ഐ.എസ്‌. ബന്ധം സംശയിച്ച്‌ ആറു സംസ്‌ഥാനങ്ങളിലായി 13 സ്‌ഥലങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി പരിശോധന നടത്തി

0

ഐ.എസ്‌. ബന്ധം സംശയിച്ച്‌ ആറു സംസ്‌ഥാനങ്ങളിലായി 13 സ്‌ഥലങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ.) പരിശോധന നടത്തി. മധ്യപ്രദേശ്‌, ഗുജറാത്ത്‌, ബിഹാര്‍, കര്‍ണാടക, മഹാരാഷ്‌ട്ര, ഉത്തര്‍പ്രദേശ്‌ എന്നീ സംസ്‌ഥാനങ്ങളിലായിരുന്നു റെയ്‌ഡ്‌. ജൂണ്‍ 25 ന്‌ യു.എ.പി.എ. പ്രകാരം എടുത്ത കേസിന്റെ അടിസ്‌ഥാനത്തിലായിരുന്നു റെയ്‌ഡ്‌. നിയമവിരുദ്ധമായ നിരവധി രേഖകള്‍ പിടിച്ചെടുത്തതായി ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യയുമായി ബന്ധപ്പെട്ട ഫുല്‍വാരി ഷെരീഫ്‌ കേസില്‍ നളന്ദ ജില്ലയടക്കം ബിഹാറിലെ വിവിധ കേന്ദ്രങ്ങളില്‍ എന്‍.ഐ.എ. കഴിഞ്ഞ വ്യാഴാഴ്‌ച മുതല്‍ റെയ്‌ഡ്‌ നടത്തിവരികയായിരുന്നു. എസ്‌.ഡി.പി.ഐയുമായി ബന്ധപ്പെട്ട ആളുകളുള്ള സ്‌ഥലങ്ങളിലാണ്‌ ഈ റെയ്‌ഡുകള്‍ നടത്തിയതെന്നും ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. രാജ്യവിരുദ്ധ പ്രവര്‍ത്തനം സംശയിച്ച്‌ മൂന്നു പോപ്പുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ പ്രവര്‍ത്തകരെ അടുത്തിടെ ബിഹാര്‍ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നു.
കേസ്‌ പിന്നീട്‌ എന്‍.ഐ.എയ്‌ക്കു കൈമാറി. ഭോപ്പാല്‍ (മധ്യപ്രദേശ്‌), ബറൂച്ച്‌, സൂറത്ത്‌, നവ്‌സാരി, അഹമ്മദാബാദ്‌ (ഗുജറാത്ത്‌), അരാരിയ (ബിഹാര്‍), ഭട്‌കല്‍, തുംകൂര്‍ (കര്‍ണാടക), കോലാപുര്‍, നന്ദേദ്‌(മഹാരാഷ്‌ട്ര), ദിയോബന്ദ്‌ (യു.പി) എന്നിവിടങ്ങളിലാണ്‌ ഇന്നലെ എന്‍.ഐ.എ. റെയ്‌ഡ്‌ നടത്തിയത്‌.

LEAVE A REPLY

Please enter your comment!
Please enter your name here