ഹർത്താലിൽ ഉച്ചവരെയുണ്ടായ ആക്രമണത്തിൽ കെഎസ്ആർടിസിയ്ക്ക് നഷ്ടം 30 ലക്ഷം; നഷ്ടപരിഹാരം സമ്പൂർണ്ണമായും അവരിൽ നിന്നും ഈടാക്കും; സർവ്വീസ് നിർത്തിവെക്കില്ലെന്ന് ഗതാഗത മന്ത്രി

0

തിരുവനന്തപുരം: കേരളത്തിൽ പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ ഉണ്ടായ ആക്രമണത്തിൽ ഉച്ചവരെ കെഎസ്ആർടിസിയ്ക്ക് ഉണ്ടായത് 30 ലക്ഷത്തിന്റെ നാശനഷ്ടമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഇതുവരെ 59 കെഎസ്ആർടിസി ബസുകൾ ആണ് ആക്രമണത്തിന് ഇരയായത്. ഇതിൽ 57 എണ്ണം ആർടിസി യും ഒരെണ്ണം ലോ ഫ്ലോർ എസി ബസും ഒരെണ്ണം കെ സ്വിഫ്റ്റ് ബസുമാണ്. 11 ജിവനക്കാർക്ക് കല്ലേറിൽ പരിക്കുണ്ട്. പത്ത് ഡ്രൈവർമാർക്കും ഒരു കണ്ടക്ടറിനുമാണ് പരിക്ക്. ആർടിസി ബസിന്റെ ഗ്ലാസിന് 8000 രൂപയും എസി ലോഫ്ലോർ ബസിന് 40,000 രൂപയും കെ സ്വിഫ്റ്റ് ബസിന് 22,000 രൂപയും ചിലവാകും. ഈ ബസുകൾ ശരിയാക്കി പുറത്തിറങ്ങണമെങ്കിൽ കുറഞ്ഞത് 2 ആഴ്ചയെടുക്കും. കൂടാതെ നഷ്ടം സഹിച്ച് ഡീസൽ കത്തിയ ഓടിയതും ഓടത്തത് മൂലവും ഉണ്ടായ നഷ്ടം കൂടിയാകുമ്പോൾ കെഎസ്ആർടിസിയ്ക്ക് ഒറ്റ ദിവസം ഉണ്ടായത് ലക്ഷങ്ങളുടെ നാശനഷ്ടമാണ്.

ആക്രമണത്തിന്റെ പേരിൽ കെഎസ്ആർടിസി സർവ്വീസ് നിർത്തിവെക്കില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കും. ജനങ്ങളെ വലക്കുന്ന ഏർപ്പാടിലേക്ക് കെഎസ്ആർടിസി പോകില്ല. യാത്രാസൗകര്യം ഒരുക്കുകയെന്നത് കെഎസ്ആർടിസിയുടെ ബാധ്യതാണെന്നും എന്ത് പ്രതിസന്ധിയുണ്ടായാലും നേരിടുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

‘ആക്രമണത്തിന്റെ പേരിൽ വ്യാപകമായി സർവ്വീസ് നിർത്തിവെക്കേണ്ടതില്ല. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കും. നിയമത്തിന്റെ വഴിയേ നീങ്ങും. നഷ്ടപരിഹാരം സമ്പൂർണ്ണമായും അവരിൽ നിന്നും ഈടാക്കും. യാത്രക്കാരുണ്ടെങ്കിൽ സർവ്വീസ് നടത്താൻ നിർദേശം നൽകിയിട്ടുണ്ട്. ജനങ്ങളെ വലക്കുന്ന ഏർപ്പാടിലേക്ക് കെഎസ്ആർടിസി പോകില്ല. പരീക്ഷകൾ നടക്കുന്നുണ്ട്. ഇന്റർവ്യൂകൾ പലതും മാറ്റിവെച്ചിട്ടില്ല. യാത്രാസൗകര്യം ഒരുക്കുകയെന്നത് കെഎസ്ആർടിസിയുടെ ബാധ്യതാണ്. എന്ത് പ്രതിസന്ധിയുണ്ടായാലും നേരിടും’, മന്ത്രി പറഞ്ഞു.

