മന്ത്രിയുടെ കാറിന് നേരേ യുവതിയുടെ ചെരുപ്പ്; ‘സിൻഡ്രല്ലയുടെ ചെരുപ്പ്’ രാഷ്ട്രീയ കൊടുങ്കാറ്റാകുന്നു

0

ചെന്നൈ: തമിഴ്നാട് ധനകാര്യ മന്ത്രി പളനിവേൽ ത്യാഗരാജന് (പിടിആർ) നേരേ ബിജെപി പ്രവർത്തക ചെരുപ്പെറിഞ്ഞ സംഭവത്തിൽ വിവാദം കനക്കുന്നു. സംഭവത്തിൽ ബിജെപി കടുത്ത പ്രതിരോധത്തിലാണ്. വീരമൃത്യു വരിച്ച സൈനികനെയും ദേശീയ പതാകയേയും ബിജെപി അപമാനിച്ചു എന്നാണ് ഡിഎംകെ ആരോപിക്കുന്നത്. ഇതിനിടെ, സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി ജില്ലാ പ്രസിഡന്റ് രാജിവെക്കുകയും ചെയ്തിരിക്കുകയാണ്.

ജമ്മുവിലെ സൈനിക ക്യാംപിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മധുര സ്വദേശിയായ റൈഫിൾമാൻ ശരവണന് ആദരാഞ്ജലി അർപ്പിക്കാനായി മന്ത്രി എത്തിയപ്പോഴായിരുന്നു ബിജെപിയുടെ പ്രതിഷേധം. പിടിആർ എത്തിയപ്പോൾ തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈയെ പൊലീസ് തട‍ഞ്ഞെന്നും ആദരാഞ്ജലി അർപ്പിക്കാൻ അനുവദിച്ചില്ലെന്നുമാണ് ആരോപണം. ബിജെപി പ്രവർത്തകരെയെല്ലാം സ്ഥലത്തു നിന്നു പൊലീസ് നീക്കി. സർക്കാരിനു വേണ്ടി പിടിആർ ഔദ്യോഗികമായി പുഷ്പചക്രം സമർപ്പിച്ചു. തിരിച്ചു കാറിൽ മടങ്ങാൻ ഒരുങ്ങവെയാണ് ബിജെപി പ്രവർത്തകരുടെ കനത്ത പ്രതിഷേധമുണ്ടായത്.

ബിജെപി സംസ്ഥാന നേതാവിനെ പൊലീസ് തടഞ്ഞെന്നും മാറ്റി നിർത്തിയെന്നും ആരോപിച്ച് ഒരു വിഭാഗം പ്രവർത്തകർ പിടിആറിന്റെ കാറിനു മുന്നിലേക്കു ചാടി വീണു. ഇതിനിടെ സംഘത്തിലുണ്ടായിരുന്ന യുവതി കാലിൽ നിന്നു ചെരുപ്പൂരി ദേശീയപതാക സ്ഥാപിച്ചിരുന്ന മന്ത്രിവാഹനത്തിനു നേരെയെറിഞ്ഞു. ഇന്നോവ കാറിന്റെ മുൻവശത്തെ ചില്ലിൽ തട്ടി വൈപ്പർ ഭാഗത്ത് ഉടക്കിക്കിടന്ന ചെരുപ്പുമായാണ് പിന്നീട് അൽപദൂരം മന്ത്രിയുടെ കാർ സഞ്ചരിച്ചത്. അവിടെ നിന്നു തുടങ്ങുകയായിരുന്നു പുതിയ രാഷ്ട്രീയ വിവാദം.

ചെരുപ്പേറ് നടന്നതിനു പിന്നാലെ ബിജെപി മധുര ജില്ലാ പ്രസിഡന്റ് പി.ശരവണൻ നേരെ പിടിആറിന്റെ വീട്ടിലെത്തി മാപ്പു പറഞ്ഞു. പിന്നാലെ പാർട്ടിയിൽ നിന്നു രാജിവച്ചു. ജില്ലാ പ്രസിഡന്റിന്റെ നടപടിയിൽ കടുത്ത അതൃപ്തിയിലായ ബിജെപി പ്രസിഡന്റ് കെ.അണ്ണാമലൈ ശരവണനെ പാർട്ടിയിൽ നിന്നു പുറത്താക്കിയതായും പ്രഖ്യാപിച്ചു. ഉറങ്ങാൻ കിടന്നിട്ട് ഉറക്കം വരാത്തതിനാലാണു നേരിട്ടെത്തി മാപ്പു പറഞ്ഞതെന്നു ഡോക്ടർ കൂടിയായ ശരവണൻ പറഞ്ഞു. ക്ഷമാപണം പാർട്ടിയിൽ തന്റെ സ്ഥാനം നഷ്ടപ്പെടുത്തുമോ എന്ന ചോദ്യത്തിന്, രാഷ്ട്രീയ സ്ഥാനത്തേക്കാൾ മാനസിക സമാധാനത്തിനാണ് താൻ കൂടുതൽ ശ്രദ്ധിക്കുന്നതെന്നാണു ശരവണൻ മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

Leave a Reply