വ്യാജ പോക്സോ കേസിൽ പ്രതിയാക്കി; കേന്ദ്ര -സംസ്ഥാന സർക്കാർ ജോലികൾ നഷ്ടമായെന്ന പരാതി; മനുഷ്യാവകാശ കമീഷൻ നേരിട്ട് അന്വേഷിക്കുന്നു

0

ആലപ്പുഴ: വ്യാജ പോക്സോ കേസിൽ പ്രതിയാക്കി നൂറനാട് പൊലീസ് ജയിലിലടച്ചതിനാൽ വിമുക്തഭടൻ എന്ന നിലയിലുള്ള കേന്ദ്ര -സംസ്ഥാന സർക്കാർ ജോലികൾ നഷ്ടമായെന്ന പരാതി മനുഷ്യാവകാശ കമീഷൻ നേരിട്ട് അന്വേഷിക്കുന്നു. കമീഷൻ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന് കമീഷൻ അംഗം വി.കെ. ബീനാകുമാരി ഇതുസംബന്ധിച്ച് നിർദേശം നൽകി.
പടനിലം സ്വദേശി ഷാജി സമർപ്പിച്ച പരാതിയിലാണ് നടപടി. തന്നെ 55 ദിവസം ജയിലിൽ അടച്ചെന്നും പിന്നീട് നടന്ന അന്വേഷണത്തിൽ വ്യാജ കേസ് ആയതിനാൽ പോക്സോ റഫർ ചെയ്തെന്നും പരാതിയിൽ പറയുന്നു. ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ആലപ്പുഴ ജില്ല ക്രൈം റെക്കോഡ്സ് ബ്യൂറോ ഡിവൈ.എസ്.പി ജയചന്ദ്രപിള്ളക്കെതിരെയാണ് പരാതി.

ഉദ്യോഗസ്ഥൻ വ്യാജ റിമാൻഡ് റിപ്പോർട്ടുണ്ടാക്കി തന്നെ ജയിലിലടച്ചതായി പരാതിക്കാരൻ പറയുന്നു. ഇദ്ദേഹത്തിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്ന് പരാതിക്കാരൻ നൂറനാട് പൊലീസ് ഇൻസ്പെക്ടർക്ക് പരാതി നൽകി. എന്നാൽ, പരാതി ഇൻസ്പെക്ടർ നിരസിച്ചു. ഈ സാഹചര്യത്തിലാണ് മനുഷ്യാവകാശ കമീഷനെ സമീപിച്ചത്.
പരാതിക്കാരനെതിരെ പോക്സോ കേസിൽ മൊഴിയില്ലാതെ മറ്റൊരു തെളിവും ലഭ്യമല്ലാത്തതിനാൽ കേസ് റഫർ ചെയ്തതായി ജില്ല പൊലീസ് മേധാവി കമീഷനെ അറിയിച്ചു. വ്യാജ പോക്സോ കേസ് രജിസ്റ്റർ ചെയ്തതുമായി ബന്ധപ്പെട്ട് പരാതിക്കാരൻ മുമ്പ് നൽകിയ രണ്ട് പരാതി കമീഷൻ അന്വേഷിച്ച് വരുകയാണ്

Leave a Reply