രാഹുല്‍ ഗാന്ധിയുടെ മനസ് മാറുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് വീണ്ടും നീളുന്നു

0

രാഹുല്‍ ഗാന്ധിയുടെ മനസ് മാറുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് വീണ്ടും നീളുന്നു. അധ്യക്ഷപദവി ഏറ്റെടുക്കാന്‍ രാഹുലിനെ നിര്‍ബന്ധിക്കുന്നതിനായി തെരഞ്ഞെടുപ്പിന്റെ സമയപരിധി ഒരു മാസത്തേക്കുകൂടി നീട്ടിയതായാണ് ഏറ്റവുമൊടുവില്‍ ലഭിക്കുന്ന സൂചന. അതേസമയം പുതിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ ദീപാവലിക്കു മുമ്പ് ചുമതലയേല്‍ക്കുമെന്നും പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചു.
നേരത്തെയുള്ള തീരുമാനപ്രകാരം സെപ്തംബര്‍ 21-നകം പുതിയ അധ്യക്ഷന്‍ തെരഞ്ഞെടുക്കപ്പെടേണ്ടതാണ്. എന്നാല്‍ രാഹുല്‍ ഗാന്ധി നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ലാത്തതിനാല്‍ നിലവിലെ പരിതസ്ഥിതികള്‍ തെരഞ്ഞെടപ്പിന് അനുകൂലമല്ലെന്നാണ് വക്താക്കള്‍ പറയുന്നത്. എന്നാല്‍ ഒക്‌ടോബറോടെ എല്ലാം ശുഭകരമായി കലാശിക്കുമെന്നാണ് കണക്കുകൂട്ടല്‍.
തെരഞ്ഞെടുപ്പ് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി ഞായറാഴ്ച യോഗം ചേരും. സോണിയാ ഗാന്ധിയും രാഹുലും പ്രിയങ്കയും വിദേശത്തായതിനാല്‍ പ്രവര്‍ത്തക സമിതി അംഗങ്ങള്‍ അവരുമായി ഓണ്‍െലെനില്‍ സംവദിക്കും. മെഡിക്കല്‍ പരിശോധയ്ക്കായുള്ള വിദേശയാത്രയ്ക്കിടെ സോണിയാ ഗാന്ധി അസുഖബാധിതയായ തന്റെ മാതാവിനെ സന്ദര്‍ശിക്കാന്‍ ഇറ്റലിയിലേക്കു പോകുമെന്ന് സൂചനയുണ്ട്്.
2019 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷപദം രാജിവച്ച രാഹുല്‍ ഗാന്ധി, സമ്മര്‍ദം ഏറെയുണ്ടായിട്ടും പദവിയിലേക്കു തിരിച്ചെത്താന്‍ ഒരുക്കമല്ല. മകന്‍ സ്ഥാനമൊഴിഞ്ഞപ്പോള്‍ പാര്‍ട്ടിയുടെ അഭ്യര്‍ഥന മാനിച്ച് ഇടക്കാല അധ്യക്ഷയായിത്തീര്‍ന്ന സോണിയാ ഗാന്ധിയും തന്റെ ആരോഗ്യനില ചൂണ്ടിക്കാട്ടി പദവിയില്‍ തുടരാന്‍ വിസമ്മതിക്കുന്നു. ഈ സാഹചര്യങ്ങള്‍ പ്രിയങ്കാ ഗാന്ധി വാധ്‌രക്ക് അനുകൂലമായെങ്കിലും അവര്‍ നയിച്ച ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് പരാജയം നേരിട്ടത് കോണ്‍ഗ്രസ് അണികളെ നിരാശപ്പെടുത്തുന്നുണ്ട്. ഗാന്ധികുടുംബത്തിനു പുറത്തുള്ള ഒരാളെ പാര്‍ട്ടി അധ്യക്ഷനായി തിരഞ്ഞെടുക്കണമെന്ന് രാഹുല്‍ ഗാന്ധി ആവര്‍ത്തിക്കുന്നുണ്ടെങ്കിലും നേതൃനിരയിലുള്ളവര്‍ അദ്ദേഹത്തില്‍ത്തന്നെ പ്രതീക്ഷയര്‍പ്പിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. എന്നിരുന്നാലും, മൂന്നു ഗാന്ധിമാരും മത്സരത്തില്‍നിന്നു വിട്ടുനിന്നാല്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയും എഴുപത്തൊന്നുകാരനുമായ അശോക് ഗെലോട്ടായിരിക്കും മുന്‍നിരയിലുള്ള സ്ഥാനാര്‍ഥി. അതേസമയം സോണിയാ ഗാന്ധി തനിക്ക് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം വാഗ്ദാനം ചെയ്തുവെന്ന വാര്‍ത്ത ഗെലോട്ട് നിഷേധിച്ചു. പാര്‍ട്ടിയെ നയിക്കാന്‍ രാഹുല്‍ ഗാന്ധിയല്ലാതെ മറ്റൊരു പേരില്ലെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. രാഹുലിനെ അധ്യക്ഷനാക്കാന്‍ അവസാനം വരെ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിദേശയാത്രയ്ക്കുമുമ്പ് സോണിയാ ഗാന്ധി ഗെലോട്ടുമായി അടച്ചിട്ട മുറിയില്‍ സംസാരിച്ചിരുന്നതായും അധ്യക്ഷപദവി ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെയും രാജസ്ഥാന്‍ മുഖ്യമന്ത്രിയുടേതുമായി സോണിയ തനിക്ക് രണ്ടു ജോലികള്‍ തന്നിട്ടുണ്ടെന്നും അതു തുടരുകയാണ് ഉത്തരവാദിത്വമെന്നും ഗെലോട്ട് മാധ്യമങ്ങളോടു വിശദീകരിച്ചു. എന്നും താന്‍ അച്ചടക്കമുള്ള പോരാളിയായിരുന്നു. ഇനിയും അങ്ങനെ തന്നെ തുടരും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply