കണ്ണൂര്‍ വിസി പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു; രാജ്ഭവനില്‍ നേരിട്ടെത്തി ശുപാർശ നടത്തി; മുഖ്യനെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്തുവിട്ട് ഗവർണർ

0

തിരുവനന്തപുരം: മുഖ്യമന്ത്രിയ്‌ക്കെതിരെ രാജ്ഭവനിൽ ഗവർണറുടെ അസാധാരണ സമ്മേളനത്തിൽ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ. കണ്ണൂര്‍ വിസി പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടുവെന്നാണ് ആരിഫ് മുഹമ്മദ് ഖാൻ പറയുന്നത്. ഇതുസംബന്ധിച്ച് ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി അയച്ച കത്തുകള്‍ പുറത്തുവിട്ടു. വിസി പുനര്‍നിയമനം ആവശ്യപ്പെട്ട് 2021 ഡിസംബര്‍ എട്ടിന് മുഖ്യമന്ത്രി ആദ്യകത്ത് അയച്ചെന്നാണ് ഗവര്‍ണര്‍ വിശദീകരിക്കുന്നത്. രാജ്ഭവനില്‍ നേരിട്ടെത്തി മുഖ്യമന്ത്രി ശുപാര്‍ശ നടത്തിയെന്നും ഗവര്‍ണര്‍ ആരോപിക്കുന്നു. ചാന്‍സലര്‍ സ്ഥാനത്ത് തുടരാന്‍ ആവശ്യപ്പെട്ട് രണ്ടാം കത്ത് ഡിസംബര്‍ 16 ന് ലഭിച്ചു. സര്‍വ്വകലാശാല ഭരണത്തില്‍ ഇടപെടില്ലെന്ന് ജനുവരി 16 ന് അവസാന കത്തും ലഭിച്ചെന്ന് ഗവര്‍ണര്‍ വിശദീകരിക്കുന്നു.

കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ പ്രതിഷേധിച്ചവരെ തടയാന്‍ ശ്രമിച്ച പൊലീസിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷ് ഇടപെട്ട് വിലക്കിയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആരോപിച്ചു. ചരിത്ര കോണ്‍ഗ്രസിലെ ദൃശ്യങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

ഗവര്‍ണറെ തടയുന്നതും ആക്രമിക്കുന്നതും ഇതിന് ശ്രമിക്കുന്നതും ക്രിമിനല്‍ കുറ്റമാണെന്ന് ഐപിസി 124ാം വകുപ്പ് ഉദ്ധരിച്ച് ഗവര്‍ണര്‍ പറഞ്ഞു. പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആണെന്ന് ദൃശ്യങ്ങളിൽനിന്നു വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ വായിച്ചായിരുന്നു ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനം തുടങ്ങിയത്. ഗവര്‍ണറെ തടഞ്ഞാലുള്ള ശിക്ഷയാണ് വായിച്ചത്. ചരിത്രകോണ്‍ഗ്രസില്‍ നിശ്ചയിച്ച സമയക്രമം ലംഘിച്ചതായും ഗവര്‍ണര്‍ ആരോപിച്ചു. 45 മിനിട്ട് പരിപാടിക്ക് ഒന്നര മണിക്കൂറുകളോളം ഇരിക്കേണ്ടി വന്നു. ഇര്‍ഫാന്‍ ഹബീബ് സംസാരിച്ചത് ചരിത്രമല്ല. കൂടുതല്‍ സമയമെടുത്താണ് അദ്ദേഹം സംസാരിച്ചത്. അതിന് താന്‍ മറുപടി പറയാന്‍ നിര്‍ബന്ധിതനാവുകയായിരുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.

ചരിത്ര കോണ്‍ഗ്രസിലെ പ്രതിഷേധം ആസൂത്രിതമെന്ന് ഗവര്‍ണര്‍ പറഞ്ഞു. പ്രതിഷേധത്തിന് ഡല്‍ഹിയില്‍ നിന്നുള്ളവരും ഉണ്ടായിരുന്നു. കൈയ്യില്‍ വലിയ പ്ലക്കാഡുകളുമായാണ് പ്രതിഷേധക്കാര്‍ ഹാളിനുള്ളില്‍ എത്തിയത്. അഞ്ച് മിനിട്ടു കൊണ്ട് പ്ലക്കാര്‍ഡുകള്‍ ഉണ്ടാക്കാനാകുമോ എന്നും ഗവര്‍ണര്‍ ചോദിച്ചു. നൂറുകണക്കിന് പ്ലക്കാര്‍ഡുകള്‍ തയ്യാറാക്കിയിരുന്നു എന്നും ഗവര്‍ണര്‍ ആരോപിച്ചു.

മുഖ്യമന്ത്രിയുമായും സർക്കാരുമായും തുറന്ന പോരു തുടരുന്ന ഗവർണരെ അനുനയിപ്പിക്കാൻ സർക്കാർ നടത്തിയ അവസാനവട്ട ശ്രമവും പാളിയതിനു പിന്നാലെ വാർത്താസമ്മേളനവുമായി ഗവർണർ മുന്നോട്ടു പോകുകയായിരുന്നു. വാർത്താസമ്മേളനത്തിനു തൊട്ടുമുൻപ് ചീഫ് സെക്രട്ടറി വി.പി ജോയ് രാജ്ഭവനിൽ എത്തി കാര്യങ്ങൾ വിശദീകരിച്ചുവെങ്കിലും ഗവർണർ വഴങ്ങിയില്ല.

അവസാനവട്ട അനുനയ നീക്കമായി ചീഫ് സെക്രട്ടറി ഗവർണറുമായി കൂടിക്കാഴ്‍ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ലഹരി വിരുദ്ധ ക്യാംപെയ്‌ന് ക്ഷണിക്കാനെന്നായിരുന്നു സർക്കാരിന്റെ ഔദ്യോഗിക വിശദീകരണം. ഗവർണർമാർ വാർത്താസമ്മേളനം വിളിച്ചുകൂട്ടുന്ന നടപടി കേരളത്തിൽ മാത്രമല്ല, രാജ്യത്തുതന്നെ അസാധാരണമാണ്. ഇതുവരെ പൊതുചടങ്ങുകളിലോ വിമാനത്താവളങ്ങളിലോ വച്ച് മാധ്യമങ്ങളോടു പ്രതികരിക്കുന്ന രീതിയാണു ഗവർണർ തുടർന്നുവന്നത്.

അതേസമയം, രാജ് ഭവന് പുറത്ത് പോലീസ് സുരക്ഷ വര്‍ദ്ധിപ്പിച്ചു. കൂടുതല്‍ പോലീസിനെ രാജ്ഭവന് പുറത്ത് വിന്യസിച്ചു. ജലപീരങ്കി അടക്കമുള്ള സംവിധാനങ്ങളാണ് രാജ്ഭവന് മുന്നില്‍ പോലീസ് ഒരുക്കിയിരിക്കുന്നത്. പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് പോലീസ് നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here