ചന്ദനം കടത്തിയ സംഭവത്തിൽ പ്രതികളെ കണ്ടെത്താനാവാതെ പൊലിസ്

0

കൊയിലാണ്ടിയിലെ കീഴരിയൂരിലെ മാവാട്ട് മലയിൽനിന്നു ചന്ദനം കടത്തിയ സംഭവത്തിൽ പ്രതികളെ കണ്ടെത്താനാവാതെ പൊലിസ്. മാവാട്ട് മലയിൽനിന്നു വ്യാപകമായി ചന്ദനത്തടികൾ വെട്ടിയെടുത്തു കടത്തുന്നതായി വ്യാപകമായ പരാതികൾ ഈ പ്രദേശത്തെ വീട്ടുകാർക്കും സ്ഥലമുടമകൾക്കുമുണ്ടെങ്കിലും അന്വേഷണം വേണ്ടത്ര കാര്യക്ഷമമല്ലാത്തതാണ് മോഷണം തുടർക്കഥയാവാൻ ഇടയാക്കുന്നത്.

പ്രദേശത്തുനിന്നു കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ ചെറുതും വലുതുമായ 75 ചന്ദനമരങ്ങളെങ്കിലും വെട്ടികടത്തിയിട്ടുണ്ടെന്നാണ് ഉടമകൾ പൊലിസിൽ നൽകിയ പരാതിയിൽ പറയുന്നത്. പ്രദേശവാസികളായ പള്ളിക്കൽ മീത്തൽ സലിം, ആതിര കല്ല്യാണി, മലയിൽ കുഞ്ഞിമാത എന്നീ സ്ഥലമുടമകളാണ് കൊയിലാണ്ടി പൊലിസിൽ പരാതി നൽകിയിരിക്കുന്നത്.

സംഭവത്തിൽ പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസിന് കീഴിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നതെന്നു കൊയിലാണ്ടി പൊലിസ് വ്യക്തമാക്കി. സ്റ്റേഷനിൽ ഇതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതി ഫോറസ്റ്റ് അധികൃതർക്ക് കൊയിലാണ്ടി പൊലിസ് കൈമാറുകയായിരുന്നു. ആൾപ്പാർപ്പില്ലാത്ത സ്ഥലങ്ങളിൽനിന്നാണ് കൂടുതലായും മരങ്ങൾ മുറിച്ചു കടത്തിയിരിക്കുന്നത്. റോഡരുകിലുള്ള മരങ്ങൾ അർധരാത്രിക്കുശേഷമാണ് മുറിച്ചു കടത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്. പറമ്പുകളുടെ അതിരിലുള്ള കാട്ടുപ്രദേശങ്ങളിൽനിന്നും റബ്ബർതോട്ടങ്ങളിൽ നിന്നുമെല്ലാം മരങ്ങൾ നഷ്ടമായിട്ടുണ്ട്. ഇവിടങ്ങളിലെ ഉൾഭാഗങ്ങളിൽനിന്നും കൂടുതൽ മരങ്ങൾ കടത്തിയിരിക്കാനും സാധ്യതയുണ്ട്.

Leave a Reply