മൂടിയില്ലാത്ത ഓടയിലേക്ക് വീണ ബൈക്ക് യാത്രികന്റെ തലയിൽ ഇരുമ്പുകമ്പി കുത്തിക്കയറി

0

മൂടിയില്ലാത്ത ഓടയിലേക്ക് വീണ ബൈക്ക് യാത്രികന്റെ തലയിൽ ഇരുമ്പുകമ്പി കുത്തിക്കയറി. വള്ളിക്കോട് പനയക്കുന്ന് മുരുപ്പിൽ മുശാരേത്ത് ബാലകൃഷ്ണൻ നായരുടെ മകൻ യദുകൃഷ്ണൻ (34) ആണ് അപകടത്തിൽപെട്ടത്. പൂട്ടുകട്ട പാകിയ റോഡിൽ തെന്നിയാണ് അപകടമുണ്ടായത്.വള്ളിക്കോട് തിയറ്റർ ജംക്ഷനിലായിരുന്നു അപകടം.

ഓടയുടെ സമീപത്തുകിടന്ന പഴയ കോൺക്രീറ്റ് സ്ലാബിൽ നിന്ന് തള്ളിനിന്ന ഇരുമ്പ് കമ്പി യദുവിന്റെ തലയിലൂടെ തുളച്ചുകയറുകയായിരുന്നു.യദുവിനൊപ്പം ബൈക്കിൽ യാത്രചെയ്ത ബന്ധുവായ രണ്ടര വയസ്സുകാരൻ കാശിനാഥ് നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.
യദുവിന്റെ തലയിലൂടെ ഇരുമ്പുകമ്പി കയറിയിറങ്ങിയ നിലയിലായിരുന്നതിനാൽ രക്ഷാപ്രവർത്തനത്തിനും തടസ്സം നേരിട്ടു. അപകടം സംഭവിച്ച് അരമണിക്കൂറോളം കഴിഞ്ഞ ശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

ആദ്യം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. യദുവിനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.വിദേശത്ത് ജോലി ചെയ്തിരുന്ന യദു കോവിഡ് പ്രതിസന്ധിയെത്തുടർന്നാണ് നാട്ടിലെത്തിയത്. ബുധനാഴ്ച വിവാഹ നിശ്ചയം തീരുമാനിച്ചിരുന്നതുമാണ്.നിശ്ചയത്തിനു ശേഷം വ്യാഴാഴ്ച വിദേശത്തേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതിനിടെയാണ് അപകടം.

ചന്ദനപ്പള്ളി കോന്നി റോഡ് നവീകരണത്തിന്റെ ഭാഗമായി ഏതാനും മാസം മുൻപാണ് തിയറ്റർ ജംക്ഷന് സമീപത്തായി 100 മീറ്ററോളം ഭാഗത്ത് പൂട്ടുകട്ട പാകിയത്.ഇതിനോടനുബന്ധിച്ച് ഓട നവീകരണം നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഓടയ്ക്ക് മൂടി സ്ഥാപിക്കാത്തതിനാലും വാഹനങ്ങൾ പൂട്ടുകട്ടയിൽ തെന്നിനീങ്ങുന്നതിനാലും ഈ ഭാഗത്ത് അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ പറയുന്നു.

അതേസമയം അപകടത്തിന്റെ പൂർണ ഉത്തരവാദിത്തം റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയത കണ്ടില്ലെന്ന് നടിച്ച പൊതുമരാമത്ത് വകുപ്പിന്റേതാണെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. യദുവിന്റെ ചികിത്സാ ചെലവ് പൂർണമായും സർക്കാർ ഏറ്റെടുക്കാൻ നടപടിയുണ്ടാകണം. റോഡ് നിർമ്മാണത്തിലെ ആശാസ്ത്രീയതെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Leave a Reply