വിഴിഞ്ഞം സമരം 10-ാം ദിവസത്തില്‍; പ്രതിഷേധം കടുപ്പിക്കുമെന്ന് മത്സ്യത്തൊഴിലാളികൾ; ഇനി മുഖ്യമന്ത്രിയുമായി മാത്രം ചർച്ചയെന്ന് സമരസമിതി

0

സംസ്ഥാന സര്‍ക്കാരുമായി നടത്തിയ മൂന്നാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെ വിഴിഞ്ഞത്ത് സമരം ശക്തമാക്കാനൊരുങ്ങി ലത്തീന്‍ സഭ. സമരം ഇന്ന് പത്താം ദിവസത്തിലേക്ക് കടക്കുന്നതോടെ കൂടുതല്‍ മത്സ്യത്തൊഴിലാളെ പങ്കെടുപ്പിച്ച് സമരം തുടരാനാണ് തീരുമാനം. വെട്ടുകാട്, കൊച്ചുവേളി, വലിയവേളി എന്നിവിടങ്ങളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ ഇന്ന് സമരവേദിയിലേക്ക് എത്തും. വിഷയത്തില്‍ മുഖ്യമന്ത്രിയുമായി ഉടന്‍ കൂടിക്കാഴ്ച ഉണ്ടായേക്കുമെന്നാണ് സൂചന.

സമരം നീണ്ടുപോകുന്ന സാഹചര്യത്തില്‍ അദാനി പോര്‍ട്ടിന് അധിക സുരക്ഷ ഏര്‍പ്പെടുത്തി. സ്ഥലത്ത് കൂടുതല്‍ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ തുറമുഖ നിര്‍മാണ സ്ഥലത്തേക്ക് പ്രതിഷേധക്കാര്‍ ഇരച്ചുകയറിയിരുന്നു. കരമാര്‍ഗവും കടല്‍ മാര്‍ഗവും പ്രതിഷേധം ശക്തമാക്കാന്‍ തന്നെയാണ് മത്സ്യത്തൊഴിലാളികളുടെ തീരുമാനം. ഈ സാഹചര്യത്തിലാണ് പൊലീസ് വിന്യാസം കൂട്ടിയത്.

അതേസമയം വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ പ്രതിഷേധിക്കുന്ന സമരക്കാരുമായുള്ള ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. ലത്തീൻ അതിരൂപത പ്രതിനിധികലുമായി മന്ത്രിസഭ ഉഫസമിതി നടത്തിയ മൂന്നാം ഘട്ട ചർച്ചയാണ് പരാജയപ്പെട്ടത്. തുറമുഖ നിർമ്മാണം നിർത്തിവെച്ച് പഠനം നടത്തണമെന്ന അതിരൂപതയുടെ ആവശ്യം സർക്കാർ അംഗീകരിച്ചില്ല. ഇതോടെ സമരം ശക്തമാക്കുമെന്ന് വൈദികരും വ്യക്തമാക്കി.

തുറമുഖ നിർമ്മാണം നിർത്തിവെച്ച് പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന് സമരക്കാർ ആവശ്യപ്പെട്ടിരുന്നു. മണ്ണെണ്ണ സബ്‌സിഡിയുടെ കാര്യത്തിലും ചർച്ച നടന്നില്ലെന്നും സർക്കാർ അഭിപ്രായങ്ങൾ കേട്ടെങ്കിലും നിലപാട് സ്വീകരിക്കാൻ തയ്യാറായില്ലെന്ന് വൈദികർ അറിയിച്ചു. മുഖ്യമന്ത്രിയുമായി ചേർന്ന് ചർച്ച നടത്തുമെന്നാണ് പ്രതീക്ഷയെന്നും സമരത്തെ നിർവീര്യമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും വൈദികർ കൂട്ടിച്ചേർത്തു.

തുറമുഖ നിർമ്മാണം നിർത്താനാവില്ലെന്ന വധത്തിൽ സർക്കാർ ഉറച്ചതോടെയാണ് ചർച്ച പരാജയമായത്. പ്രശ്‌ന പരിഹാരം കാണാനാകും വരെ സമരവുമായി മുന്നോട്ട് പോകുമെന്ന് വികാരി ജനറൽ യൂജിൻ പെരേര പറഞ്ഞു. അതേസമയം വിഴിഞ്ഞം സമരം ആസൂത്രിതമാണെന്ന പരാമർശം കരുതിക്കൂട്ടി പറഞ്ഞതല്ലെന്ന് മന്ത്രിമാർ പറഞ്ഞു. പുനരധിവാസങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ഈ സാമം 27ന് പ്രത്യേക യോഗം ചേരും.

Leave a Reply