സിവിക് ചന്ദ്രനെതിരായ ലൈംഗികാതിക്രമക്കേസില്‍ മുന്‍കൂര്‍ജാമ്യം അനുവദിച്ച് വിവാദ പരാമര്‍ശം നടത്തിയ കോഴിക്കോട് ജില്ലാ ജഡ്ജിയെ സ്ഥലം മാറ്റി

0

കൊച്ചി: സിവിക് ചന്ദ്രനെതിരായ ലൈംഗികാതിക്രമക്കേസില്‍ മുന്‍കൂര്‍ജാമ്യം അനുവദിച്ച് വിവാദ പരാമര്‍ശം നടത്തിയ കോഴിക്കോട് ജില്ലാ ജഡ്ജിയെ സ്ഥലം മാറ്റി. വിവാദ ഉത്തരവ് പുറപ്പെടുവിച്ച ജില്ലാ സെഷന്‍സ് ജഡ്ജി എസ് കൃഷ്ണകുമാര്‍ ഉള്‍പ്പെടെ നാല് ജില്ലാ ജഡ്ജിമാരെയാണ് സ്ഥലംമാറ്റിയത്. ഇതുസംബന്ധിച്ച ഹൈക്കോടതി ഭരണവിഭാഗത്തിന്റെ ഉത്തരവ് പുറത്തിറങ്ങി.

കൃഷ്ണകുമാറിനെ കൊല്ലം ലേബര്‍ കോടതി പ്രിസൈഡിങ് ഓഫീസറാക്കിയാണ് മാറ്റി നിയമിച്ചത്. മഞ്ചേരി ജില്ലാ ജഡ്ജിയായ എസ് മുരളീകൃഷ്ണന്‍ ആണ് കോഴിക്കോട് സെഷന്‍സ് കോടതിയിലെ പുതിയ ജഡ്ജി. എറണാകുളം അഡീ. ജില്ലാ ജഡ്ജിയായിരുന്ന സി പ്രദീപ്കുമാറിനെ മഞ്ചേരി ജില്ലാ ജഡ്ജിയായും കൊല്ലം ലേബര്‍ കോടതി പ്രിസൈഡിങ് ഓഫീസറായിരുന്ന ഡോ സി.എസ്. മോഹിത്തിനെ എറണാകുളം ലേബര്‍ കോടതി പ്രിസൈഡിങ് ഓഫീസറായും നിയമിച്ചു.

സിവിക് ചന്ദ്രന്‍ കേസില്‍ പരാതിക്കാരിയുടേത് പ്രകോപനപരമായ വസ്ത്രധാരണമെന്ന ജഡ്ജിയുടെ പരാമര്‍ശം വിവാദമായിരുന്നു. അതേസമയം സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കിയതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഉത്തരവിലെ വിവാദ പരാമര്‍ശങ്ങള്‍ നീക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടിട്ടുണ്ട്. പരാമര്‍ശങ്ങള്‍ ഇരയുടെ ഭരണഘടനാ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നതാണെന്നും, വസ്തുതകള്‍ പരിഗണിക്കാതെയാണ് മുന്‍കൂര്‍ ജാമ്യം നല്‍കിയതെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here