സൗജന്യങ്ങളിലൂടെ വോട്ട് നേടുന്ന സംസ്കാരം രാജ്യത്തിന്റെ വികസനത്തിന് അപകടമാണെന്നും യുവജനങ്ങൾ ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി

0

ജലൗൺ (യു.പി): സൗജന്യങ്ങളിലൂടെ വോട്ട് നേടുന്ന സംസ്കാരം രാജ്യത്തിന്റെ വികസനത്തിന് അപകടമാണെന്നും യുവജനങ്ങൾ ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.14,850 കോടി രൂപ ചെലവിൽ നിർമിച്ച 296 കിലോമീറ്റർ നീളമുള്ള ബുന്ദേൽഖണ്ഡ് എക്‌സ്‌പ്രസ് വേ ഉദ്ഘാടനം ചെയ്ത ശേഷം സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മോദി.
രാജ്യത്തിന്റെ നിലവിലെ ആഗ്രഹങ്ങളുമായും മെച്ചപ്പെട്ട ഭാവിയുമായും ബന്ധമില്ലാത്ത ഒരു പ്രവൃത്തിയും ചെയ്യരുത്. ഓരോ തീരുമാനവും നയവും രാജ്യ വികസനം ത്വരിതപ്പെടുത്തുന്നതാകണം. പുതിയ ഇന്ത്യ വെല്ലുവിളി നേരിടുന്നുണ്ടെന്നും അത് ഇപ്പോൾ അവഗണിച്ചാൽ ഈ തലമുറക്ക് ദോഷകരമാകുമെന്നും മോദി പറഞ്ഞു. നമ്മുടെ നാട്ടിൽ ‘രേവാഡികൾ (മധുരപലഹാരം)’ വിതരണം ചെയ്ത് വോട്ട് പിടിക്കുന്ന സംസ്കാരം കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ഈ ‘രേവാഡികൾ’ രാജ്യ വികസനത്തിന് അത്യന്തം അപകടകരമാണ്. ഈ സംസ്കാരത്തിനെതിരെ രാജ്യത്തെ ജനങ്ങൾ, പ്രത്യേകിച്ച് യുവജനങ്ങൾ ജാഗ്രത പാലിക്കണം. തെരഞ്ഞെടുപ്പിന് മുമ്പ് സൗജന്യങ്ങൾ നൽകുന്ന പാർട്ടികളെ ലക്ഷ്യമിട്ടായിരുന്നു മോദിയുടെ പരാമർശം. അധികാരം പിടിക്കാൻ വിവിധ പാർട്ടികൾ വാഗ്‌ദാനം ചെയ്യുന്ന സൗജന്യങ്ങളെയാണ് ഉത്സവ വേളകളിൽ വിതരണം ചെയ്യുന്ന ഉത്തരേന്ത്യൻ മധുരപലഹാരമായ ‘രേവടി’യിലൂടെ പ്രധാനമന്ത്രി ഉദ്ദേശിച്ചത്.

ജലൗൺ ജില്ലയിലെ ഒറായ് തഹസിൽ കൈതേരി ഗ്രാമത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ പ്രാദേശിക ഷാളായ ‘ബുണ്ടേലി’ അണിയിച്ചാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മോദിയെ സ്വീകരിച്ചത്.എക്സ്പ്രസ് വേ നിർമാണത്തിന് 2020 ഫെബ്രുവരി 29ന് മോദിയാണ് തറക്കല്ലിട്ടത്. ഉത്തർപ്രദേശിലെ ഏഴ് ജില്ലകളിലൂടെ കടന്നുപോകുന്ന എക്‌സ്‌പ്രസ് വേ ചിത്രകൂടിൽ നിന്ന് ഡൽഹിയിലേക്കുള്ള സമയം 14ൽനിന്ന് ആറ് മണിക്കൂറായി കുറക്കും. ഇറ്റാവ, ഔറയ്യ, ജലൗൺ, ഹമീര്‍പൂര്‍, മഹോബ, ബാന്ദ, ചിത്രകൂട് തുടങ്ങിയ ജില്ലകളിലൂടെയാണ് പാത കടന്നുപോകുന്നത്. ഈ ജില്ലകളെ പരസ്പരം ബന്ധിപ്പിക്കുകയും അവയെ ആഗ്ര-ലഖ്‌നൗ എക്സ്പ്രസ് വേ, യമുന എക്സ്പ്രസ് വേ എന്നിവ വഴി ഡല്‍ഹി എൻ.സി.ആറുമായി ബന്ധിപ്പിക്കുകയും ചെയ്യുന്ന ഈ പാത മേഖലയിലെ വികസനത്തിനും കാരണമാകുമെന്നാണ് കണക്കുകൂട്ടൽ. അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പയിയുടെ സ്മരണാർഥം എക്സ്പ്രസ് വേക്ക് അടല്‍ പാത എന്ന പേരാണ് നല്‍കിയിരിക്കുന്നത്. 14 വലിയ പാലങ്ങളും 268 ചെറു പാലങ്ങളും 18 ഫ്‌ളൈ ഓവറുകളും 6 ടോള്‍ പാസകളും 7 റാമ്പ് പ്ലാസകളും 214 അണ്ടര്‍ പാസുകളുമുണ്ട്. 36 മാസമാണ് ലക്ഷ്യമിട്ടതെങ്കിലും 28 മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here