഇതുവരെ അറസ്‌റ്റ്‌ ചെയ്യാനായിട്ടില്ല. അക്രമത്തിന്‌ ഇരയായ രേഷ്‌മയുടെയും സുഹൃത്തിന്റെയും മൊഴിയുടെ അടിസ്‌ഥാനത്തില്‍ ഇന്നലെ പ്രതികള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ്‌ ചുമത്തിയിരുന്നു.
ആക്രമണ ദൃശ്യങ്ങളില്‍ കണ്ട മെക്കാനിക്‌ അജിക്കെതിരേയും ഇന്ന്‌ അച്ചടക്ക നടപടി ഉണ്ടായേക്കും. ദൃശ്യങ്ങള്‍ പരിശോധിച്ച കെ.എസ്‌.ആര്‍.ടി.സി. വിജിലന്‍സ്‌ സംഘം അജിയെ തിരിച്ചറിഞ്ഞു. ഇയാള്‍ക്കെതിരേ നടപടി ഇല്ലാത്തതില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ആഭ്യന്തര അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്‌ ലഭിച്ചാലുടന്‍ കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടികളിലേക്ക്‌ നീങ്ങാനാണ്‌ മാനേജ്‌മെന്റിന്റെ ആലോചന.
സംഭവം ഇന്ന്‌ വീണ്ടും ഹൈക്കോടതി പരിഗണിക്കുന്നുണ്ട്‌.
മകള്‍ രേഷ്‌മയ്‌ക്കും മകളുടെ സുഹൃത്തിനുമൊപ്പം കണ്‍സഷന്‍ കാര്‍ഡ്‌ പുതുക്കാന്‍ എത്തിയപ്പോഴാണ്‌ ആമച്ചല്‍ സ്വദേശിയും പൂവച്ചല്‍ പഞ്ചായത്ത്‌ ക്ലര്‍ക്കുമായ പ്രേമനന്‍ ജീവനക്കാരുടെ മര്‍ദ്ദനത്തിന്‌ ഇരയായത്‌. പുതിയ കണ്‍സഷന്‍ കാര്‍ഡ്‌ നല്‍കാന്‍ കോഴ്‌സ്‌ സര്‍ട്ടിഫിക്കറ്റ്‌ വേണമെന്ന്‌ ഉദ്യോഗസ്‌ഥന്‍ ആവശ്യപ്പെട്ടു. മൂന്ന്‌ മാസം മുമ്പ്‌ കാര്‍ഡ്‌ എടുത്തപ്പോള്‍ കോഴ്‌സ്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയതാണെന്നും പുതുക്കാന്‍ ആവശ്യമില്ലെന്നും പ്രേമനന്‍ മറുപടി നല്‍കിയതോടെ വാക്കേറ്റമായി. വെറുതെയല്ല കെ.എസ്‌.ആര്‍.ടി.സി. രക്ഷപെടാത്തതെന്ന്‌ പ്രേമനന്‍ പറഞ്ഞതു ജീവനക്കാരെ ചൊടിപ്പിച്ചു. ഇതിന്‌ പിന്നാലെയാണ്‌ ജീവനക്കാര്‍ ചേര്‍ന്ന്‌ പ്രേമനന്റെ കഴുത്തിന്‌ കുത്തിപ്പിടിച്ച്‌ തൊട്ടടുത്തുള്ള ഗ്രില്ലിട്ട വിശ്രമമുറിയിലേക്ക്‌ തള്ളിയിട്ട്‌ മര്‍ദ്ദിച്ചത്‌.

Leave a Reply