‘താൻ പറയുന്നത് കേൾക്കാൻ ക്ഷമ കാണിച്ചില്ല’; ഫോൺ സംഭാഷണ വിവാദത്തിൽ പ്രതികരണവുമായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ

0

തിരുവനന്തപുരം: പൊലീസ് സർക്കിൾ ഇൻസ്പെക്ടറുമായുള്ള ഫോൺ സംഭാഷണ വിവാദത്തിൽ പ്രതികരണവുമായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ. സിഐയെ വിളിച്ചത് നല്ല ഉദ്ദേശ്യത്തിലാണ്. താൻ വിളിച്ചത് പ്രതിയെ രക്ഷിക്കാനല്ല. വീട്ടമ്മയുടെ പരാതിയാണ് പറഞ്ഞത്. പ്രതിയെ അവിടെ നിന്നും മാറ്റി കുടുംബത്തെ രക്ഷപ്പെടുത്താനാണ് താൻ ആവശ്യപ്പെട്ടത്.

പ്രതിയെ അടിക്കാൻ താൻ പറഞ്ഞിട്ടില്ല. സംഭാഷണത്തിന്റെ തുടക്കം മുതലെ പൊലീസ് ഉദ്യോഗസ്ഥന്റെ പ്രതികരണം ക്ഷമയില്ലാതെയായിരുന്നു. താൻ പറയുന്നത് കേൾക്കാൻ പോലുമുള്ള ക്ഷമ കാണിച്ചില്ല. ഗുരുതരമായ വീഴ്ചയാണ് പൊലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്നും മന്ത്രി ജി ആർ അനിൽ കുറ്റപ്പെടുത്തി.

താൻ എന്തിനു വേണ്ടിയാണ് വിളിച്ചത് എന്ന് പരിശോധിക്കൂ. താൻ കുറ്റക്കാരനെങ്കിൽ കുറ്റം ഏറ്റെടുക്കാൻ തയാറാണെന്നും മന്ത്രി അനിൽ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം പൊലീസ് ഉദ്യോഗസ്ഥനെതിരെ രൂക്ഷവിമർശനവുമായി ഇടതുമുന്നണി കൺവീനർ ഇപി ജയരാജനും രംഗത്തെത്തി.

മന്ത്രി അനിലിനോട് പൊലീസ് ഉദ്യോഗസ്ഥൻ കാണിച്ചത് ധിക്കാരവും അഹങ്കാരവുമാണെന്ന് ഇപി ജയരാജൻ പറഞ്ഞു. ഗുരുതരമായ വീഴ്ച പൊലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുമുണ്ടായി. മന്ത്രിയോട് ഒരിക്കലും പറയാൻ പാടില്ലാത്തതാണ് സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞതെന്നും ഇപി ജയരാജൻ അഭിപ്രായപ്പെട്ടു.

മന്ത്രി ജി ആർ അനിലും വട്ടപ്പാറ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഗിരി ലാലും തമ്മിലുണ്ടായ വാക്കു തർക്കം വിവാദമായിരുന്നു. ഇതിന്റെ ഓഡിയോ പുറത്തുവരികയും ചെയ്തിരുന്നു. ഒരു കുടുംബ കേസിൽ ഇടപെടാനായി ഇൻസ്‌പെക്ടറെ വിളിച്ചപ്പോഴാണ് തർക്കമുണ്ടായത്. ന്യായമായി കാര്യങ്ങൾ ചെയ്യാമെന്ന ഇൻസ്‌പെക്ടറുടെ മറുപടിയാണ് മന്ത്രിയെ പ്രകോപിച്ചത്. ഓഡിയോ വിവാദമായതിന് പിന്നാലെ ഉദ്യോഗസ്ഥനെ വിജിലൻസിലേക്ക് സ്ഥലംമാറ്റുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here