നാളെ മുതല്‍ കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്‌ തുടക്കം

0

ബിര്‍മിങാം: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ അലയൊലികള്‍ അടങ്ങും മുമ്പ്‌ ലോകം മറ്റൊരു കായിക മാമാങ്കത്തിനു സാക്ഷിയാകുകയാണ്‌. ബ്രിട്ടനിലെ ബിര്‍മിങാം നാളെ മുതല്‍ രണ്ടാഴ്‌ചത്തേക്കു കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്‌ അരങ്ങാകും.
അലക്‌സാണ്ടര്‍ സ്‌റ്റേഡിയത്തില്‍ നാളെ നടക്കുന്ന ഉദ്‌ഘാടന ചടങ്ങുകളോടെ വാശിയേറിയ പോരാട്ടങ്ങള്‍ തുടങ്ങും. ക്രിക്കറ്റ്‌, ബാഡ്‌മിന്റണ്‍, ബോക്‌സിങ്‌ ഇനങ്ങളില്‍ മെഡല്‍ പ്രതീക്ഷയുമായാണ്‌ ഇന്ത്യയെത്തിയത്‌. വനിതാ ക്രിക്കറ്റില്‍ 29 നു നടക്കുന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടും. ട്വന്റി20 ഫോര്‍മാറ്റിലാണു മത്സരങ്ങള്‍. എഡ്‌ജ്ബാസ്‌റ്റണ്‍ ക്രിക്കറ്റ്‌ ഗ്രൗണ്ടിലാണു മത്സരങ്ങള്‍. വൈകിട്ട്‌ എട്ടു മുതലാണു മത്സരം. 24 വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷമാണു ക്രിക്കറ്റ്‌ കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്റെ ഭാഗമാകുന്നത്‌. 1998 ഗെയിംസിലായിരുന്നു അവസാനം ”ക്രിക്കറ്റ്‌ കളിച്ചത്‌”. ന്യൂസിലന്‍ഡില്‍ കഴിഞ്ഞ വര്‍ഷം നടന്ന ട്വന്റി20 ലോകകപ്പ്‌ ഫൈനലില്‍ ഇന്ത്യയെ ഓസ്‌ട്രേലിയ തോല്‍പ്പിച്ചിരുന്നു. ആകാംക്ഷയേറെ ഉണര്‍ത്തുന്ന ഇന്ത്യ – പാകിസ്‌താന്‍ മത്സരവും ഇവിടെ കാണാം. ഹോക്കിയിലും ഇന്ത്യന്‍ വനിതകളാണ്‌ ആദ്യം മത്സരിക്കുന്നത്‌. ഇന്ത്യയുടെ ആദ്യ എതിരാളി ഘാനയാണ്‌. 29 ന്‌ ഇന്ത്യന്‍ സമയം വൈകിട്ട്‌ 6.30 മുതലാണു മത്സരം.
അന്നു തന്നെ വൈകിട്ട്‌ 5.30 മുതല്‍ നടക്കുന്ന ലോണ്‍ ബോളില്‍ സുനില്‍ ബഹാദൂര്‍, ചന്ദന്‍ കുമാര്‍ സിങ്‌, നവനീത്‌ സിങ്‌, ദിനേഷ്‌ കുമാര്‍, മൃദുല്‍ ബോര്‍ഗോഹെയ്‌ന്‍, പിങ്കി, താനിയ ചൗധരി, രൂപാ റാണി ടിര്‍ക്കി, നയാന്‍ മോനി സൈകിയ, ലവ്‌ലി ദുബെ എന്നിവര്‍ മത്സരിക്കും. 6.30 മുതല്‍ നടക്കുന്ന പുരുഷ, വനിതാ ടേബിള്‍ ടെന്നീസ്‌ ടീം യോഗ്യതാ റൗണ്ടിലും ഇന്ത്യന്‍ താരങ്ങള്‍ മത്സരിക്കുന്നുണ്ട്‌. വനിതാ ടീമില്‍ മണിക ബത്ര, ശ്രീജ അകുല, റീത്‌ റിഷ്യ, ദിയ ചിതാലെയും പുരുഷ ടീമില്‍ അചന്ത ശരത്‌ കമാല്‍, ഗ്യാനശേഖരന്‍ സത്യന്‍, ഹര്‍മീത്‌ ദേശായി, സനില്‍ ഷെട്ടി എന്നിവരും മത്സരിക്കുന്നുണ്ട്‌. വൈകിട്ട്‌ 7.30 മുതല്‍ നീന്തല്‍ മത്സരങ്ങളാണ്‌. മലയാളി താരം സാജന്‍ പ്രകാശ്‌, ശ്രീഹരി നടരാജ്‌, കുഷാഗ്ര റാവത്‌ എന്നിവരാണ്‌ 29 നു മത്സരിക്കുന്നത്‌.
വനിതാ വിഭാഗം ട്രിയാത്‌ലണ്‍ ഫൈനല്‍ വൈകിട്ട്‌ എട്ട്‌ മുതലാണ്‌. സഞ്‌ജന ജോഷിയും പ്രാഗ്ന്യ മോഹനുമാണ്‌ ഇന്ത്യക്കു വേണ്ടി മത്സരിക്കുന്നത്‌. വൈകിട്ട്‌ ഒന്‍പത്‌ മുതല്‍ പുലര്‍ച്ചെ മൂന്ന്‌ വരെ ആറ്‌ ബോക്‌ങിസ്‌ ഒന്നാം റൗണ്ട്‌ ഇനങ്ങളുമുണ്ട്‌. ലൈറ്റവെല്‍റ്റര്‍ റൗണ്ടില്‍ ശിവ ഥാപ്പയും 75 കിലോ വിഭാഗത്തില്‍ സുമിത്‌ കുണ്ടുവും മത്സരിക്കും. രോഹിത്‌ തോകാസ്‌ (67 കിലോ), ആശിഷ്‌ ചൗധരി (75 കിലോ) എന്നിവരും മെഡല്‍ പ്രതീക്ഷയുമായി രംഗത്തുണ്ട്‌. വൈകിട്ട്‌ ഒന്‍പത്‌ മുതല്‍ സ്‌ക്വാഷ്‌ മത്സരങ്ങളാണ്‌. രമിത്‌ ടാന്‍ഡന്‍, സൗരവ്‌ ഘോശാല്‍, അഭയ്‌ സിങ്‌ എന്നിവരും വനിതകളില്‍ ജോഷ്വ ചിന്നപ്പ, അനാഹത്‌ സിങ്‌, സുനൈന കുരുവിള എന്നിവരും മത്സരിക്കും. രാത്രി 11 മുതല്‍ നടക്കുന്ന ബാഡ്‌മിന്റണ്‍ മിക്‌സഡ്‌ ടീം യോഗ്യതാ റൗണ്ടില്‍ ഇന്ത്യ പാകിസ്‌താനെ നേരിടും.

LEAVE A REPLY

Please enter your comment!
Please enter your name here