ഊരകത്ത് വീടിന്‍റെ വാതിൽ കുത്തിപ്പൊളിച്ച് നാലര പവൻ ആഭരണങ്ങളും 75,000 രൂപയും മോഷ്ടിച്ച കേസിൽ കുപ്രസിദ്ധ മോഷ്ടാവ് പൊലീസിന്‍റെ പിടിയിലായി

0

വേങ്ങര (മലപ്പുറം): ഊരകത്ത് വീടിന്‍റെ വാതിൽ കുത്തിപ്പൊളിച്ച് നാലര പവൻ ആഭരണങ്ങളും 75,000 രൂപയും മോഷ്ടിച്ച കേസിൽ കുപ്രസിദ്ധ മോഷ്ടാവ് തിരുവനന്തപുരം വെങ്ങാനൂർ വട്ടവള വീട്ടിൽ രാജേഷ് എന്ന ഉടുമ്പ് രാജേഷ് (39) വേങ്ങര പൊലീസിന്‍റെ പിടിയിലായി. വേങ്ങര ഇൻസ്പെക്ടർ മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിലെ പ്രത്യേക അന്വേഷണസംഘമാണ് പിടികൂടിയത്.
ജൂൺ 26ന് അർധരാത്രിയാണ് കേസിനാസ്പദ സംഭവം. പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് 16 ദിവസത്തോളം വേങ്ങര, കൂരിയാട്, കൊളപ്പുറം, കൊണ്ടോട്ടി, മലപ്പുറം, പെരിന്തൽമണ്ണ, കരിങ്കല്ലത്താണി എന്നിവിടങ്ങളിലും പരിസരങ്ങളിലുമുള്ള ഇരുനൂറോളം സി.സി ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി ഉപയോഗിച്ച വാഹനം തിരിച്ചറിഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് രാജേഷിനെ പിടികൂടിയത്.

കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി അമ്പതോളം മോഷണക്കേസുകളില്‍ പ്രതിയായ രാജേഷ് നിരവധി കേസുകളില്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
മലപ്പുറം ജില്ല പൊലീസ് മേധാവി എസ്. സുജിത്ത് ദാസിന്‍റെ നേതൃത്വത്തില്‍ മലപ്പുറം ഡിവൈ.എസ്.പി അബ്ദുൽ ബഷീർ, ഇൻസ്പെക്ടർ മുഹമ്മദ് ഹനീഫ, എസ്.ഐമാരായ എം. ഗിരീഷ്, രാധാകൃഷ്ണൻ, മുജീബ് റഹ്മാൻ, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ജസീർ, സിറാജുദ്ദീൻ, ദിനേഷ് ഇരുപ്പക്കണ്ടൻ, സലീം പൂവത്തി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here