ഹർത്താൽ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ സംസ്ഥാനത്തുടനീളം കെഎസ്ആർടിസി ബസുകൾക്ക് നേരെ വ്യാപക കല്ലേറുണ്ടായി. കോഴിക്കോട്, വയനാട്, തിരുവനന്തപുരം, ആലപ്പുഴ, പന്തളം, കൊല്ലം, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിൽ കെഎസ്ആർടിസിക്ക് നേരെ കല്ലേറ് ഉണ്ടായി. ഉളിയിൽ കെഎസ്ആർടിസി ബസിന് നേരെയുണ്ടായ കല്ലേറിൽ കെഎസ്ആർടിസി ഡ്രൈവർ ധർമ്മടം സ്വദേശി രതീഷിന് പരുക്കേറ്റു. വളപട്ടണം പാലത്തിന് സമീപം കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ കല്ലേറുണ്ടായി. മൂകാംബികയിലേക്ക് പോവുകയായിരുന്ന ബസിന് നേരെ ഏഴരയോടെയാണ് കല്ലേറുണ്ടായി. കല്ലേറിൽ അനഖ എന്ന പതിനഞ്ച് വയസുകാരിക്ക് പരുക്കേറ്റു.

കോഴിക്കോട് രണ്ടിടങ്ങളിൽ കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. ബെംഗളൂരുവിലേക്ക് പോകുന്ന ബസിന് നേരെയും സിവിൽ സ്‌റ്റേഷനു സമീപത്ത് വെച്ചാണ് കെഎസ്ആർടിസി ബസുകൾ ആക്രമിക്കപ്പെട്ടത്. സിവിൽ സ്റ്റേഷനു സമീപത്തെ കല്ലേറിൽ കെഎസ്ആർടിസി ഡ്രൈവർ ശശിക്ക് കണ്ണിന് പരുക്കേറ്റു. താമരശ്ശേരിയിൽ ലോറിക്ക് നേരെ കല്ലേറ് ഉണ്ടായി.പെരുമ്പാവൂർ മാറംപിള്ളി, പകലോമറ്റം, ആലുവ എന്നിവിടങ്ങളിലും കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണമുണ്ടായി. പന്തളത്ത് നിന്നും പെരുമണ്ണിലേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസിന് നേരെയും കല്ലേറുണ്ടായി. കൊല്ലത്തും വയനാട്ടിലും തൃശൂർ വടക്കാഞ്ചേരിയിലും കെഎസ്ആർടിസി ബസിന് നേരെ ആക്രമണമുണ്ടായി. തൃശൂരിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പെട്രോൾ പമ്പ് അടപ്പിച്ചു.

ആലപ്പുഴ വളഞ്ഞവഴിൽ രണ്ട് കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. വാഹനങ്ങളുടെ ചില്ല് തകർന്നു. തിരുവനന്തപുരത്തും കൊച്ചിയിലും സമരാനുകൂലികൾ ബസിന് നേർക്ക് കല്ലെറിഞ്ഞു. തലസ്ഥാനത്ത് കാട്ടാകടയിലും ആലുവ ചാലക്കൽ അട്ടക്കുളങ്ങരയിൽ കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലെറിഞ്ഞത്. കാരക്കോണത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസിന് നേരെയാണ് ആദ്യം കല്ലേറുണ്ടായത്. കല്ലറ- മൈലമൂട് സുമതി വളവിൽ കെഎസ്ആർടിസി ബസിന് നേരെ കല്ലേറുണ്ടായി. കോട്ടയത്തും ഹർത്താൽ അനുകൂലികൾ റോഡ് തടയുന്നുണ്ട്. ഈരാറ്റുപേട്ടയിലാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ റോഡ് ഉപരോധിക്കുകയും കെഎസ്ആർടിസി ബസുകൾ തടയുകയും ചെയ്യുന്നത്.

രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് പോപ്പുലർ ഫ്രണ്ട് ഹർത്താൽ.കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. ദേശീയ സംസ്ഥാന നേതാക്കളെ എൻഐഎ അന്യായമായി അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയാണെന്ന്് പോപ്പുലർ ഫ്രണ്ട് വിമർശിച്ചു. ക്രമസമാധാന പാലനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും ഡിജിപി നിർദേശം നൽകിയിട്ടുണ്ട്.

Leave a Reply