ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു

0

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു. രാജിക്കത്ത് ഗവർണർക്ക് കൈമാറി. ബിഹാറിൽ ബിജെപിയുമായുള്ള ദീർഘകാല ബന്ധമാണ് പരിസമാപ്തിയിൽ എത്തിയത്.

അതേസമയം പട്നയിൽ തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങളാണ് നടക്കുന്നത്. മുഖ്യമന്ത്രി നിതീഷ് കുമാർ എൻഡിഎ മുന്നണി വിട്ട് പുറത്തേക്ക് തന്നെയെന്ന് ഉറപ്പായി. എൻഡിഎ വിട്ടെത്തിയാൽ മുഖ്യമന്ത്രി നിതീഷ് കുമാറിന് പിന്തുണ നൽകാമെന്ന് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ആർജെഡി രാവിലെ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. മുന്നണി വിട്ടെത്തിയാൽ നിതിഷിനെ പിന്തുണയ്ക്കുമെന്ന് കോൺഗ്രസും ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ നിതീഷ് മുന്നണി വിടുന്നുവെന്നതിൽ ഏകദേശം ഉറപ്പായി. എൻഡിഎ വിടുന്നതിൽ തീരുമാനമെടുക്കാൻ ചേർന്ന ജെഡിയു എംഎൽഎമാരുടെ യോഗം പറ്റ്നയിൽ പുരോഗമിക്കുകയാണ്. മുന്നണി വിടാൻ യോഗത്തിൽ ധാരണയായതായാണ് ഒടുവിൽ ലഭിക്കുന്ന സൂചന. ഗവർണ്ണറുമായുള്ള കൂടിക്കാഴ്ചക്ക് നിതീഷ് കുമാർ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ഉച്ചയ്ക്ക് ഗവർണർ- മുഖ്യമന്ത്രി കൂടിക്കാഴ്ച നടന്നേക്കും.

നിതീഷ് കുമാർ ജനതാദൾ– യുണൈറ്റഡ് (ജെഡി–യു) എംഎൽഎമാരുമായും എംപിമാരുമായും കൂടിക്കാഴ്ച നടത്തി. രാഷ്ട്രീയ ജനതാദൾ (ആർജെഡി) അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ പട്‌നയിലെ വസതിയിൽ ആർജെഡി എംഎൽഎമാരും നേതാക്കളും യോഗം ചേർന്നു. ഇരുയോഗങ്ങളിലും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. ആർജെഡിയും കോൺഗ്രസും തമ്മിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം യോഗം ചേരുന്നുണ്ട്. നിതീഷ് കുമാർ ബിജെപി വിട്ടാൽ സഖ്യത്തിന് തയാറാണെന്ന് ആർജെഡിയും കോൺഗ്രസും സൂചിപ്പിച്ചു. ഹിന്ദുസ്ഥാൻ അവാം മോർച്ചയും സിപിഐഎംഎല്ലും നിതീഷ് കുമാറിന് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.

കേന്ദ്ര മന്ത്രിസഭയിൽ വീണ്ടും ചേരേണ്ടതില്ലെന്ന് പാർട്ടി തീരുമാനിച്ചതായി ജെഡി–യു ദേശീയ അധ്യക്ഷൻ ലലൻ സിങ് പ്രഖ്യാപിച്ചിരുന്നു. നേരത്തെ പാർട്ടി അധ്യക്ഷനായിരുന്ന ആർസിപി സിങ്ങിന് രാജ്യസഭാംഗത്വം പുതുക്കി നൽകാതെ മന്ത്രിസഭയിൽ നിന്ന് പാർട്ടി പുറത്തെത്തിച്ചിരുന്നു. അഴിമതിയുടെ കാര്യത്തിൽ വിശദീകരണം ചോദിച്ചതോടെ ആർസിപി സിങ് ശനിയാഴ്ച പാർട്ടി വിട്ടു. ഈ വിഷയം ചർച്ച ചെയ്യാനാണ് ഇന്നു യോഗം ചേരുന്നതെന്നാണ് ജെഡി–യുവിന്റെ ഔദ്യോഗിക വിശദീകരണം.

അടുത്തിടെ ചില സുപ്രധാന വിട്ടുനിൽക്കലിലൂടെയാണ് നിതീഷ് രാഷ്ട്രീയം വ്യക്തമാക്കിയത്. രാഷ്ട്രപതി ദ്രൗപദി മുർമു അധികാരമേൽക്കുന്ന ചടങ്ങിലും മുൻ രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ വിടവാങ്ങൽ ചടങ്ങിലും അദ്ദേഹം പങ്കെടുത്തില്ല. ഞായറാഴ്ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന നിതി ആയോഗ് യോഗത്തിൽ നിന്നും വിട്ടുനിന്നു. കോവിഡ് അനന്തര ബുദ്ധിമുട്ടുകളാണ് വിട്ടുനിൽക്കാൻ കാരണമെന്ന് മുഖ്യമന്ത്രിയോട് അടുപ്പമുള്ളവർ വിശദീകരിക്കുന്നു.

എന്നാൽ ഇതേ ദിവസങ്ങളിൽ മറ്റു യോഗങ്ങളിൽ അദ്ദേഹം പങ്കെടുക്കുകയും ചെയ്തു. നേരത്തെ കോവിഡ് വിഷയത്തിൽ പ്രധാനമന്ത്രി വിളിച്ച യോഗത്തിലും സ്വാതന്ത്ര്യദിനാഘോഷത്തെപ്പറ്റി ചർച്ച ചെയ്യാൻ അമിത്ഷാ വിളിച്ച യോഗത്തിലും നിതീഷ് പങ്കെടുത്തിരുന്നില്ല. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി നിതീഷ് ഫോണിൽ ചർച്ച നടത്തിയെന്ന വാർത്തയുണ്ടെങ്കിലും ഇക്കാര്യം കോൺഗ്രസ് സ്ഥിരീകരിച്ചില്ല.

Leave a Reply