സോളാര്‍ കേസ്‌ പ്രതിയുടെ പരാതിയില്‍ പി.സി. ജോര്‍ജിനെ അറസ്‌റ്റ്‌ ചെയ്‌തതു സുപ്രീം കോടതി മാനദണ്ഡങ്ങള്‍ പാലിക്കാതെയെന്നു മജിസ്‌ട്രേറ്റ്‌ കോടതി

0

തിരുവനന്തപുരം: സോളാര്‍ കേസ്‌ പ്രതിയുടെ പരാതിയില്‍ പി.സി. ജോര്‍ജിനെ അറസ്‌റ്റ്‌ ചെയ്‌തതു സുപ്രീം കോടതി മാനദണ്ഡങ്ങള്‍ പാലിക്കാതെയെന്നു മജിസ്‌ട്രേറ്റ്‌ കോടതി. കഴിഞ്ഞ മൂന്നിനു പ്രതിക്കു ജാമ്യം നല്‍കിയ ഉത്തരവിലാണ്‌ തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്‌റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ അഭിനിമോള്‍ രാജേന്ദ്രന്‍ പോലീസിന്റെ കൃത്യവിലോപങ്ങള്‍ അക്കമിട്ടു നിരത്തിയത്‌.
പരാതി നല്‍കാന്‍ അഞ്ചു മാസം വൈകിയതിനു യാതൊരു വിശദീകരണവുമില്ലെന്നും കഴിഞ്ഞ ഫെബ്രുവരി 10 നു നടന്നതായി ആരോപിക്കുന്ന മാനഭംഗശ്രമത്തിനു പരാതി നല്‍കിയത്‌ ഈ മാസം രണ്ടിന്‌ ഉച്ചയ്‌ക്ക്‌ 12.40 നാണെന്നും കോടതി വ്യക്‌തമാക്കി.
മറ്റൊരു കേസില്‍ മൊഴിയെടുക്കാന്‍ വിളിപ്പിച്ചശേഷം ഈ കേസില്‍ ഉടന്‍ അറസ്‌റ്റ്‌ നടന്നതില്‍ ദുരൂഹതയുണ്ട്‌. പരാതിക്കാരി നിയമനടപടികള്‍ അറിയാവുന്ന വ്യക്‌തിയാണെന്ന്‌ അവരുടെ മുന്‍കാല ചരിത്രം ചൂണ്ടിക്കാട്ടുന്നു.
പൊതുപ്രവര്‍ത്തകനും മുന്‍ എം.എല്‍.എയുമായ പ്രതിയെ ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ്‌ 41 (ഡി) പ്രകാരമുള്ള നോട്ടീസ്‌ നല്‍കി വിളിപ്പിച്ച്‌ ചോദ്യംചെയ്‌തശേഷം അനേ്വഷണ ഉദ്യോഗസ്‌ഥനു ബോധ്യപ്പെട്ടാല്‍മാത്രമേ അറസ്‌റ്റ്‌ പാടുള്ളൂ.
ഇവിടെ അത്തരത്തില്‍ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. അറസ്‌റ്റ്‌ സംബന്ധിച്ച സുപ്രീം കോടതിയുടെ ഒരു മാര്‍ഗനിര്‍ദ്ദേശവും പോലീസ്‌ പാലിച്ചിട്ടില്ല. നടപടിക്രമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ്‌ പോലീസ്‌ നിയമനടപടികളെ ദുരുപയോഗം ചെയ്‌തത്‌- ജാമ്യ ഉത്തരവില്‍ കോടതി വ്യക്‌തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here