വരാപ്പുഴ സ്വദേശി ശ്യാം കുത്തേറ്റു മരിച്ച സംഭവത്തില്‍ മൂന്നു പേര്‍ അറസ്‌റ്റില്‍

0

വാക്കുതര്‍ക്കത്തിനിടെ വരാപ്പുഴ സ്വദേശി ശ്യാം(33) കുത്തേറ്റു മരിച്ച സംഭവത്തില്‍ മൂന്നു പേര്‍ അറസ്‌റ്റില്‍. എറണാകുളം നെട്ടൂര്‍ പഴയ പള്ളിക്കു സമീപം പൂതേപാടം വീട്ടില്‍ ഹര്‍ഷാദ്‌ (30), പനങ്ങാട്‌, കുമ്പളം നോര്‍ത്ത്‌ കൈതാരം വീട്ടില്‍ തോമസ്‌(53), പനങ്ങാട്‌, മാടവന, കളപ്പുരക്കല്‍ വീട്ടില്‍ സുധീര്‍ (32) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. എറണാകുളം സൗത്ത്‌ പാലത്തിനു താഴെ വാക്കുതര്‍ക്കത്തിനിടയില്‍ വരാപ്പുഴ സ്വദേശിയായ ശ്യാമിനെ പ്രതികള്‍ കുത്തിവീഴ്‌ത്തുകയായിരുന്നു.
ഇന്നലെ പുലര്‍ച്ചെ രണ്ടിനാണു കേസിനാസ്‌പദമായ സംഭവം. സംഭവത്തെക്കുറിച്ചു പോലീസ്‌ പറയുന്നതിങ്ങനെ:
പ്രതികള്‍ ഇന്നലെ മദ്യപിക്കാനാണ്‌ നെട്ടൂരില്‍ ഒത്തുകൂടിയത്‌. മദ്യപാനത്തിനുശേഷം പുലര്‍ച്ചെ ഒരു മണിയോടെ പ്രതിയായ സുധീറിന്റെ സുഹൃത്തിന്റെ കാറില്‍ കൊച്ചിയിലേക്കു പുറപ്പെട്ടു. സൗത്ത്‌ പാലത്തിനു താഴെയെത്തിയപ്പോള്‍ ഇവര്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ കണ്ട്‌ കാര്‍ നിര്‍ത്തി. ഹര്‍ഷാദും തോമസും കാറില്‍നിന്ന്‌ ഇറങ്ങി. ആ സമയം അവിടെ കൊല്ലപ്പെട്ട ശ്യാമും കുറച്ചു സുഹൃത്തുക്കളും ഉണ്ടായിരുന്നു.
ട്രാന്‍സ്‌ജെന്റേഴ്‌സിനെ സമീപിച്ച ഹര്‍ഷാദ്‌ ആ സമയം അവിടെ വന്ന ശ്യാമിനോട്‌ മദ്യലഹരിയില്‍ തട്ടിക്കയറുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്യാന്‍ ശ്യാമിന്റെ സുഹൃത്തുക്കള്‍ എത്തിയപ്പോള്‍ ഹര്‍ഷാദ്‌ കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത്‌ വീശുകയും ശ്യാമിനെ കുത്തുകയും ചെയ്‌തു. ശ്യാമിന്റെ സുഹൃത്തായ അരുണിനും അമലിനും പരുക്കേറ്റു. ഈ സമയം കാറില്‍ ഉണ്ടായിരുന്ന സുധീര്‍ ഇറങ്ങി വരികയും ഇവരെ കാറില്‍ കയറ്റി കൊണ്ടുപോകുകയും ചെയ്‌തു.
ശ്യാമിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അരുണ്‍ ആശുപത്രിയില്‍ തുടരുകയാണ്‌.
ആക്രമണത്തിന്‌ ശേഷം പ്രതികള്‍ ഒളിവില്‍ പോയി. കൊച്ചി സിറ്റി പോലീസ്‌ കമ്മീഷണര്‍ സി.എച്ച്‌ നാഗരാജുവിന്റെ നിര്‍ദേശപ്രകാരം എറണാകുളം ഡി.സി.പി എസ്‌. ശശിധരന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘമാണു പ്രതികളെ അറസ്‌റ്റ്‌ ചെയ്‌തത്‌.

Leave a Reply