നാഷനൽ ഡിഫൻസ് അക്കാദമിയിലേക്കുള്ള പെൺകുട്ടികളുടെ ആദ്യ ബാച്ചിലേക്കു കേരളത്തിൽ നിന്നു യോഗ്യത നേടിയ മിടുക്കികൾ

0

കുട്ടിക്കാലംതൊട്ട് മനസ്സിൽ സൂക്ഷിച്ച സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിനായി ചുവടുവയ്ക്കുന്നതിന്റെ ആഹ്ലാദത്തിലാണ് ആൻ റോസ് മാത്യുവും ശ്രീലക്ഷ്മി ഹരിദാസും. നാഷനൽ ഡിഫൻസ് അക്കാദമിയിലേക്കുള്ള (എൻഡിഎ) പെൺകുട്ടികളുടെ ആദ്യ ബാച്ചിലേക്കു കേരളത്തിൽ നിന്നു യോഗ്യത നേടിയ മിടുക്കികൾ. രാജ്യമൊട്ടാകെ ഒന്നേമുക്കാൽ ലക്ഷം പെൺകുട്ടികൾ എഴുതിയ പ്രവേശന പരീക്ഷയിൽ മെറിറ്റ് അടിസ്ഥാനത്തിൽ യോഗ്യത നേടിയ 19 പേരിൽ ആൻ റോസിന് 7–ാം റാങ്കും ശ്രീലക്ഷ്മിക്ക് 12–ാം റാങ്കും ലഭിച്ചു.

നാവിക സേനയിൽ കമാൻഡറായ മാനന്തവാടി പയ്യമ്പിള്ളി പൊൻപാറയ്ക്കൽ മാത്യു പി. മാത്യുവിന്റെ മകളായ ആൻ തൃക്കാക്കര ഗവ. മോഡൽ എൻജിനീയറിങ് കോളജിലെ ഒന്നാം വർഷ ബിടെക് വിദ്യാർഥിയാണ്.

ഇടപ്പള്ളി ഗവ. ടിടിഐയിലെ അധ്യാപികയായിരുന്ന അമ്മ ബീനയുടെ സ്വപ്നമായിരുന്നു മകളെ സൈനിക ഓഫിസറായി കാണുകയെന്നത്. അർബുദ ബാധിതയായി ബീന മരിച്ചു 3 മാസത്തിനു ശേഷമാണ് ആൻ റോസിനെത്തേടി ആ അവസരമെത്തിയത്. കൊച്ചി നേവി ചിൽ‍ഡ്രൻസ് സ്കൂളിലായിരുന്നു പഠനം. സഹോദരൻ ക്രിസ്റ്റോ കോയമ്പത്തൂരിൽ സോഫ്റ്റ്‌വെയർ എൻജിനീയറാണ്.

മർച്ചന്റ് നേവി റിട്ട. ചീഫ് എൻജിനീയർ അയ്യന്തോൾ മൈത്രി പാർക്കിൽ എ–9 ‘കൃഷ്ണകൃപ’യിൽ ഹരിദാസ് ഭാസ്കരന്റെയും പോട്ടോർ ഭവൻസ് വിദ്യാമന്ദിർ കംപ്യൂട്ടർ സയൻസ് അധ്യാപിക ജ്യോതി പുതുമനയുടെയും മകളാണ് ശ്രീലക്ഷ്മി. സിബിഎസ്ഇ 12–ാം ക്ലാസ് പരീക്ഷയിൽ, പോട്ടോർ കുലപതി മുൻഷി ഭവൻസ് വിദ്യാമന്ദിർ സ്കൂളിലെ ടോപ്പറായതിനു പിന്നാലെയാണ് ശ്രീലക്ഷ്മിയെ തേടി ആഹ്ലാദവാർത്തയെത്തിയത്. സഹോദരൻ ശ്രീദത്ത് ചെന്നൈ വിഐടിയിൽ എൻജിനീയറിങ് വിദ്യാർഥി.

നവംബറിൽ നടന്ന പ്രവേശന പരീക്ഷയ്ക്കു ശേഷം കായിക, മാനസിക പരിശോധനകളും അഭിമുഖവും വിജയകരമായി പൂർത്തീകരിച്ച ആൻ റോസും ശ്രീലക്ഷ്മിയും 4 വർഷത്തെ പരിശീലനത്തിനായി 6ന് പുണെ നാഷനൽ ഡിഫൻസ് അക്കാദമിയിൽ ചേരും.

LEAVE A REPLY

Please enter your comment!
Please enter your name here