ഡോക്ടര്‍ അവഗണിച്ചെന്ന് കുടുംബം, നോക്കാന്‍ തയാറായില്ല, ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു; അത്യാസന്ന നിലയില്‍ വയോധികയുമായി കുടുംബം വട്ടം ചുറ്റിയത് 250 കിലോമീറ്റര്‍; ഒടുവില്‍ മരണം

0അടിമാലി: അത്യാസന്ന നിലയിലുള്ള വയോധികയ്ക്ക് അടിയന്തര ചികിത്സയ്ക്ക് 250 കിലോമീറ്ററോളം വട്ടം ചുറ്റേണ്ടിവന്നെന്നും ഒടുവില്‍ രോഗിക്ക് മരണത്തിന് കീഴടങ്ങേണ്ടി വന്നെന്നും കുടുംബം. അടിമാലി മുഞ്ഞേലില്‍ മറിയകുട്ടി (70) ആണ് ബുധനാഴ്ച രാത്രിയോടെ ഇടുക്കി മെഡിക്കല്‍ കോളജില്‍ മരിച്ചത്. താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടെ നിസഹകരണമാണ് നിര്‍ധന കുടുംബമായ തങ്ങളെ വട്ടം ചുറ്റിച്ചതെന്ന് കുടുംബം ആരോപിച്ചു.

അടുത്തിടെയാണ് മറിയക്കുട്ടിയുടെ രണ്ട് കിഡ്‌നിയും തകരാറിലാണെന്ന് സ്ഥിരീകരിച്ചത്. അടിമാലിയിലെ ചികിത്സയ്ക്ക് ഒടുവില്‍ കഴിഞ്ഞ ദിവസം 100 കിലോമീറ്റര്‍ അകലെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. കോട്ടയത്തെ പരിശോധനയില്‍ ഇനി ചികിത്സയില്ലെന്നും വീട്ടില്‍ വിശ്രമിക്കാനും നിര്‍ദേശിച്ചു. ഒപ്പം അടിയന്തരഘട്ടത്തില്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സ തുടരാനും പറഞ്ഞു.

തുടര്‍ന്ന് മറിയക്കുട്ടിയെ ബന്ധുക്കള്‍ വീട്ടില്‍ എത്തിച്ചു. എന്നാല്‍ ബുധനാഴ്ച ഉച്ചയോടെ രോഗം മൂര്‍ച്ഛിച്ചു. സമീപത്തുള്ള അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് മെഡിക്കല്‍ കോളജിലെ കുറിപ്പു കാണിെച്ചങ്കിലും ഡ്യൂട്ടി ഡോക്ടര്‍ സ്വീകരിച്ചില്ലെന്നാണ് ബന്ധുക്കളുടെ പരാതി. കോട്ടയം മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകാനായിരുന്നു നിര്‍ദേശം. ആംബുലന്‍സ് വാടക പോലും കൊടുക്കാന്‍ നിര്‍വാഹമില്ലാത്ത ബന്ധുക്കള്‍ അപേക്ഷിച്ചിട്ടും ഡോക്ടര്‍ നോക്കാന്‍ തയാറായില്ലെന്നും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത എഴുന്നേറ്റ് പോയതായി ബന്ധുക്കള്‍ പറഞ്ഞു. പിന്നീട് സുമനസുകളുടെ സഹായത്തോടെ 40 കിലോമീറ്റര്‍ അകലെയുള്ള ഇടുക്കി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മറിയക്കുട്ടി മരണത്തിന് കീഴടങ്ങി.

Leave a Reply