വിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നു

0

കൊളറാഡോ (യുഎസ്): ആകാശത്ത് വിമാനങ്ങൾ കൂട്ടിയിടിച്ച് തകർന്നു. അമേരിക്കയിലെ കൊളറാഡോയിൽ കഴിഞ്ഞ ശനിയാഴ്ച്ചയാണ് സംഭവം. കൊളറാഡോയിലെ ഡെൻവറിന് സമീപം ആകാശത്ത് രണ്ട് ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചതായി അധികൃതർ അറിയിച്ചു. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

നാല് സീറ്റുകളുള്ള സെസ്‌ന 172-ഉം രണ്ട് പേർക്ക് ഇരിക്കാവുന്ന ലൈറ്റ്, അലുമിനിയം, ഹോം ബിൽറ്റ് എയർക്രാഫ്റ്റായ സോനെക്‌സ് സെനോസും തമ്മിലാണ് കൂട്ടിയിടിച്ചത്. വിമാനങ്ങൾ ഇടിച്ച് നിലത്ത് വീഴുന്ന ശബ്ദം കേട്ടാണ് സമീപവാസികൾ ഓടിക്കൂടിയത്. ആ സമയം നല്ല തെളിഞ്ഞ ആകാശമായിരുന്നു എന്ന് പ്രദേശവാസികൾ പറയുന്നു. പക്ഷേ, എന്നിട്ടും എന്തുകൊണ്ടാണ് വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചത് എന്നത് കണ്ടെത്താൻ അധികൃതർക്ക് ഇതുവരെയും സാധിച്ചിട്ടില്ല.

കൂട്ടിയിടിക്കുശേഷം വിമാനങ്ങളിൽ ഒന്ന് ഡെൻവറിൽ നിന്ന് ഏകദേശം 30 മൈൽ (50 കിലോമീറ്റർ) വടക്ക് കൊളറാഡോയിലെ ലോംഗ്‌മോണ്ടിലെ വാൻസ് ബ്രാൻഡ് എയർപോർട്ടിന് സമീപമുള്ള ഒരു പറമ്പിലാണ് തകർന്നു വീണത്. രണ്ടാമത്തെ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത് സമീപത്തായുള്ള മരത്തിൽ നിന്നാണ്. ഒരു വിമാനത്തിൽ രണ്ടുപേരെയും മറ്റൊന്നിൽ ഒരാളെയും മരിച്ച നിലയിൽ കണ്ടെത്തിയതായി ബോൾഡർ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.

ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷനും നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും അന്വേഷണം നടത്തിവരികയാണ്. വ്യക്തമായ ഒരു കാരണത്തിലേക്ക് എത്തിച്ചേരാൻ സാധിച്ചിട്ടില്ല. ഏകദേശം 15 ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് പുറത്തുവിടുമെന്ന് എൻടിഎസ്ബി അറിയിച്ചു. ശനിയാഴ്ച രാവിലെ 9 മണിക്ക് മുമ്പായിരുന്നു കൂട്ടിയിടി. കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ ഇതുവരെയും പുറത്തുവിട്ടിട്ടില്ല

LEAVE A REPLY

Please enter your comment!
Please enter your name here