ആര്‍എസ്എസ് കാര്യാലയത്തിന് ബോംബെറിഞ്ഞ സംഭവം: രണ്ട് സിപിഎം പ്രവര്‍ത്തകര്‍ പിടിയിൽ

0

കണ്ണൂര്‍: പയ്യന്നൂരിലെ ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞ കേസിൽ രണ്ട് പേര്‍ അറസ്റ്റിലായി. സിപിഎം പ്രവര്‍ത്തകരായ പയ്യന്നൂര്‍ സ്വദേശി കശ്യപ് (23), പെരളം സ്വദേശി ഗനിൽ (25) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരേയും ഇന്ന് രാവിലെ ചോദ്യം ചെയ്യാൻ പൊലീസ് വിളിപ്പിച്ചിരുന്നു.

ജൂലൈ 12 ചൊവ്വാഴ്ച പുലർച്ചെ 1.30 ഓടെയാണ് പയ്യന്നൂരിലെ ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ബോംബേറുണ്ടായത്. സംഭവത്തിൽ പയ്യന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം നടത്തി വരികയായിരുന്നു. ആക്രമണത്തിന് പിന്നിൽ പിന്നിൽ സി പി എം ആണെന്ന് ആർ എസ്എസ് നേരത്തെ ആരോപിച്ചിരുന്നു.

ബോംബേറിൽ ആര്‍എസ്എസ് കാര്യാലയത്തിൻ്റെ ജനൽച്ചില്ലുകളും കസേരകളും തകർന്നു. മുൻവശത്തെ ഗ്രില്ലിലും വരാന്തയിലെ മേശയിലും പാടുകളുണ്ടായി. ഈ സമയം ഓഫീസിൽ 2 പേർ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഓഫീസിലെ സിസിടിവി ദൃശ്യങ്ങളിൽ ബോംബ് എറിയുന്ന ദൃശ്യങ്ങൾ പതിഞ്ഞെങ്കിലും എറിഞ്ഞവരുടെ മുഖം വ്യക്തമായിരുന്നില്ല.

‍പ്രതികളെ കണ്ടെത്താനായി പൊലീസും സ്വകാര്യ വ്യക്തികളും സ്ഥാപിച്ച എല്ലാ സി സി ടി വി ദൃശ്യങ്ങളും ശേഖരിച്ചു പരിശോധിച്ചിരുന്നു. രണ്ട് ബൈക്കുകളിലായി എത്തിയ സംഘം ആർ എസ് എസ് ഓഫീസിന് മുന്നിൽ വണ്ടി നിർത്തി ബോംബെറിയുകയായിരുന്നുവെന്നാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം പൊലീസ് അറിയിച്ചത്.

ആക്രമണത്തിന് പിന്നാലെ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്ത് നടത്തി പരിശോധന നടത്തിയിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകൾ പയ്യന്നൂരിൽ പ്രതിഷേധ പ്രകടനം നടത്തി. സി പി എം പ്രവർത്തകനായിരുന്ന ധനരാജ് രക്തസാക്ഷി ദിനാചരണവുമായി ബന്ധപ്പെട്ട് നഗരത്തിൽ പൊലീസ് സുരക്ഷ കർശനമാക്കിയതിനിടെയുണ്ടായ ആക്രമണം വൻ സുരക്ഷ വീഴ്ചയായാണ് വിലയിരുത്തപ്പെട്ടത്. ആക്രമണത്തിന് പിന്നാലെ പ്രദേശത്ത് പൊലീസ് നിരീക്ഷണം ശക്തിപ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here