എഫ്.ഡി.പി പദ്ധതിയിൽ ചട്ടലംഘനം നടത്തി’; മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ പ്രിയ വർഗീസിനെതിരെ വീണ്ടും പരാതി

0

തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വിവാദങ്ങൾ കത്തിക്കയറുമ്പോൾ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ ഡോ. പ്രിയ വർഗീസിനെതിരെ വീടിനും പരാതി. എഫ്.ഡി.പി പദ്ധതിയിൽ ചട്ടലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി കെ.പി.സി.ടി.എ ആണ് യു.ജി.സിയെ സമീപിച്ചത്. ഗവേഷണ കാലയളവിലെ ശമ്പളം തിരിച്ചു പിടിക്കണമെന്നും കെ.പി.സി.ടി.എ ആവശ്യപ്പെട്ടു.

അതേസമയം കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർക്കെതിരെ പരസ്യമായി പ്രതികരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്വന്തം പദവി എന്താണെന്ന് മറന്ന് സിപിഎം പാർട്ടി കേഡറെ പോലെയാണ് വിസി പെരുമാറുന്നതെന്ന് ഗവർണർ പറഞ്ഞു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർവകലാശാലകളെ രാഷ്ട്രീയ നാടകങ്ങളുടെ കോട്ടയാക്കി മാറ്റിയ സ്ഥിതിയാണ് കേരളത്തിലുള്ളതെന്നും ഗവർണർ അഭിപ്രായപ്പെട്ടു.

രാഷ്ട്രീയ ഇടപെടലിൽ രാഷ്ട്രീയക്കാരുടെ സ്വന്തക്കാരെ സർവകലാശാലയിൽ തിരുകിക്കയറ്റി. താൻ ചാൻസലർ ആയിരിക്കെ അതനുവദിക്കില്ല. യോഗ്യതയുള്ളവരെ തഴഞ്ഞു കൊണ്ട്. വേണ്ടപ്പെട്ടവരുടെ നിയമനം നടത്തുന്ന നടപടി അപമാനകരമാണ്. നിയമങ്ങളിലെ ക്രമക്കേട് വിശദമായി അന്വേഷിക്കും. നിരവധി പരാതികൾ ഇപ്പോൾ തന്നെ ലഭിച്ചിട്ടുണ്ടെന്നും ഗവർണർ വിശദീകരിച്ചു. കേരള സർവകലാശാലയിൽ പ്രമേയം പാസാക്കുന്നുവെങ്കിൽ അങ്ങനെയാകട്ടെയെന്നും താൻ തന്റെ ചുമതലയാണ് ചെയ്യുന്നതെന്നുമാണ് ഗവർണറുടെ നിലപാട്.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ ഡോ. പ്രിയ വർഗീസിന്റെ നിയമനം ഗവർണർ മരവിപ്പിച്ചതിനെതിരെ കോടതിയെ സമീപിക്കുമെന്നു വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ കഴിഞ്ഞദിവസം വ്യക്തമാക്കിയതിന് പിന്നാലെ കർശന നടപടിയെടുക്കാൻ ഒരുങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂർ സർവകലാശാല കോടതിയെ സമീപിച്ചാൽ ചാൻസലറെന്ന നിലയിൽ കർശന നടപടി സ്വീകരിക്കാമെന്നു ഇതിനകം ​ഗവർണർക്ക് നിയമോപദേശം ലഭിച്ചിട്ടുണ്ട്.

അങ്ങനെയെങ്കിൽ വിസിക്കും അദ്ദേഹത്തിന്റെ നിർദേശപ്രകാരം കോടതിയെ സമീപിക്കുന്ന റജിസ്ട്രാർക്കുമെതിരെ നടപടിയെടുക്കാം. കേരള സർവകലാശാലയുടെ ഇന്നു ചേരുന്ന സെനറ്റ് യോഗത്തിൽ ഗവർണർക്കെതിരെ പ്രമേയം അവതരിപ്പിക്കാൻ അനുമതി നൽകിയാൽ വൈസ് ചാൻസലർ ഡോ. വി. പി. മഹാദേവൻ പിള്ളയ്ക്കെതിരെയും നടപടി വരും.

ഗവർണർ നിയമിച്ച വിസിമാർ അദ്ദേഹത്തിനെതിരെ പരസ്യനിലപാടു സ്വീകരിക്കുന്നത് ഗുരുതര അച്ചടക്കലംഘനമാണെന്നു നിയമോപദേശത്തിൽ ചൂണ്ടിക്കാട്ടുന്നു. കണ്ണൂർ വിസി കുറച്ചുകാലമായി തന്നെ പരസ്യമായി വെല്ലുവിളിക്കുന്നതിൽ ഗവർണർക്ക് അതൃപ്തിയുണ്ട്. കേരള സർവീസ് ചട്ടങ്ങൾ വിസിമാർക്കും ബാധകമാണ്; അതിനാൽ നിയമനാധികാരിയായ ഗവർണർക്കു വിസിയെ സസ്പെൻഡ് ചെയ്യാം.

ഗവർണർക്കെതിരെ കേസ് കൊടുക്കാനുള്ള കണ്ണൂർ സർവകലാശാലയുടെ നീക്കം കോടതിയിൽ നിലനിൽക്കില്ലെന്നാണു നിയമവിദഗ്ധരുടെ അഭിപ്രായം. ചാൻസലറുടെ ഉത്തരവ് കീഴുദ്യോഗസ്ഥർ ലംഘിക്കുന്നതും കോടതിയിൽ ചോദ്യം ചെയ്യുന്നതും ജോലിയിലുള്ള വീഴ്ചയായി കണക്കാക്കി ശിക്ഷിക്കാൻ അദ്ദേഹത്തിന് അധികാരമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here