പ്ലസ്ടു സേ പരീക്ഷാഫലം വൈകുന്നു; ഉപരിപഠനം അനിശ്ചിതത്വത്തിലായി വിദ്യാർത്ഥികൾ

0

കോഴിക്കോട്: പ്ലസ്ടു വിദ്യാർത്ഥികളുടെ പുനർ പരീക്ഷാഫലവും മാർക്ക് ലിസ്റ്റും ലഭിക്കാൻ വൈകുന്നു. ഇത് കാരണം ഉപരിപഠനത്തിനോ അഖിലേന്ത്യാതലത്തിൽ നടത്തപ്പെടുന്ന മത്സരപ്പരീക്ഷകൾക്കോ പോലും അവസരം നഷ്ടപ്പെട്ട് അവതാളത്തിലായിരിക്കുകയാണ് വിദ്യാർഥികൾ. പ്ലസ് ടു മാർക്ക് കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി പുനർമൂല്യനിർണയത്തിന് അപേക്ഷിച്ചവരും സേ പരീക്ഷയെഴുതിയവരുമാണ് നിലവിൽ ആശങ്കയിലായിരിക്കുന്നത്. ബിരുദപ്രവേശനത്തിനുള്ള പ്രക്രിയകൾ അവസാനഘട്ടത്തിലായതിനാൽ ഫലം ഇനിയും വൈകിയാൽ ഒരുവർഷം വിദ്യാർത്ഥികൾക്ക് നഷ്ടമാകുമെന്നതാണ്‌ ആശങ്ക ഉയർത്തുന്നത്.

മുൻവർഷങ്ങളിൽ ബിരുദപ്രവേശനത്തിനുള്ള അലോട്ട്‌മെന്റ് തുടങ്ങിക്കഴിയുമ്പോഴേക്കും ഫലം വരാറുണ്ടായിരുന്നു. ഈ വർഷത്തെപ്പോലെ വൈകാറില്ലെന്ന് അധ്യാപകർ പറയുന്നു. ഇക്കുറി സേ പരീക്ഷയുടെ മൂല്യനിർണയം പൂർത്തിയാകാൻതന്നെ ഓഗസ്റ്റ് പകുതിയായി. പ്ലസ്ടു പരീക്ഷയിലെ മാർക്ക് മെച്ചപ്പെടുത്താൻ അപേക്ഷിച്ചവർക്കാകട്ടെ, മാർക്ക് ലിസ്റ്റ് കിട്ടാതെ ബിരുദപ്രവേനം സാധിക്കില്ല.

കാലിക്കറ്റ് സർവകലാശാലയിൽ ബിരുദപ്രവേശനത്തിനുള്ള രണ്ട് അലോട്ട്‌മെന്റുകൾ കഴിഞ്ഞു. മൂന്ന് അലോട്ട്‌മെന്റാണ് ആകെയുള്ളത്. അതിനകം ഫലംവരുമോ എന്നുറപ്പില്ല. മറ്റു സർവകലാശാലകളിലും സ്വയംഭരണകോളേജുകളിലും അവസരം ലഭിക്കാനും ഇടയില്ല. സേ പരീക്ഷാഫലം വന്നശേഷം ഒരവസരം കഴിഞ്ഞവർഷങ്ങളിൽ കാലിക്കറ്റ് സർവകലാശാല നൽകിയിരുന്നു. രണ്ടാം അലോട്ട്‌മെന്റിനിടയിൽത്തന്നെ ഫലം വരുന്നതിനാലാണ് അത് സാധ്യമായത്. ഇക്കുറി വളരെ വൈകിയാണ് ഫലംവരുന്നതെങ്കിൽ അവർക്കുവേണ്ടി പ്രത്യേകം അലോട്ട്‌മെന്റ് അവസരം നൽകേണ്ടിവരും. ഇല്ലെങ്കിൽ തുടർപഠനത്തിനുള്ള സാധ്യതയാണ് ഇല്ലാതാവുക.

LEAVE A REPLY

Please enter your comment!
Please enter your name here