അനധികൃത മരംമുറി: 2 വനംവകുപ്പ് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

0

അടിമാലി: കല്ലാര്‍വാലി എസ്‌റ്റേറ്റില്‍ അനധികൃതമായി മരങ്ങള്‍ വെട്ടിയ സംഭവത്തില്‍ രണ്ട് വനം വകുപ്പ് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. പള്ളിവാസല്‍ സെക്ഷനിലെ ഡെപ്യൂട്ടി റേഞ്ചര്‍ (ഗ്രേഡ്) പി.ടി. എല്‍ദോ, സെക്ഷന്‍ ഫോറസ്റ്റര്‍ (ഗ്രേഡ്) എ.ജി. രതീഷ് എന്നിവരെയാണ് െഹെറേഞ്ച് സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ജോര്‍ജി പി. മാത്തച്ചന്‍ സസ്‌പെന്‍ഡ് ചെയ്തത്.

മൂന്നാര്‍ ഡി.എഫ്.ഒ, ദേവികുളം റേഞ്ച് ഓഫീസര്‍ എന്നിവരുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി. ഇരുവര്‍ക്കും മരംമുറി വിഷയത്തില്‍ ഗുരുതര വീഴ്ച പറ്റിയതായി മൂന്നാര്‍ ഡി.എഫ്.ഒ. കണ്ടെത്തിയിരുന്നു. മരശിഖരം വന്‍തോതില്‍ മുറിച്ചുനീക്കിയത് അറിഞ്ഞിട്ടും ഇരുവരും മേലുദ്യോഗസ്ഥരെ അറിയിക്കാതെ വിവരം പൂഴ്ത്തിയെന്നാണ് പരാതി. 3500 ല്‍പരം മരങ്ങളുടെ ശിഖരങ്ങളാണ് മുറിച്ചത്. ഉണങ്ങിയ മരങ്ങള്‍ ചുവടെ വെട്ടിമാറ്റിയിട്ടുമുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ് മരംമുറി ആരംഭിച്ചത്.

300 ഏക്കറോളം വരുന്ന തോട്ടത്തില്‍ 148 ഏക്കറിലെ ശിഖരം മുറിക്കാനാണ് ആദ്യഘട്ടത്തില്‍ വനംവകുപ്പ് അനുമതി നല്‍കിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നതായും കൂടുതല്‍ പേര്‍ക്കെതിരേ നടപടി ഉണ്ടാകുമെന്നും സൂചനയുണ്ട്. അടിമാലി റേഞ്ച് ഓഫീസ് പരിധിയില്‍ നിരവധിയിടങ്ങളില്‍ അനധികൃത മരം മുറി നടന്നതായി പുതിയ പരാതികള്‍ ഉണ്ടായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here