വിവാഹ വേഷത്തിലെത്തി പരീക്ഷ എഴുതി അനീന; മണവാട്ടിയായി കോളജിലെത്തിയത് പരീക്ഷാ ദിനവും വിവാഹ ദിവസവും ഒന്നായതോടെ

0

കുണ്ടറ: വിവാഹ വേഷത്തിലെത്തി പരീക്ഷ എഴുതിയ ശേഷം നേരേ വിവാഹ വേദിയിലേക്ക്. പടപ്പക്കര ഫാത്തിമ ജംക്‌ഷൻ ചെറുപുഷ്പ വിലാസത്തിൽ രാജൻ ആന്റണിയുടെയും ചെറുപുഷ്പത്തിന്റെയും മകളായ അനീനയാണ് വിവാഹ വേഷത്തിൽ പരീക്ഷാ ഹാളിലെത്തിയത്. അവസാന സെമസ്റ്റർ പരീക്ഷയിലെ കോംപ്രിഹെൻസീവ് പേപ്പർ പരീക്ഷയെഴുതാനാണ് അനീന മണവാട്ടിയായി അണിഞ്ഞൊരുങ്ങി എത്തിയത്.

പരീക്ഷാ ദിനവും വിവാഹ ദിവസവും ഒന്നായതോടെ മണവാട്ടിയായി ഒരുങ്ങിയാണ് അനീന കോളജിലെത്തിയത്. പടപ്പക്കര സെന്റ് ജോസഫ് ദേവാലയത്തിൽ തന്റെ ജീവിതത്തിന്റെ പുതിയ അധ്യായം തുടങ്ങുന്നതിനുള്ള ഒരുക്കങ്ങൾ നടക്കുമ്പോൾ മണവാട്ടി അനീന രാജ് തൊട്ടടുത്തുള്ള കോളജിൽ പരീക്ഷയെഴുത്തിന്റെ തിരക്കിലായിരുന്നു.

പേരയം എൻ എസ് എസ് ആർട്സ് ആൻഡ് സയൻസ് കോളജിലെ അവസാന വർഷ എംഎ ഇംഗ്ലിഷ് വിദ്യാർത്ഥിനിയാണ്. കോട്ടപ്പുറം തടവിള വീട്ടിൽ രാജുവിന്റെയും ബ്രിജിറ്റയുടെയും മകൻ ആർ. സന്തോഷാണ് വരൻ. രാവിലെ 9.30 ന് ആരംഭിച്ച പരീക്ഷ ഒന്നര മണിക്കൂറിനുള്ളിൽ എഴുതിത്തീർത്താണ് അനീന ദേവാലയത്തിലെ ചടങ്ങുകളിലേക്ക് എത്തിയത്.

അവസാന സെമസ്റ്റർ പരീക്ഷയിലെ കോംപ്രിഹെൻസീവ് പേപ്പർ പരീക്ഷയായിരുന്നു ഇന്നലെ നടന്നത്. സാധാരണ സർവകലാശാല പരീക്ഷകളിൽ നിന്നു വ്യത്യസ്തമായി 100 ചോദ്യങ്ങളുള്ള ഒബ്ജക്ടീവ് ടൈപ്പ് ക്വസ്റ്റ്യൻ പേപ്പറായതിനാൽ പരീക്ഷ എഴുതാൻ 3 മണിക്കൂർ വേണ്ടി വരാത്തതും അനീനയ്ക്കു തുണയായി. 11 ന് മിന്നുകെട്ട് ചടങ്ങുകൾക്കായി ദേവാലയ അങ്കണത്തിലെത്താനും സാധിച്ചു

Leave a Reply