കുടുംബത്തിന്റെ എതിർപ്പ് അവഗണിച്ച് പ്രണയബന്ധം തുടർന്ന മകളെ കൊല്ലാൻ കൊട്ടേഷൻ നൽകിയ പിതാവ് അറസ്റ്റിൽ

0

ലഖ്നൗ: കുടുംബത്തിന്റെ എതിർപ്പ് അവഗണിച്ച് പ്രണയബന്ധം തുടർന്ന മകളെ കൊല്ലാൻ കൊട്ടേഷൻ നൽകിയ പിതാവ് അറസ്റ്റിൽ. ഉത്തർപ്രദേശിൽ മീററ്റിലെ മോദിപുരത്താണ് സംഭവം. വാർഡ് ബോയിക്ക് ഒരു ലക്ഷം രൂപ കൊടുത്ത് പിതാവ് മകളെ കൊല്ലാൻ ഏൽപ്പിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വാർഡ് ബോയ് ആശുപത്രിയിലെ ഒരു സ്ത്രീ തൊഴിലാളിയേയും കൂടെ കൂട്ടി പെൺകുട്ടിയെ പ്രവേശിപ്പിച്ച ആശുപത്രി ഐ.സി.യുവിൽ കയറുകയായിരുന്നു. തുടർന്ന് ഉയർന്ന് ഡോസിൽ പൊട്ടാസ്യം ക്ലോറൈഡ് പെൺകുട്ടിക്ക് കുത്തിവെക്കുകയായിരുന്നു. ഉടൻ തന്നെ പെൺകുട്ടിയുടെ ആരോഗ്യസ്ഥിതി വഷളാവുകയും മോദിപുരത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിക്കുകയും ചെയ്തു. ആശുപത്രി അധികൃതർ നടത്തിയ പരിശോധനയിൽ പെൺകുട്ടിയ്ക്ക് ഉയർന്ന തോതിൽ പൊട്ടാസ്യം ക്ലോറൈഡ് കുത്തിവെച്ചു എന്ന് കണ്ടെത്തുകയായിരുന്നു.

സി.സി.ടി.വി. പരിശോധിച്ചപ്പോൾ വാർഡ് ബോയ് നരേഷ് കുമാർ പെൺകുട്ടിക്ക് പൊട്ടാസ്യം ക്ലോറൈഡ് കുത്തിവെക്കുന്നത് ശ്രദ്ധയിൽ പെടുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. തുടർന്ന് നരേഷിനെ ചോദ്യം ചെയ്തതിലൂടെയാണ് പെൺകുട്ടിയുടെ പിതാവ് മകളെ കൊല്ലാൻ വേണ്ടി ഒരു ലക്ഷം രൂപയ്ക്ക് കൊട്ടേഷൻ നൽകിയ സംഭവം പുറത്തു വന്നത്. നരേഷ് സഹായത്തിനായി മറ്റൊരു സ്ത്രീ തൊഴിലാളിയേയും കൂടെ കൂട്ടിയിരുന്നു.

അത്യാസന്നനിലയിലായിരുന്ന പെൺകുട്ടിയെ വെള്ളിയാഴ്ചയാണ് കൻഖർഖേര ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുരങ്ങനെ കണ്ട് പേടിച്ച് വീടിന് മുകളിൽ നിന്ന് വീഴുകയായിരുന്നു എന്നായിരുന്നു പെൺകുട്ടിയുടെ പിതാവ് നവീൻ കുമാർ ആശുപത്രിയിൽ പറഞ്ഞത്. എന്നാൽ പെൺകുട്ടി വീടിന് മുകളിൽ നിന്ന് ആത്മഹത്യ ചെയ്യാൻ വേണ്ടി താഴേക്ക് ചാടുകയായിരുന്നു. ഇത് പ്രതിയായ അച്ഛൻ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

മകൾക്ക് ഒരു യുവാവുമായി ഇഷ്ടത്തിലായിരുന്നുവെന്നും എന്നാൽ ഇതിൽ നിന്ന് പിന്മാറാൻ നിർബന്ധിച്ചെങ്കിലും മകൾ അനുസരിച്ചില്ലെന്നും പെൺകുട്ടിയുടെ അച്ഛൻ നവീൻകുമാർ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
പെൺകുട്ടിയുടെ പിതാവിനേയും വാർഡ് ബോയിയേയും സഹായിയായ സ്ത്രീയേയും പോലീസ് അറസ്റ്റ് ചെയ്തു. കുത്തിവെക്കാൻ ഉപയോഗിച്ച ഇഞ്ചക്ഷനും പൊട്ടാസ്യം ക്ലോറൈഡും 90,000 രൂപയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here