മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളം തമിഴ്നാട് കൊണ്ടുപോകണമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി

0

ഇടുക്കി : മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളം തമിഴ്നാട് കൊണ്ടുപോകണമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി. 2144 ക്യു സെക്സ് വെള്ളം മാത്രമാണ് ഇപ്പോൾ തമിഴ്നാട് കൊണ്ടുപോകുന്നത്. എന്നാൽ 3000 ക്യുസെക്സ് വരെ വെള്ളം തമിഴ് നാടിന് കൊണ്ടുപോകാവുന്നതാണ്. ഇത് ഉയ‍ർത്തണമെന്ന് ആവശ്യപ്പെട്ട മന്ത്രി, മുഖ്യമന്ത്രിയുടെ ഓഫീസിനെയും ചീഫ് സെക്രട്ടറിയെയും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. മഴ ശക്തമായ സാഹചര്യത്തിൽ അണക്കെട്ടുകൾ തുറന്നതിനാൽ ഇടുക്കിയിൽ മാത്രം 25 കോടിയുടെ നഷ്ടമാണ് വൈദ്യുതി വകുപ്പിന് ഉണ്ടായതെന്നും മന്ത്രി കൃഷ്ണൻ കുട്ടി അറിയിച്ചു.

മഴ കുറഞ്ഞിട്ടും വൃഷ്ടി പ്രദേശങ്ങളിൽ നിന്നുള്ള നീരൊഴുക്ക് കുറയാത്തതിനാലാണ് കേരളത്തിൽ കൂടുതൽ അണക്കെട്ടുകൾ തുറന്നത്.
ഇപ്പോൾ സംസ്ഥാനത്ത് 32 അണക്കെട്ടുകളാണ് തുറന്നിട്ടുള്ളത്. ഇതിൽ 16 എണ്ണം കെഎസ്ഇബിയുടെ കീഴിൽ ഉള്ളവയാണ്. പാലക്കാട് ചുള്ളിയാർ ഡാമിൻറെ ഒരു സ്പിൽവെ ഷട്ടർ ഇന്ന് തുറന്നു. നാളെ രാവിലെ8 ന് വാളയാർ ഡാം തുറക്കും. മലമ്പുഴ ഡാം ഷട്ടറുകൾ കൂടുതൽ ഉയർത്തിയിട്ടുണ്ട്. പാലക്കാട്, തൃശൂർ, വയനാട്, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ പുഴയോരങ്ങളിൽ അതീവ ജാഗ്രത തുടരുകയാണ്.

അതേ സമയം, ജലനിരപ്പ് ഉയർന്നതിനാൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും കൂടുതൽ വെള്ളം തുറന്നു വിടാൻ തീരുമാനിച്ചു. സെക്കന്റിൽ പതിനായിരം ഘനയടിയിലധികം ഒഴുക്കി വിടും. പെരിയാർ തീരത്ത് താമസിക്കുന്ന വള്ളക്കടവ് മുതൽ വണ്ടിപ്പെരിയാർ വരെയുള്ളവരോട് സ്ഥലത്ത് നിന്നും മാറാൻ കർശന നിർദേശം നൽകി. ഇടുക്കി ആർ ഡി ഒ നേരിട്ടത്തിയാണ് നിർദേശം നൽകിയത്. ക്യാമ്പിലേക്ക് മാറാൻ വാഹന സൗകര്യം ഏർപ്പെടുത്തും.

LEAVE A REPLY

Please enter your comment!
Please enter your name here