എഴുത്തുകാരൻ ഡോ. എസ് വി വേണുഗോപൻ നായർ അന്തരിച്ചു

0

തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും കഥാകൃത്തും അധ്യാപകനുമായ ഡോ. എസ് വി വേണുഗോപന്‍ നായര്‍ (76) അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം.

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ആദിശേഷന്‍, ഗര്‍ഭശ്രീമാന്‍, മൃതിതാളം, രേഖയില്ലാത്ത ഒരാള്‍,തിക്തം തീക്ഷ്ണം തിമിരം,ഭൂമിപുത്രന്റെ വഴി തുടങ്ങിവയാണ് അദ്ദേഹത്തിന്റെ പ്രധാന കഥാ സമാഹാരങ്ങള്‍.

1945 ഏപ്രില്‍ 18ന് നെയ്യാറ്റിന്‍കര താലൂക്കിലെ കാരോടാണ് എസ്. വി. വേണുഗോപന്‍ നായരുടെ ജനനം. മലയാള സാഹിത്യത്തില്‍ എം എ, എം ഫില്‍, പിഎച്ച്ഡി ബിരുദങ്ങള്‍ നേടി.1965 മുതല്‍ വിവിധ കോളജുകളില്‍ അദ്ധ്യാപകനായി ജോലി ചെയ്തു.

നാഗര്‍കോവില്‍ സ്‌കോട്ട് ക്രിസ്റ്റിയന്‍ കോളജ്, മഞ്ചേരി, നിലമേല്‍, ധനുവച്ചപുരം, ഒറ്റപ്പാലം, ചേര്‍ത്തല എന്‍ എസ് എസ് എന്നീ കോളേജുകളിലും മലയാളം അദ്ധ്യാപകനായി ജോലി ചെയ്തിരുന്നു.

‘രേഖയില്ലാത്ത ഒരാള്‍’ ഇടശ്ശേരി അവാര്‍ഡിനും ‘ഭൂമിപുത്രന്റെ വഴി’ കേരള സാഹിത്യ അക്കാദമി അവാര്‍ഡിനും അര്‍ഹമായി. മരണാനന്തര ചടങ്ങുകള്‍ രണ്ടു ദിവസത്തിന് ശേഷം നടക്കും.

Leave a Reply