പെരുമ്പാവൂരിൽ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനൊരുങ്ങി സി.പി.എം ; പരിചയസമ്പന്നർ തിരിച്ചെത്തുന്നു

0

പെരുമ്പാവൂർ: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനൊരുങ്ങി സി.പി.എം. കഴിഞ്ഞ നിയമസഭ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സസ്പെൻഡ്‌ ചെയ്ത പെരുമ്പാവൂരിലെ സി.പി.എം നേതാക്കളെ ബ്രാഞ്ച് കമ്മിറ്റികളിലേക്ക് തിരിച്ചെടുക്കാനാണ് തീരുമാനം. 

ടെൽക്ക് ചെയർമാനായിരുന്ന എൻ.സി. മോഹനൻ പെരുമ്പാവൂർ ബ്രോഡ്‌വേ,  പി.കെ. സോമൻ മേതല വണ്ടമറ്റം, വി.പി. ശശീന്ദ്രൻ മേതല കനാൽപ്പാലം,  പി.എ. സലീം തണ്ടേക്കാട്, സാജു പോൾ വേങ്ങൂർ കൈപ്പിള്ളി, എം.ഐ. ബീരാസ് നെടുംതോട്, ആർ.എം. രാമചന്ദ്രൻ മരുതുകവല എന്നീ ബ്രാഞ്ചുകളുടെ ഭാഗമായാവും സെപ്റ്റംബർ രണ്ട് മുതൽ പ്രവർത്തിക്കുക. 

കഴിഞ്ഞ സെപ്റ്റംബർ 28ന് സംസ്ഥാന നേതൃത്വത്തി‍െൻറ തീരുമാനപ്രകാരം പാർട്ടിയിൽനിന്ന് ഒരു വർഷത്തേക്ക് സസ്പെൻഡ്‌ ചെയ്തിരുന്ന 10 നേതാക്കളെയാണ് അവരുടെ താമസ സ്ഥലവുമായി ബന്ധപ്പെട്ട ബ്രാഞ്ചുകളിൽ അംഗങ്ങളായി തിരിച്ചെടുക്കാൻ സംസ്ഥാന കമ്മിറ്റിയുടെ നിർദേശ പ്രകാരം തന്നെ സി.പി.എം ജില്ല കമ്മിറ്റി തീരുമാനിച്ചത്. 

ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായിരുന്ന സി.കെ. മണിശങ്കർ,  ജില്ല കമ്മിറ്റി അംഗങ്ങളായിരുന്ന സി.എൻ. സുന്ദരൻ, പി.കെ. സോമൻ, വി.പി. ശശീന്ദ്രൻ, തൃക്കാക്കര ഏരിയ സെക്രട്ടറിയായിരുന്ന കെ.ഡി. വിൻസെന്റ്, എന്നിവരെയും തിരിച്ചെടുത്തു. അതേസമയം, പുറത്താക്കപ്പെട്ട കൂത്താട്ടുകുളം മുൻ ഏരിയ സെക്രട്ടറി ഷാജു ജേക്കബിനെ തിരിച്ചെടുക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

തൃക്കാക്കര, പെരുമ്പാവൂർ, പിറവം നിയമസഭ മണ്ഡലങ്ങളിൽ ഇടത് സ്ഥാനാർഥികളുടെ തോൽവിയുമായി ബന്ധപ്പെട്ടാണ് ഇവർക്കെതിരെ നടപടിയുണ്ടായത്. അന്വേഷണ കമീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. സി.എൻ. സുന്ദര‍െൻറ പ്രവർത്തനം മകൻ സെക്രട്ടറിയായിരിക്കുന്ന ബ്രാഞ്ചിൽ അംഗമെന്ന നിലയിലായിരിക്കും. 

നേതാക്കളെ തരംതാഴ്ത്താനും ശാസിക്കാനുമെല്ലാമാണ് ആദ്യം ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നത്. എന്നാൽ, നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന പരാതിയിൽ മറ്റു ജില്ലകളിലെല്ലാം നേതാക്കൾക്കെതിരേ കർശന നടപടിയെടുത്തപ്പോൾ എറണാകുളത്ത് മാത്രം മൃദുസമീപനം സ്വീകരിച്ചത് സംസ്ഥാന കമ്മിറ്റിയിൽ രൂക്ഷമായ വിമർശനത്തിന് ഇടയാക്കി. ഇതേ തുടർന്ന് കമ്മിഷൻ റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിട്ടുള്ള മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവരെ പാർട്ടിയിൽനിന്ന് സസ്പെൻഡ്‌ ചെയ്യാൻ സംസ്ഥാന നേതൃത്വം നിർദേശം നൽകുകയായിരുന്നു.

തൃക്കാക്കര മണ്ഡലത്തിലെ തോൽവിയുടെ പശ്ചാത്തലത്തിൽ, ഉണർന്നു പ്രവർത്തിച്ചില്ലെന്ന കാരണം പറഞ്ഞാണ് സി.കെ. മണിശങ്കറിനെയും കെ.ഡി. വിൻസെന്റിനെയും സസ്പെൻഡ്‌ ചെയ്തത്. എന്നാൽ, തൃക്കാക്കര ഉപ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ പാർട്ടി സംവിധാനം മുഴുവൻ ഉണർന്നു പ്രവർത്തിച്ചിട്ടും വൻ പരാജയമാണ് പാർട്ടിക്ക് നേരിടേണ്ടി വന്നത്. ഇത് പാർട്ടി അണികളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു 

Leave a Reply