കേരളത്തിൽ സ്വർണ്ണവില ഇടിഞ്ഞു

0

കേരളത്തിൽ സ്വർണ്ണവില ഇടിഞ്ഞു. ഇന്ന് ഒരു പവന് 37,600 രൂപയും, ഒരു ഗ്രാമിന് 4700 രൂപയുമാണ് നിരക്ക്. ഇന്നലെ വൈകുന്നേരത്തെ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ ഒരു പവന് 80 രൂപയും, ഒരു ഗ്രാമിന് 10 രൂപയുമാണ് കുറ‍ഞ്ഞത്. ഇതോടെ ഇന്നലെയും ഇന്നുമായി ഒരു പവന് 480 രൂപയും, ഒരു ഗ്രാമിന് 60 രൂപയുമാണ് ഒറ്റയടിക്ക് കുറ‍ഞ്ഞത്. ഇതോടെ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്കാണ് സ്വർണ്ണവില പതിച്ചത്.

കേരളത്തിൽ ഇന്നലെ മൂന്നു തവണ സ്വർണ്ണവില താഴ്ന്നിരുന്നു. ഇന്നലെ രാവിലെ ഒരു പവന് 160 രൂപയും, ഒരു ഗ്രാമിന് 20 രൂപയുമാണ് കുറഞ്ഞത്. ഒരു പവൻ സ്വർണ്ണത്തിന് 38,080 രൂപയും, ഒരു ഗ്രാമിന് 4760 രൂപയുമായിരുന്നു രാവിലത്തെ വില. ഇന്നലെ ഉച്ചയ്ക്കു ശേഷം വീണ്ടും സ്വർണ്ണവിലയിൽ കുറവുണ്ടായി. ഒരു പവന് 200 രൂപയും, ഒരു ഗ്രാമിന് 25 രൂപയുമാണ് കുറഞ്ഞത്. ഇന്നലെ വൈകുന്നേരം വീണ്ടും സ്വർണ്ണവില താഴ്ന്നു. ഒരു പവന് 200 രൂപയും, ഒരു ഗ്രാമിന് 25 രൂപയുമാണ് ഇടിവുണ്ടായത്.

ഇതോടെ ഇന്നലെ ഒരു ദിവസം ഒരു പവൻ സ്വർണ്ണത്തിന് 400 രൂപയും, ഒരു ഗ്രാം സ്വർണ്ണത്തിന് 50 രൂപയുമാണ് കുറഞ്ഞത്. സംസ്ഥാനത്ത് കഴി‍ഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണ്ണവിലയിൽ മാറ്റമില്ലായിരുന്നു. ഒരു പവൻ സ്വർണ്ണത്തിന് 38,240 രൂപയും, ഒരു ഗ്രാമിന് 4780 രൂപയുമായിരുന്നു നിരക്ക്. ഇതിനു മുമ്പ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് ആഗസ്റ്റ് ഒന്നിനായിരുന്നു. അന്ന് ഒരു പവന് 38,520 രൂപയും, ഒരു ഗ്രാമിന് 4710 രൂപയുമായിരുന്നു വില

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില ആഗസ്റ്റ് 13 മുതൽ 15 വരെയാണ് രേഖപ്പെടുത്തിയത്. ഒരു പവന് 38,360 രൂപയും, ഒരു ഗ്രാമിന് 4815 രൂപയുമായിരുന്നു വിലനിലവാരം. ആഗസ്റ്റ് 15 നു ശേഷം തുടർച്ചയായി ഡൗൺ ട്രെൻഡാണ് സ്വർണ്ണവില പ്രകടമാക്കിക്കൊണ്ടിരിക്കുന്നത്.ആഗോള വിപണിയിൽ കഴി‍ഞ്ഞയാഴ്ച മൂന്നു ശതമാനത്തോളമാണ് സ്വർണ്ണവിലയിൽ ഇടിവുണ്ടായത്. അമേരിക്കൻ കേന്ദ്രബാങ്ക് സെപ്തംബറിലും പലിശനിരക്കുകൾ വർധിപ്പിക്കുമെന്ന ആശങ്കയും സ്വർണ്ണവിലയിലെ ഇടിവിന് കാരണമാണ്. ഡോളറിന്റെ മൂല്യം വർധിക്കുന്നതും സ്വർണ്ണവില താഴാനുള്ള മറ്റൊരു പ്രധാന കാരണമാണ്. കേരളത്തിലെ റീടെയിൽ വില്പനയിലും കുറവുണ്ടായിട്ടുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

സംസ്ഥാനത്തെ കഴിഞ്ഞ മാസത്തെ ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് ജൂലൈ-5 ന് ആയിരുന്നു. അന്ന് ഒരു പവന് 38,480 രൂപയായിരുന്നു. ഒരു ഗ്രാമിന് 4810 രൂപയുമായിരുന്നു. മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയത് ജൂലൈ 21 നായിരുന്നു. അന്ന് ഒരു പവന് 36,800 രൂപയും, ഒരു ഗ്രാം സ്വർണ്ണത്തിന് 4600 രൂപയുമായിരുന്നു.

രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന സ്വർണ്ണത്തിന്റെ തീരുവ ഈയിടെ വർധിപ്പിച്ചിരുന്നു. 7.5 ശതമാനത്തിൽ നിന്നും 12.5 ശതമാനമായാണ് തീരുവ വർധിപ്പിച്ചത്. കൂടാതെ 2.5 ശതമാനം അഗ്രി സെസ്, 0.75 ശതമാനം സാമൂഹ്യക്ഷേമ സർചാർജ് തുടങ്ങിയവയും ഏർപ്പെടുത്തിയിരുന്നു. ഇതോടെ സ്വർണ്ണത്തിന്റെ മൊത്തം ഡ്യൂട്ടി 15.75 ശതമാനമാകും.

LEAVE A REPLY

Please enter your comment!
Please enter your name here