കേരള കോണ്‍ഗ്രസ്‌ വര്‍ക്കിങ്‌ പ്രസിഡന്റായി ഇനി താനില്ലെന്ന്‌ ടി.എം. ജേക്കബിന്റെ ഭാര്യ ഡെയ്‌സി ജേക്കബ്‌

0

കേരള കോണ്‍ഗ്രസ്‌ (ജേക്കബ്‌) വര്‍ക്കിങ്‌ പ്രസിഡന്റായി ഇനി താനില്ലെന്ന്‌ ടി.എം. ജേക്കബിന്റെ ഭാര്യ ഡെയ്‌സി ജേക്കബ്‌ നേതൃത്വത്തെ അറിയിച്ചു. ഒപ്പം പാര്‍ട്ടിയിലെ അസംതൃപ്‌തര്‍ ജേക്കബിന്റെ മകള്‍ അമ്പിളി ജേക്കബിനെ രംഗത്തിറക്കി ബദല്‍ സംഘടനയ്‌ക്കു നീക്കം തുടങ്ങി. ഇതിനിടെ, എറണാകുളം ജില്ലയില്‍നിന്നടക്കം പ്രവര്‍ത്തകരില്‍ പലരും പാര്‍ട്ടി ബന്ധം ഉപേക്ഷിക്കാനുള്ള നീക്കത്തില്‍.
മറ്റു പല പാര്‍ട്ടികളും തെരഞ്ഞെടുപ്പില്‍ നിഷ്‌പ്രഭരായപ്പോഴും അനൂപ്‌ ജേക്കബിന്‌ വിജയിച്ചുവരാനായത്‌ യു.ഡി.എഫില്‍ തന്നെ മതിപ്പുണ്ടാക്കിയിരുന്നു. അതിനിടയിലാണ്‌ പാര്‍ട്ടിക്കുള്ളില്‍നിന്നു പ്രശ്‌നങ്ങള്‍ തലപൊക്കി തുടങ്ങിയത്‌. എറണാകുളം ജില്ലയിലെ ചില പ്രശ്‌നങ്ങളാണ്‌ ആദ്യം തലപൊക്കിയത്‌.
അതിന്റെ തുടര്‍ച്ചയാണ്‌ ഇപ്പോള്‍. ആരോഗ്യപരമായ കാരണങ്ങളാല്‍ സ്‌ഥാനത്ത്‌ തുടരാനാകില്ലെന്ന്‌ അറിയിച്ചാണ്‌ ഡെയ്‌സി ജേക്കബ്‌ ആദ്യം മാറിനിന്നത്‌. ഈ കാരണം പറഞ്ഞു കുറേക്കാലമായി പാര്‍ട്ടിപരിപാടികളിലും പങ്കെടുത്തില്ല. ഭാരവാഹികളെ തെരഞ്ഞെടുത്ത യോഗത്തില്‍നിന്നുള്‍പ്പെടെ വിട്ടുനിന്നിട്ടും വര്‍ക്കിങ്‌ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കുകയായിരുന്നു. പിറവം നിയോജകമണ്ഡലത്തിലെ നഗരസഭാ മുന്‍ വൈസ്‌ ചെയര്‍പഴ്‌സണ്‍ അയിഷാ മാധവന്‍, എറണാകുളം ജില്ലയിലെ മുതിര്‍ന്ന നേതാവായ കെ.ജി. പുരുഷോത്തമന്‍, പാര്‍ട്ടി ജനറല്‍ സെക്രട്ടറി വി.എസ്‌് മനോജ്‌കുമാര്‍ എന്നിവരുള്‍പ്പെടെ ഒരു വിഭാഗം പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുകയാണ്‌. ടി.എം. ജേക്കബ്‌ ഫോറം എന്ന പേരില്‍ സംഘടന രൂപീകരിച്ചു സമാന്തരപ്രവര്‍ത്തനവും തുടങ്ങി. ജേക്കബിന്റെ മകള്‍ അമ്പിളിയെ ഒപ്പം നിര്‍ത്തി ശക്‌തമായി മുന്നോട്ടുപോകാനാണ്‌ ഇവരുടെ നീക്കം.
അതിനിടെ, വി.എസ്‌. മനോജ്‌കുമാറിന്റെ നേതൃത്വത്തില്‍ ജോസ്‌ കെ. മാണി നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസി(എം)ലേക്ക്‌ പോകാനുള്ള നീക്കവും നടത്തുന്നുണ്ട്‌. യു.ഡി.എഫിന്റെ പിന്തുണ പൂര്‍ണമായും അനൂപ്‌ ജേക്കബിനാണ്‌. മുന്നണിയുടെ എം.എല്‍.എ എന്ന നിലയില്‍ യു.ഡി.എഫ്‌ അദ്ദേഹത്തിന്‌ മുന്തിയ പരിഗണന നല്‍കുമെന്ന്‌ മുന്നണി വൃത്തങ്ങളും വ്യക്‌തമാക്കി.
ഇതിനിടയില്‍ യൂത്ത്‌ ഫ്രണ്ട്‌ (ജേക്കബ്‌ ) തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ ജോണി മലയത്തിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പാര്‍ട്ടിയുടെ പ്രാഥമികാംഗത്വം ഉപേക്ഷിച്ചു. ഭാരവാഹികളായ അനീഷ്‌ എം ജി, കമല്‍രാജ്‌ .എന്‍, അനൂപ്‌ മുളയറ, വിപിന്‍ദാസ്‌, അതുല്‍ മോഹന്‍, രാജേഷ്‌ മലയിന്‍കീഴ്‌, സുഭാഷ്‌ തുടങ്ങി 20 നിയോജകമണ്ഡലം, മണ്ഡലം ഭാരവാഹികളാണ്‌ യൂത്ത്‌ ഫ്രണ്ടില്‍ നിന്നും കേരളാ കോണ്‍ഗ്രസിന്റെ (ജേക്കബ്‌) പ്രാഥമിക അംഗത്വത്തില്‍നിന്നു രാജിവച്ചത്‌.

LEAVE A REPLY

Please enter your comment!
Please enter your name here