കൊച്ചിയിൽ വൻ എടിഎം തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ

0

കൊച്ചി: കൊച്ചിയിൽ വൻ എടിഎം തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ. ഉത്തർപ്രദേശ് സ്വദേശിയായ മുബാറക്ക് എന്നയാളാണ് പിടിയിലായത്. ഇടപ്പള്ളിയിൽ നിന്ന് പിടികൂടിയ ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു. എടിഎം തട്ടിപ്പിൽ കൂടുതൽ പേർ ഉണ്ടോയെന്നതും ഉൾപ്പടെയുള്ള കാര്യങ്ങളും പൊലീസ് പരിശോധിക്കുന്നു. ഇയാൾ ഉപയോഗിച്ച ഉപകരണങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

കൊച്ചിയിലെ 11 ഇടങ്ങളിലാണ് തട്ടിപ്പ് നടന്നത്. എടിഎമ്മിലെ പണം വരുന്ന ഭാഗത്ത് കൃത്രിമം നടത്തിയായിരുന്നു തട്ടിപ്പ്. സ്കെയിൽ പോലെയുള്ള വസ്തുവാണ് കൃത്രിമം നടത്താൻ ഉപയോ​ഗിച്ചത്. കട്ടിയുള്ള കടലാസാണെന്നും സംശയിക്കുന്നതായി പൊലീസ് പറയുന്നു. കളമശ്ശേരി എടിഎമ്മിൽ നിന്നും ഒരു ദിവസം കാൽലക്ഷം രൂപയാണ് ഇത്തരത്തിൽ തട്ടിയെടുത്തത്.

കൊച്ചിയിലെ സൗത്ത് ഇൻഡ്യൻ ബാങ്കിന്റെ എടിഎമ്മുകളിലാണ് വ്യാപക തട്ടിപ്പു നടന്നത്. 18-ാം തീയതിയാണ് കളമശ്ശേരി പ്രീമിയർ ജംഗ്ഷനിലെ എടിഎമ്മിൽ നിന്നും പണം തട്ടിയെടുത്തത്. ഇതിൽ കേസെടുത്ത് പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് കൂടുതൽ സ്ഥലങ്ങളിൽ തട്ടിപ്പു നടന്നതായി വ്യക്തമായത്.

എടിഎമ്മിലെ പണം വരുന്ന ഭാഗം എന്തോ വെച്ച് തടസ്സപ്പെടുന്നു. ഇടപാടുകൾ പണം പിൻവലിക്കാൻ ശ്രമിക്കുമ്പോൾ തുക പുറത്തേക്ക് വരില്ല. ഇതേത്തുടർന്ന് ഇടപാടുകാർ എടിഎമ്മിൽ നിന്നും പുറത്തേക്ക് പോകുമ്പോൾ, മോഷ്ടാവ് ഉള്ളിൽ കയറി പണം കൈക്കലാക്കുകയാണ് ചെയ്തിരുന്നത്.

തിരുവാങ്കുളം, വൈറ്റില, കടവന്ത്ര, ചേന്ദമംഗലം, ഇടപ്പള്ളി, ബാനർജി റോഡ്, കളമശേരി, തൃപ്പൂണിത്തുറ തുടങ്ങിയ എടിഎമ്മുകളിൽനിന്ന്‌ പണം നഷ്‌ടമായിട്ടുണ്ട്‌. ഇടപാടുകാർ പണം പിൻവലിക്കുമ്പോൾ അക്കൗണ്ടിൽനിന്ന്‌ തുക നഷ്‌ടമാകും. പക്ഷേ, പേപ്പർവച്ച്‌ തടഞ്ഞിരിക്കുന്നതിനാൽ പണം പുറത്തേക്ക്‌ വരില്ല. ഇടപാടുകാർ എടിഎമ്മിൽനിന്ന്‌ ഇറങ്ങുന്നതിനുപിന്നാലെ മോഷ്ടാവ് എത്തി പണം എടുക്കും.

വ്യാഴാഴ്‌ചയാണ് തട്ടിപ്പ്‌ അരങ്ങേറിയത്‌. കളമശേരി, തൃപ്പൂണിത്തുറ ഭാഗങ്ങളിലെ എടിഎമ്മുകളിൽനിന്ന്‌ 25,000 രൂപ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. പണം നഷ്‌ടപ്പെട്ടതോടെ ഇടപാടുകാർ ബാങ്കിൽ പരാതിയുമായെത്തി. 10,000 രൂപയോളം നഷ്ടമായവരാണ് ബാങ്കിൽ എത്തിയത്‌. കളമശേരി പൊലീസിൽ ചില ഇടപാടുകാർ പരാതി നൽകിയിരുന്നു. ഓരോ എടിഎമ്മിൽനിന്നും 10,000 രൂപയിൽ കൂടുതൽ നഷ്ടപ്പെട്ടതായാണ്‌ പൊലീസ് കണക്കാക്കുന്നത്. എടിഎമ്മിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു.

കളമശ്ശേരി എടിഎമ്മിൽ നിന്നും ഏഴു തവണയായിട്ടാണ് കാൽലക്ഷം രൂപ തട്ടിയെടുത്തത്. കളമശ്ശേരി എടിഎമ്മിലെ തട്ടിപ്പിൽ ബാങ്ക് മാനേജരുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. പാലാരിവട്ടം, തൃപ്പൂണിത്തുറ തുടങ്ങിയ എടിഎമ്മുകളിലും തട്ടിപ്പു നടന്നതായാണ് പൊലീസിന്റെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയത്. തട്ടിപ്പു നടത്തി പണം കൈക്കലാക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.

സംഭവത്തിനുപിന്നിൽ കൂടുതൽ ആളുകളുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്‌. ബാങ്കിൽനിന്ന്‌ ആകെ എത്രരൂപ നഷ്‌ടമായെന്ന്‌ സ്ഥിരീകരിച്ചിട്ടില്ല. ബാങ്കിന്റെ സാങ്കേതിക വിദഗ്ധരുമായി വെള്ളിയാഴ്‌ച അന്വേഷകസംഘം സംസാരിക്കും. മറ്റ് ബാങ്കുകളുടെ എടിഎമ്മിൽനിന്ന്‌ സമാനരീതിയിൽ പണം നഷ്‌ടമായിട്ടുണ്ടോയെന്നും അന്വേഷിക്കുകയാണെന്ന്‌ എസിപി പറ‌ഞ്ഞു.

Leave a Reply