ഭാര്യ ഭർത്താവിന്റെ ഓഫിസിലെത്തി മോശം ഭാഷയിൽ സംസാരിക്കുന്നത് വിവാഹ ബന്ധത്തിലെ ക്രൂരതയാണെന്ന് നിരീക്ഷിച്ചു

0

ഭാര്യ ഭർത്താവിന്റെ ഓഫിസിലെത്തി മോശം ഭാഷയിൽ സംസാരിക്കുന്നത് വിവാഹ ബന്ധത്തിലെ ക്രൂരതയാണെന്ന് നിരീക്ഷിച്ചു ഛത്തിസ്ഗഢ് ഹൈക്കോടതി. ഭർത്താവിന്റെ ഹർജിയിൽ വിവാഹ മോചനം അനുവദിച്ച റായ്പുർ കുടുംബ കോടതി വിധി ശരിവച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. കുടുംബ കോടതി വിധിക്കെതിരെ ഭാര്യ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി.

ഭർത്താവിന് ഓഫിസിലെ സഹപ്രവർത്തകയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യ മന്ത്രിക്കു പരാതി നൽകിയിരുന്നു. ഭർത്താവിനെ സ്ഥലം മാറ്റണം എന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി. ഇതും ക്രൂരതയായി കണക്കാക്കാമെന്ന് ഹൈക്കോടതി വിലയിരുത്തി.

ഭർത്താവ് മരിച്ച മരിച്ച 34കാരിയെ 2010ൽ ആണ് 32കാരനായ ഹർജിക്കാരൻ വിവാഹം കഴിച്ചത്. എന്നാൽ അധികം വൈകാതെ വിവാഹ മോചന ഹർജിയുമായി കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു. മാതാപിതാക്കളെയും മറ്റ് ബന്ധുക്കളെയും കാണുന്നതിനെ ഭാര്യ എതിർക്കുന്നു എന്നത് ഉൾപ്പെടെ ഒട്ടേറെ കാരണങ്ങളാണ് വിവാഹ മോചനത്തിനു കാരണമായി ചൂണ്ടിക്കാട്ടിയത്.

2019ൽ വിവാഹ മോചനം അനുവദിച്ച് കുടുംബ കോടതി ഉത്തരവു വന്നു. ഇതിനെതിരെ ഭാര്യ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സ്ത്രീയോട് ഭർത്താവ് ക്രൂരമായാണ് പെരുമാറിയിരുന്നതെന്ന് അവരുടെ അഭിഭാഷകൻ വാദിച്ചു. ഇതു കണക്കിലെടുക്കാതെയാണ് കുടുംബ കോടതി ഉത്തരവെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. വ്യാജമായ തെളിവുകൾ ഉണ്ടാക്കിയാണ് ഭർത്താവ് വിവാഹ മോചനം നേടിയതെന്നും ഹർജിയിൽ പറഞ്ഞു. എന്നാൽ വസ്തുതകൾ പരിശോധിച്ച ഹൈക്കോടതി ഇതു തള്ളി.

Leave a Reply