ആസിഡുമായി വന്ന ടാങ്കർ ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്; റോഡിൽതൊട്ട ഭാഗം പൂർണമായും മണ്ണിട്ടുമൂടി അഗ്‌നിരക്ഷാസേന; സ്ഥിരം അപകടമേഖലയായി ദേശീയ പാതയിലെ നീലേശ്വരം കരുവാച്ചേരി വളവ്

0

നീലേശ്വരം: ഹൈഡ്രോക്ലോറിക് ആസിഡുമായി പോകുകയായിരുന്ന ടാങ്കർ ലോറി ദേശീയപാതയിലെ നീലേശ്വരം കരുവാച്ചേരി വളവിൽ മറിഞ്ഞു. ടാങ്കറിൽ നിന്ന് ആസിഡ് ചോർന്നെങ്കിലും അഗ്‌നിരക്ഷാസേനയും സിവിൽ ഡിഫൻസുമെത്തി ചോർച്ച അടച്ചു. കാർവാറിൽ നിന്നു കൊച്ചിയിലെ ഫാക്ടറിയിലേക്ക് ആസിഡ് കൊണ്ടുപോകുകയായിരുന്ന ലോറിയാണ് ഇന്നലെ രാവിലെ ഒൻപതരയോടെ അപകട്ടിൽ പെട്ടത്.

മറ്റൊരു ലോറി ഓവർടേക് ചെയ്തു പോയപ്പോൾ നിയന്ത്രണം വിട്ടു റോഡിന് എതിർവശത്തേക്കു പാഞ്ഞു കയറിയ ലോറി മറിയുകയായിരുന്നു.ഡ്രൈവർ തമിഴ്‌നാട് മധുര സ്വദേശി രാമമൂർത്തി നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.മറിഞ്ഞത് റോഡ് അരികിലേക്ക് ആയതിനാൽ ഗതാഗത തടസ്സമുണ്ടായില്ല. ടാങ്കറിന്റെ വാൽവിലൂടെ വാതക രൂപത്തിൽ നേരിയ തോതിലാണ് ആസിഡ് ചോർന്നത്. ഈ ഭാഗം മണ്ണിൽ തൊട്ട നിലയിലായിരുന്നു. സുരക്ഷാ കിറ്റ് ധരിച്ച് ഈ ഭാഗം മണ്ണിട്ടു മൂടി.

മണ്ണുമാന്തിയെത്തിച്ച് ഈ ഭാഗത്ത് പൂർണമായും മണ്ണിട്ടു മൂടിയതോടെ ആശങ്ക ഒഴിവായി. കാർവാറിൽ നിന്നു ആസിഡ് മാറ്റുന്ന വാഹനം രാത്രി നീലേശ്വരത്തെത്തി. ജില്ലാ ഫയർ ഓഫിസർ എ.ടി.ഹരിദാസ്, കാഞ്ഞങ്ങാട് ഡിവൈഎസ്‌പി, പി.ബാലകൃഷ്ണൻ നായർ എന്നിവർ നേരിട്ടെത്തിയാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.

കാഞ്ഞങ്ങാട് സ്റ്റേഷൻ ഓഫിസർ പി.വി.പവിത്രൻ, എഎസ്ടിഒ എ.നസറുദ്ദീൻ, ഫയർ ഓഫിസർമാരായ കെ.സതീഷ്, വി.വി.ലിനീഷ്, ഇ.ഷിജു, ടി.വി.സുകേഷ് കുമാർ, പി.അനിൽകുമാർ, വി എസ്.ജയരാജൻ, കെ.കിരൺ, കെ.ദിലീപ്, അതുൽ മോഹൻ എന്നിവരാണ് അഗ്‌നിരക്ഷാസേനയിൽ ഉണ്ടായിരുന്നത്. പോസ്റ്റ് വാർഡർ പി.പി.പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ സിവിൽ ഡിഫൻസ് അംഗങ്ങളായ അക്ഷയ്, മധു, അതുൽ, ശിവപ്രസാദ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. നാട്ടുകാരും സഹായമേകി.

അതേസമയം ദേശീയപാതയിലെ സ്ഥിരം അപകടകേന്ദ്രങ്ങളിലൊന്നാണ് നീലേശ്വരം കരുവാച്ചേരി വളവ്. അപകടത്തിൽ പെട്ട് ഒട്ടേറെപ്പേർക്കു ജീവഹാനിയും സംഭവിച്ചിട്ടുണ്ട്.

Leave a Reply