സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പ്രശസ്ത കന്നഡ സംവിധായകൻ കിരൺരാജിന്റെ പേരിൽ വ്യാജ ഫോൺ കോൾ തട്ടിപ്പ്

0

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പ്രശസ്ത കന്നഡ സംവിധായകൻ കിരൺരാജിന്റെ പേരിൽ വ്യാജ ഫോൺ കോൾ തട്ടിപ്പ്. നടി മാലാ പാർവതിയെയാണ് തട്ടിപ്പിന് ഇരയാക്കാൻ ശ്രമം നടന്നത്. ഇന്ത്യയിലാകെ വിജയമായ ‘777 ചാർളി’ എന്ന കന്നഡ ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകനാണ് മലയാളിയായ കിരൺരാജ്.

പുതിയ ചിത്രത്തിൽ അഭിനയിക്കാൻ ഡേറ്റ് ആവശ്യപ്പെട്ട്, കിരൺരാജ് എന്നു പരിചയപ്പെടുത്തിയ വ്യക്തി മാലാ പാർ‌വതിയെ ‍‌നിരന്തരം ഫോണിൽ വിളിച്ചതോടെ ഇതു സ്ഥിരീകരിക്കാൻ ‘777 ചാർളി’യുടെ സൗണ്ട് ഡിസൈനറും പരിചയക്കാരനുമായ എം.ആർ. രാജാകൃഷ്ണനെ വിളിച്ചു. രാജാകൃഷ്ണൻ വഴി ഈ വിഷയം കിരൺരാജ് അറിഞ്ഞതോടെയാണ് തട്ടിപ്പു പുറത്തായത്. കിരൺരാജിന്റെ നിർദേശ പ്രകാരം അദ്ദേഹത്തെ കോൺഫറൻസ് കോളിൽ ബന്ധിപ്പിച്ചുകൊണ്ട് മാലാ പാർവതി അജ്ഞാതനെ ഫോണിൽ വിളിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു.

‘‘മാലാ മാഡം കോൺഫറ‌ൻസ് കോളിൽ എന്നെയും കണക്ട് ചെയ്ത് തട്ടിപ്പുകാരനോട് സിനിമയുടെ വിശദവിവരങ്ങൾ ആവശ്യപ്പെട്ടു. അയാൾ‌ സംസാരിച്ചു തുടങ്ങിയപ്പോൾ ഞാൻ ഇടപെടുകയും അയാൾ ആരാണെന്നും ഉദ്ദേശ്യമെന്താണെന്നും ചോദിച്ചു. കെണി മനസ്സിലായ അയാൾ കോൾ കട്ട് ചെയ്ത് ഫോൺ സ്വിച് ഓഫ് ചെയ്തു. ഫോൺ കോൾ‌ ഞങ്ങൾ റെക്കോർഡ് ചെയ്തിട്ടുണ്ട്’’ – സിനിമ സ്റ്റൈലിൽ തട്ടിപ്പുകാരനെ കുടുക്കിയ അനുഭവം കിരൺ രാജ് പങ്കുവച്ചു.

‘‘ഇത് വളരെ ഗൗരവമുള്ള വിഷയമാണ്. ഉത്തരവാദിത്തമുള്ള ഒരു പൗരൻ എന്ന നിലയിൽ ഇത് എനിക്ക് ഒരിക്കലും പ്രോത്സാഹിപ്പിക്കാൻ കഴിയില്ല. മാല പാർവതി മാഡം വളരെ ശക്തമായിത്തന്നെ ഈ പ്രശ്നത്തെ നേരിട്ടു. പക്ഷേ ഇത്തരം തട്ടിപ്പുകാരുടെ കുടുക്കിൽ നിരവധി ചെറുപ്പക്കാർ വീഴുമോ എന്ന് ഭയമുണ്ട് പ്രത്യേകിച്ച് യുവതികൾ. ഈ അജ്ഞാതൻ ഇതുപോലെ പലരെയും പറ്റിച്ചിട്ടുണ്ടാകാമെന്നും ഞാൻ കരുതുന്നു’’– കിരൺ രാജ് ആശങ്ക പങ്കുവച്ചു.

Leave a Reply