മരുതറോഡ് കൊട്ടേക്കാട് കുന്നങ്കാട് സിപിഎം നേതാവിനെ വെട്ടി കൊലപ്പെടുത്തിയത് അതിക്രൂരമായി

0

പാലക്കാട്: മരുതറോഡ് കൊട്ടേക്കാട് കുന്നങ്കാട് സിപിഎം നേതാവിനെ വെട്ടി കൊലപ്പെടുത്തിയത് അതിക്രൂരമായി. സിപിഎം മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗവും കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറിയുമായ കുന്നങ്കാട് വീട്ടിൽ സായിബ്ക്കുട്ടിയുടെ മകൻ ഷാജഹാൻ (40) ആണു കൊല്ലപ്പെട്ടത്. നേരത്തെ നടന്ന മലമ്പുഴ ആറുച്ചാമി കൊലക്കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചവരാണ് പ്രതികൾ എന്നാണ് പൊലീസിന്റെ നിഗമനം. അഞ്ചു പേരടങ്ങുന്ന സംഘമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പൊലീസ് ലഭിച്ച സൂചന.

സംഭവത്തിനു പിന്നിൽ ബിജെപി പ്രവർത്തകരാണെന്നു സിപിഎം ആരോപിച്ചു. ഡിവൈഎഫ്‌ഐയിൽനിന്നു അടുത്ത കാലത്ത് ബിജെപിയിലേക്കു പോയ 2 പേരാണ് കൊലപാതകത്തിന്റെ ആസൂത്രകരെന്നും സിപിഎം ആരോപിക്കുന്നു. കൊലപാതകത്തിൽ പങ്കില്ലെന്നും സിപിഎമ്മിലെ ആഭ്യന്തര പ്രശ്‌നങ്ങളാണ് കാരണമെന്നും ബിജെപി അറിയിച്ചു. എന്നാൽ രാഷ്ട്രീയ കൊലപാതകമാണോ ഇതെന്നു പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. പ്രതികൾക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്. ഞായറാഴ്ച രാത്രി ഒൻപതരയോടെ കുന്നങ്കാട് ജംക്ഷനിലാണ് സംഭവം. കടയ്ക്കു മുന്നിൽ സുഹൃത്തിനൊപ്പം നിൽക്കുകയായിരുന്ന ഷാജഹാനെ പരിസരത്തുണ്ടായിരുന്ന ഒരു സംഘം വടിവാൾ ഉപയോഗിച്ചു വെട്ടിവീഴ്‌ത്തി. തലയ്ക്കും കഴുത്തിനും വെട്ടേറ്റ ഷാജഹാനെ ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികളും ബന്ധുക്കളും ഉടൻ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ കൊട്ടേക്കാടും നഗരത്തിലും കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തി. ജില്ലാ ആശുപത്രിയിൽ എത്തിയ എംഎൽഎ എ.പ്രഭാകരൻ പിന്നീടു സംഭവ സ്ഥലവും സന്ദർശിച്ചു. ഷാജഹാന്റെ കാലിലും തലയ്ക്ക് പിറകിലുമായാണ് വെട്ടേറ്റത്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കി കടയിൽനിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങാൻ കുന്നങ്കാട് ജങ്ഷനിൽ നിൽക്കുമ്പോഴായിരുന്നു ആക്രമണം. വെട്ടിയ ശേഷം പ്രതികളെല്ലാം ഓടി രക്ഷപ്പെട്ടു.

കൂടെയുണ്ടായിരുന്ന സുരേഷും സുഹൃത്തുക്കളും ചേർന്നാണ് ഷാജഹാനെ ആശുപത്രിയിൽ എത്തിച്ചത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചയിൽ. പോസ്റ്റുമോർട്ടം തിങ്കളാഴ്ച നടക്കും. മരുതറോഡ് പഞ്ചായത്തിൽ തിങ്കളാഴ്ച ഹർത്താൽ ആചരിക്കും. പ്രദേശത്ത് ഫ്‌ളക്‌സ് ബോർഡ് വയ്ക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തർക്കമുണ്ടായിരുന്നതായും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് സൂചന. അഞ്ച് പേരെയും കണ്ടാൽ തിരിച്ചറിയാമെന്ന് ഒപ്പമുണ്ടായിരുന്ന സുരേഷ് പറഞ്ഞു.

കൊലപാതകം അറിഞ്ഞ് സിപിഐ എം നേതാക്കളും പ്രവർത്തകരും ജില്ലാ ആശുപത്രിയിലേക്ക് ഒഴുകിയെത്തി. സിപിഐ എം കേന്ദ്രകമ്മിറ്റി അം?ഗം എ കെ ബാലൻ, സംസ്ഥാന കമ്മിറ്റിയംഗം എൻ എൻ കൃഷ്ണദാസ്, എ പ്രഭാകരൻ എംഎൽഎ, സിപിഐ എം പുതുശേരി ഏരിയ സെക്രട്ടറി എസ് സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവർ ജില്ലാ ആശുപത്രിയിൽ എത്തി. ഭാര്യ: ഐഷ (കേരള ബാങ്ക് ജീവനക്കാരിയാണ്). മക്കൾ: ഷാഹിർ, ഷക്കീർ, ഷിഫാന. അച്ഛൻ: സായ്ബ്കുട്ടി. അമ്മ: സുലൈഖ.

സംസ്ഥാനത്ത് കഴിഞ്ഞ ആറ് വർഷത്തിനിടെ ആർഎസ്എസ് ക്രിമിനൽസംഘം നിഷ്‌കരുണം കൊന്നുതള്ളിയത് 17 സിപിഎം പ്രവർത്തകരെ ആണെന്ന് സിപിഎ ആരോപിക്കുന്നു. വർഗീയ അജണ്ടകൾക്ക് സിപിഐ എം തടസ്സമാണെന്ന തിരിച്ചറിവാണ് ഓരോ കൊലപാതകത്തിനും കാരണം. ആർഎസ്എസ് നേതാക്കളുടെ അറിവോടെയും പിന്തുണയോടെയും കൃത്യമായ ആസൂത്രണത്തോടെയായിരുന്നു ഓരോ കൊലപാതകവും എന്ന് സിപിഎം പറയുന്നു

Leave a Reply