രണ്ടു വര്‍ഷമായി ദുബായിലെ തന്റെ മുറിയില്‍ സൂക്ഷിച്ചുവച്ചിരുന്ന, ഒരിക്കല്‍ പോലും നേരിട്ട് കണ്ടിട്ടില്ലാത്തയാളുടെ ചിതാഭസ്മം സുഹൃത്ത് വഴി സിജോ പോള്‍ ഇന്നു നാട്ടിലെത്തിക്കും

0

കടുത്തുരുത്തി: രണ്ടു വര്‍ഷമായി ദുബായിലെ തന്റെ മുറിയില്‍ സൂക്ഷിച്ചുവച്ചിരുന്ന, ഒരിക്കല്‍ പോലും നേരിട്ട് കണ്ടിട്ടില്ലാത്തയാളുടെ ചിതാഭസ്മം സുഹൃത്ത് വഴി സിജോ പോള്‍ ഇന്നു നാട്ടിലെത്തിക്കും. തമിഴ്‌നാട് നാഗര്‍കോവില്‍ സ്വദേശിയായ രാജ്കുമാര്‍ തങ്കപ്പന്‍(44) ന്റെ ചിതാഭസ്മമാണ് സുഹൃത്തും സാമൂഹിക പ്രവര്‍ത്തകയും കോവിഡ് മുന്നണി പോരാളിയായ കോഴിക്കോട് മുഴിക്കല്‍ സ്വദേശിനി കല്ലുമുരിക്കല്‍ താഹിറ വഴി എത്തിക്കുന്നത്.
ദുബായില്‍നിന്ന് എത്തിക്കുന്ന ചിതാഭസ്മം താഹിറ കാറില്‍ കന്യാകുമാരിയിലെ തങ്കപ്പന്റെ വീട്ടില്‍ എത്തിച്ചു മക്കള്‍ക്കു െകെമാറും. 2020 മേയ് 13-നാണ് രാജ്കുമാര്‍ അജ്മാനില്‍ കോവിഡ് ബാധിച്ചു മരിച്ചത്. അല്‍ എയ്‌നിലാണ് ശരീരം ദഹിപ്പിച്ചത്. നാട്ടില്‍നിന്ന് രേഖകള്‍ എത്തിച്ച് ഞീഴൂര്‍, കാട്ടാംമ്പാക്ക് വിളയംകോട് വാലയില്‍ സിജോ പോള്‍ ആ ചിതാഭസ്മം ഏറ്റുവാങ്ങുകയായിരുന്നു.
സിജോ മാവേലിക്കര പള്ളിക്കലില്‍ പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ മിഷ്യന്‍ സര്‍വീസ് (സി.എം.എസ്) എന്ന സ്ഥാപനത്തില്‍ 8 മുതല്‍ ഡിപ്ലോമ വരെ പഠിച്ചിരുന്നു. രാജ്കുമാര്‍ കന്യാകുമാരിയിലെ സി.എം.എസിലും. ഒരേ സഭയുടെ സ്ഥാപനത്തില്‍ പഠിച്ചതുകൊണ്ടാണ് ആ സ്ഥാപനത്തിന്റെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് വഴി രാജ്കുമാര്‍ മരിച്ച വിവരം സിജോ അറിയുന്നത്.
എങ്ങനെയെങ്കിലും പിതാവിന്റെ ചിതാഭസ്മം നാട്ടില്‍ എത്തിക്കണമെന്ന് സിജോയോട് രാജ്കുമാറിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ചിതാഭസ്മം ഏറ്റുവാങ്ങുമ്പോള്‍ ചെയ്യേണ്ട കര്‍മങ്ങളെല്ലാം മകന്റെ സ്ഥാനത്ത് നിന്ന് സിജോ ചെയ്തു. ആറ് വര്‍ഷമായി ദുബായില്‍ ജോലി ചെയ്യുന്ന സിജോയ്ക്ക് വ്യക്തിപരമായ കാരണങ്ങളാല്‍ രാജ്കുമാറിന്റെ ചിതാഭസ്മം നാട്ടിലെത്തിക്കുവാന്‍ പറ്റാതെ വന്നു. ഇതറിഞ്ഞ് കോഴിക്കോട് സ്വദേശിനി താഹിറ, സിജോയുടെ ആഗ്രഹം നിറവേറ്റാന്‍ തയാറാകുകയായിരുന്നു.
നാഗര്‍കോവില്‍ സ്വദേശിനിയായ ജാന്‍സിയാണ് സിജോയുടെ ഭാര്യ. ഏക മകള്‍: അഡോര്‍ണ സിജോ. പത്രോസ്, ആലീസ് ദമ്പതികളുടെ മകനാണ് സിജോ പോള്‍.

LEAVE A REPLY

Please enter your comment!
Please enter your name here